PRAVASI

വാഷിങ്ടണിൽ കേരളത്തനിമ നിറച്ച് ‘ഓണം വൈബ്സ് 2026’; താരമായി ‘വാഷിങ്ടൺ ഗജരാജൻ’

Blog Image

വിർജീനിയ: കേരളത്തിന്റെ ഓണപ്പെരുമയും കലാ-സാംസ്കാരിക പൈതൃകവും അമേരിക്കൻ മണ്ണിൽ പുനരാവിഷ്കരിച്ച് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൺ (KCSMW) സംഘടിപ്പിച്ച ‘ഓണം വൈബ്സ് 2026’ ശ്രദ്ധേയമായി. സെപ്റ്റംബർ 5-ന് നോർത്തേൺ വിർജീനിയയിൽ നടന്ന ആഘോഷത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.

മുഖ്യ  സ്പോൺസർ സലിൽ ശങ്കരൻ, KCS പ്രസിഡന്റ് ഷെല്ലി പ്രഭാകരൻ, പ്രഥമ വനിത ബീന ഷെല്ലി,  സെക്രട്ടറി ലേഖ നായർ, , എന്റർടെയ്ൻമെന്റ് ചെയർ സുജിത് കുമാർ,  എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ രുചികൊണ്ട് മാത്രമല്ല, സ്നേഹപൂർവവും സൗഹൃദപരവുമായ വിളമ്പൽ കൊണ്ടും അതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. സംഗീതം, ഗാനങ്ങൾ, നൃത്തങ്ങൾ, ഫാഷൻ ഷോ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികൾ  ആഘോഷത്തിന് നിറപ്പകിട്ടേകി. മെഗാ തിരുവാതിരയും കാണികളുടെ മനംകവർന്നു. അടുത്തിടെ ഫൊക്കാന കൺവെൻഷന്റെ ഭാഗമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിച്ച വാഷിങ്ടണിലെ  മോഹിനിയാട്ട കലാകാരികളുടെ പ്രത്യേക അവതരണം പരിപാടിയുടെ ശ്രദ്ധേയ ഇനങ്ങളിലൊന്നായി.

ശിങ്കാരിമേളം, പുലികളി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പുറത്ത് ഗ്രൗണ്ടിൽ അരങ്ങേറിയ, തൃപ്പൂണിത്തുറ അത്തച്ചമയത്തെ അനുസ്മരിപ്പിച്ച പ്രൗഢമായ ഓണം ഘോഷയാത്ര വിർജീനിയയിൽ കേരളത്തിലെ ഓണക്കാഴ്ചകളുടെ പ്രതീതി സൃഷ്ടിച്ചു. മോട്ടോർസൈക്കിളുകളുടെയും സ്പോർട്സ് കാറുകളുടെയും അകമ്പടിയോടെ, ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ഊർജസ്വലമായി നൃത്തച്ചുവടുകൾ വച്ച് നീങ്ങിയ മാവേലി ഓണം ഘോഷയാത്രയ്ക്ക് വേറിട്ട ആവേശവും വർണപ്പകിട്ടും പകർന്നു.

ഘോഷയാത്ര ഓഡിറ്റോറിയത്തിനുള്ളിലെ ബിഗ് സ്ക്രീനിൽ തത്സമയം സംപ്രേഷണം ചെയ്തതോടെ, അകത്തിരുന്ന കാണികൾക്കും ഘോഷയാത്രയുടെ ആവേശവും വർണപ്പകിട്ടും നേരിട്ട് ആസ്വദിക്കാനായി. വാശിയേറിയ വടംവലി മത്സരവും കാണികളെ ആവേശത്തിലാക്കി. വിജയികൾക്ക് ട്രോഫിക്കൊപ്പം കേരളീയ ശൈലിയിൽ പഴക്കുല സമ്മാനിച്ചതും കൗതുകമായി.
പരമ്പരാഗത അത്തപ്പൂക്കള മത്സരത്തിന് വേറിട്ടൊരു രൂപം നൽകി സംഘടിപ്പിച്ച ‘ഉരുളി ഡെക്കർ’ മത്സരവും ഇത്തവണത്തെ പുതുമയായി. പൂക്കളും കേരളീയ അലങ്കാരവസ്തുക്കളും ഉപയോഗിച്ച് മനോഹരമായി ഒരുക്കിയ ഉരുളികൾ ശ്രദ്ധ നേടി. കുരുത്തോല കൊണ്ട് ഒരുക്കിയ പന്തൽ ആഘോഷവേദിക്ക് നാട്ടിൻപുറത്തിന്റെ ഓണച്ചന്തം പകർന്നു.

താരമായി ‘വാഷിങ്ടൺ ഗജരാജൻ’

ഇത്തവണത്തെ ഓണാഘോഷത്തിലെ ഏറ്റവും വലിയ കൗതുകവും ജനശ്രദ്ധ നേടിയ ആകർഷണവും ‘വാഷിങ്ടൺ ഗജരാജൻ’ ആയിരുന്നു. യഥാർഥ ആനയുടെ രൂപഭാവങ്ങൾ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ കൃത്രിമ ഗജരാജനെ കാണാനും ചിത്രങ്ങളെടുക്കാനും കുട്ടികളും മുതിർന്നവരും ഒരുപോലെ തിരക്കുകൂട്ടി.

ആഘോഷത്തിന്റെ സമാപനത്തിൽ നടന്ന ഡിജെ ആഘോഷത്തിനിടെ ജനക്കൂട്ടത്തിനൊപ്പം ‘വാഷിങ്ടൺ ഗജരാജനും’ നൃത്തച്ചുവടുകളുമായി ചേർന്നതോടെ ആവേശം പാരമ്യത്തിലെത്തി. കേരളത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷശൈലിയും ഒരേ വേദിയിൽ കോർത്തിണക്കിയ ‘ഓണം വൈബ്സ് 2026’, വാഷിങ്ടൺ മേഖലയിലെ മലയാളികൾക്ക് വേറിട്ട ഓണാനുഭവമായി.

പരിപാടികളുടെ മൊത്തത്തിലുള്ള ഏകോപനം എന്റർടെയ്ൻമെന്റ് ടീം അംഗങ്ങളായ സുജിത് കുമാർ, ശ്രീകാന്ത് ശശീന്ദ്രൻ, അനില വിശ്വംഭരൻ, ദീപ സൂരജ്, ഗ്രീഷ്മ രാജൻ, ബിന്ദു രാജീവ് എന്നിവർ നിർവഹിച്ചു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.