PRAVASI

ഓറൽ ക്യാൻസറിൽ ഞെട്ടിക്കുന്ന കണക്കുമായി ലേക്‌ഷോർ; വായിൽ ക്യാൻസർ ബാധിച്ച കേസുകളിൽ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരിൽ

Blog Image

വായിൽ ക്യാൻസർ ബാധിച്ച കേസുകളിൽ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരിൽ. പത്തുവർഷത്തിനിടെ വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്തുവിട്ടത്. കാരണം വ്യക്തമായി നിർണയിക്കാമായിരുന്ന അവസ്ഥയിൽ നിന്നുള്ള ഈ മാറ്റം പുതിയ പ്രവണതയാണ്. അതുകൊണ്ട് തന്നെ ഇത് ആശങ്ക ഉണ്ടാക്കുന്നതാണ് എന്ന് ലേക്‌ഷോർ ആശുപത്രി, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി.ജോസഫ് പറഞ്ഞു.

2014 ജൂലൈ മുതൽ 2024 ജൂലൈ വരെ ഇവിടെ ചികിത്സ തേടിയ 515 രോഗികളിൽ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. ഇവരിൽ ഏതെങ്കിലും വിധമുള്ള അഡിക്ഷൻ (ലഹരി ആസക്തി) ഉണ്ടായിരുന്നവരിൽ ഏറിയ പങ്കും മുൻപ് പുകയില ചവയ്ക്കുന്ന ശീലമുള്ളവരായിരുന്നു. പകുതിയോളം പേർക്ക് പുകവലി ശീലവും മറ്റുള്ളവർ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഈ രോഗികളിൽ 45.3% പേർക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.

ആകെ രോഗികളിൽ 57% പേരും മുൻപ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61% കേസുകൾ നാവിലെ ക്യാൻസറുകളും 19% കേസുകൾ ബക്കൽ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ 3% കേസുകൾ വായയുടെ അടിഭാഗത്തും 3% താഴത്തെ ആൽവിയോളസിലും ഒരു ശതമാനം മുകളിലെ ആൽവിയോളസിലുമാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ പരിശോധനക്ക് വിധേയമായവർക്ക് ചികിത്സ കൂടുതൽ ഫലപ്രദമായിട്ടുണ്ട്.


“മുൻപ് മിക്കവാറും എല്ലാ ഓറൽ ക്യാൻസർ കേസുകളും പുകയില ഉപയോഗത്തിലൂടെ ആയിരുന്നു. ഇപ്പോൾ സ്ഥിതി വളരെയധികം മാറി. രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്ത ആളാണ്. ഇത് ഞെട്ടിക്കുന്നതാണ്” -ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.ഷോൺ പറഞ്ഞു. “വർദ്ധിച്ചുവരുന്ന ഓറൽ ക്യാൻസറിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ വിപുലമായ ഗവേഷണം വേണം. അതിന് തുടക്കം കുറിച്ചിട്ടുണ്ട്” -വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

“നിങ്ങളുടെ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാം. വായിൽ ഉണ്ടാകുന്ന അൾസർ രണ്ടാഴ്ച കൊണ്ട് മാറുന്നില്ലെങ്കിൽ ഉടൻ ഡോക്ടറെ സന്ദർശിക്കണം. വായിൽ ചുവപ്പോ വെള്ളയോ പാടുകൾ കാണപ്പെടുക, അല്ലെങ്കിൽ തലയിലും കഴുത്തിലും അസാധാരണമായ മുഴകൾ ഉണ്ടാകുക, ഇവയും ഓറൽ ക്യാൻസറിൻ്റെ ലക്ഷണങ്ങളാകാം” -ഡോ.ഷോൺ ചൂണ്ടിക്കാട്ടി. ലേക്ഷോർ സിഇഒ ജയേഷ് വി നായർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനിൽകുമാർ ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.