PRAVASI

നിമ്മീ റോസ് ദാസിന്, “ഫിലഡൽഫിയ അവാർഡ്”

Blog Image

ഫിലഡൽഫിയ: പുകളറിഞ്ഞ നർത്തകിയും “ നൃത്തവർഷണി അവാഡ്” ജേ താവുമായ    നിമ്മീ റോസ് ദാസ്സിനെ, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ സംഘടിപ്പിച്ച "ഓണാഘോഷ-കേരളോത്സവ” വേദിയിൽ,  “ഫിലഡൽഫിയാ മാപ് എക്സലൻസ് അവാഡ്" സമ്മാനിച്ച് ആദരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ദേശീയ അംഗീകാരമുള്ള “നയാ ആൻഡാസ്” ( Naya Andaz)  ഉൾപ്പെടെ, നിരവധി  അവാഡുകൾ നേടിയിട്ടുണ്ട് നിമ്മീ റോസ് ദാസ്. “ഹൃദയങ്ങൾക്കും ആത്മാവിനും ഉത്ക്കർഷം പകരുന്ന നൃത്താവിഷ്ക്കാരങ്ങൾ, മികച്ച സാംസ്കാരിക ഉത്സവങ്ങങ്ങളിലും വേദികളിലും അവതരിപ്പിച്ച്, പൊതു നന്മ സാദ്ധ്യമാക്കിയ, അതുല്യ കലാകാരിയാണ് നിമ്മി റോസ് ദാസ്” എന്ന  മുദ്രണമാണ് അവാഡു നിർണ്ണയത്തിന്നാധാരമെന്ന്,  ഗ്രേറ്റർ ഫിലഡൽഫിയാ മലയാളി അസ്സോസിയേഷൻ അവാഡു സമിതി പ്രസ്താവിച്ചു. “ഇന്ത്യയിലുടനീളവും, അന്തർദേശീയ രംഗങ്ങളിലും, ലോകപ്രശസ്തമായ ന്യൂയോർക് കാർണഗീ ഹാളിലും,  വാഷിംഗ്ടൺ ഡി.സിയിൽ നടന്ന “ലോക സാംസ്കാരിക ഉത്സവം 2023”ലും,  നിമ്മീ റോസ് ദാസ് നർത്തനമാടി. 
അദ്ധ്യാപിക എന്ന നിലയിൽ, നിമ്മി അസംഖ്യം വിദ്യാർത്ഥികളുടെ മാർഗദർശിയാണ്. നഴ്‌സ് ലീഡറായും അദ്ധ്യാപികയായും നേഴ്സ് അഡ്‌മിനിസ്ട്റേറ്ററായും പ്രവർത്തിക്കുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ചിത്ര രചനയിലും പെയ്ൻ്റിങ്ങിലും മികവു പുലർത്തുന്ന ചിത്രകാരിയെന്ന നിലയിലും പ്രശസ്തയാണ്. ഫിലഡൽഫിയയിലെ പേരെടുത്ത യൂണിവേഴ്സിറ്റിയിലെ നേഴ്സ് എഡ്യൂക്കേറ്ററും   പ്രശസ്ത  ഹോസ്പിറ്റലിൽ നേഴ്സ് മാനേജരുമാണ് നിമ്മീ  റോസ് ദാസ്”.
നിമ്മീ  റോസ് ദാസ്, 1991-ൽ യൂണിവേഴ്സിറ്റി “കലാതിലകം” ആയിരുന്നു. കൊച്ചിൻ കോളജിൽ, കോളജ് യൂണിയൻ  ആർട് വിഭാഗം സെക്രട്ടറിയായിരുന്നു. എറണാകുളം മാഹാരാജാസ് കോളജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും,  ഫിലഡൽഫിയയിലെ കോളജുകളിൽ നിന്ന് ഒക്ക്യൂപ്പേഷണൽ തെറപ്പിയിൽ ബിരുദവും നേഴ്‌സിങ്ങിൽ മാസ്റ്റേഴ്സും നേടി. 
1998ൽ രൂപം കൊണ്ട  “ഭരതം ഡാൻസ് അക്കാദമി”യുടെ സ്ഥാപക യും ഡയറക്ടറുമാണ് നിമ്മി ദാസ്. 28 വർഷമായി ഫിലഡൽഫിയയിൽ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, എന്നീ നൃത്തകലകളെയും, മലയാളം- ഹിന്ദി ഭാഷകളെയും, ഗാന-സംഗീത-യോഗ വിദ്യകളെയും ഭരതം ഡാൻസ് അക്കാദമിയിൽ പഠിപ്പിക്കുന്നു. നൃത്ത വിദ്യാദാനത്തിലൂടെ,  വിവിധ  ഇന്ത്യൻ ഭാഷകളുടെയും, സംസ്കാര രീതികളുടെയും പാഠങ്ങൾ, അനേകം വിദ്യാർഥിനീ വിദ്യാർഥികൾക്ക് പകർന്നു നൽകുന്നു. “ഭരതം ഡാൻസ് അക്കാദമി”,  വർഷം തോറും ഡാൻസ് പ്രോഗ്രാമുകളിലൂടെ ജീവകാരുണ്യ നിധി സമാഹരിച്ച്, ക്യാൻസർ രോഗികളുടെ ചികിത്സയ്ക്ക്,  പ്രത്യേകിച്ച് ഇന്ത്യയിൽ,  ധനസഹായം എത്തിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്തമായ കാണഗീ ഹാളിൽ ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള മോഹിനിയാട്ടം ഡാൻസ് എപ്പിസോഡ് അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നിമ്മീ റോസ് ദാസിൻ്റെ ഭരതം ഡാൻസ് അക്കാഡമിയിൽ പുരോഗമിക്കുന്നൂ. ഭരതം ഡാൻസ് അക്കാഡമിയുടെ രജത ജൂബിലി ആഘോഷത്തിൽ സമാഹരിച്ച  തുക, വയനാട്ടിലെ ഉരുൾ ദുരിതമനുഭവിക്കുന്ന അശരണർക്ക് നൽകിയിരുന്നു.
പ്രശസ്ത നർത്തക ദമ്പതികളായ സുരേന്ദ്രനാഥിന്റെയും, വിജയ ലക്ഷ്മി സുരേന്ദ്രനാഥിന്റെയും ശിക്ഷണത്തിലാണ് നിമ്മീ റോസ് ദാസ്,  ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ക്ളാസിക്കൽ നൃത്ത കലകളിൽ പ്രാവീണ്യം നേടിയത്. ഐ റ്റി പ്രൊഫഷണൽ നെഡ് ദാസ് (ഭർത്താവ്), നർത്തകിയും ഗായികയുമായ  നൈനാ ദാസ് (മകൾ).
"മാപ്പ് ഓണം-കേരളോത്സവം'25"; " അരങ്ങിൽ തെയ്യം തൊട്ടു തിരുവാതിര വരെ" എന്ന കലാ വിരുന്നുകൊണ്ട് കേരള കലാരൂപങ്ങളുടെ രംഗതരംഗമൊരുക്കി ശ്രദ്ധേയമായ വേദിയിലായിരുന്നൂ അവാഡു ദാനം നടന്നത്, എന്നത്,  നിമ്മീ റോസ് ദാസിനു സമ്മാനിച്ച ആദരഫലകത്തിന്, “ഭരതം” എന്ന വാക്കിൻ്റെ മൂല കാരണങ്ങളായ, ഭാവ, രാഗ, താള വ്യാപ്തിയേകി. 
ബെൻസൺ വർഗീസ് പണിക്കർ (മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ പ്രസിഡൻ്റ്), ലിജോ ജോർജ് (ജനറൽ സെക്രട്ടറി), ജോസഫ് കുരുവിള ( ട്രഷറാർ), ശ്രീജിത്ത് കോമത്ത് (പ്രോഗ്രാം ചെയർ), കൊച്ചുമോൻ വയലത്ത് (വി പി), എൽദോ ചവർഗീസ് ( സെക്രട്ടറി), ജെയിംസ് പീറ്റർ ( അക്കൗണ്ടൻ്റ്), അനു സ്കറിയാ, ബിനു ജോസഫ്, ഷാലൂ പുന്നൂസ്, തോമസ് ചാണ്ടി (ബോർഡ് ഓഫ് ട്രസ്റ്റീസ്), അഷിതാ ശ്രീജിത്ത് (ആട്സ്),സന്തോഷ് ഫിലിപ് (സ്പോട്സ്),സജി വർഗീസ് (യൂത്ത്), റോജിഷ് സാം സാമുവേൽ( പബ്ളിസിറ്റി ആൻ്റ് പബ്ളിക്കേഷൻ), ഫെയ്ത്ത് മരിയാ എൽദോ (എഡ്യൂക്കേഷൻ ആൻ്റ് ഐടി), ഫിലിപ് ജോൺ (മാപ് ഐ സിസി), ലിബിൻ പി കുര്യൻ (ചാരിറ്റി ആൻ്റ് കമ്മ്യൂണിറ്റി), ജോൺസൺ മത്യൂ (ലൈബ്രറി), ജോൺ സാമുവേൽ (ഫണ്ട് റൈസിങ്), അലക്സ് അലക്സാണ്ഡർ (മെംബർഷിപ്),ദീപാ തോമസ് (വിമൻസ് ഫോറം),  ഏലിയാസ് പോൾ, ദീപൂ ചെറിയാൻ, ജോർജ് എം കുഞ്ചാണ്ടി, ജോർജ് മാത്യൂ, ലിസി ബി തോമസ്, മാത്യൂ ജോർജ്, രാജൂ ജി സശങ്കരത്തിൽ, റോയ് വർഗീസ്, സാബൂ സ്കറിയാ, ഷാജി സാമുവേൽ, സോബി ഇട്ടി, സോയാ നായർ, സ്റ്റാൻലി ജോൺ, തോമസ്കുട്ടി വർഗീസ്, വിൻസൻ്റ് ഇമ്മാനുവേൽ ( എക്സിക്യൂട്ടിവ് കമ്മറ്റി മെംബേഴ്സ്) എന്നിവരാണ്, "മാപ്പ് ഓണം-കേരളോത്സവം'25"; ഗംഭീരമാക്കുന്നതിന്, സമർത്ഥമായ" നേതൃത്വം നൽകിയത്. 

Nimmy Rose Das 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.