PRAVASI

ഒരു കൂടിക്കാഴ്ച്ചയുടെ ഓർമ്മയ്ക്കായ്

Blog Image

ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചുപോയ ഒരു യാത്രയായിരുന്നു അത്.. 
മഴക്കാലം.. എന്നിട്ടും, അന്ന് മാത്രം മഴ പെയ്തില്ല.. എന്റെ യാത്രയ്ക്ക് തടസ്സമൊന്നും ഉണ്ടാവരുതെന്ന് കരുതി, പ്രകൃതി നല്കിയ അനുഗ്രഹമാവാം..
ലക്ഷ്യത്തിലെത്താനുള്ള വ്യഗ്രതയും, ആകാംക്ഷയും, ഉത്സാഹവുമെല്ലാമുണ്ടെങ്കിലും, അതിനെല്ലാമുപരി, മടക്കയാത്രയെക്കുറിച്ചുള്ള ആകുലതയായിരുന്നു മനസ്സിൽ.. പിന്നിലുപേക്ഷിക്കേണ്ടിവരുന്നത് ചിലപ്പോൾ സ്വന്തം മനസ്സുതന്നെയാവുമെന്ന ബോദ്ധ്യമുള്ളതുകൊണ്ടാവാം.. 
അസുലഭ നിമിഷങ്ങൾ സമ്മാനിച്ചത്, ചിരകാലമായുള്ള ഒരു ആഗ്രഹത്തിന്റെ സാക്ഷാത്‌കാരമായിരുന്നു.. ഓർമ്മവെച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞൊരു നിഴലിന്, രൂപം കൈവരുകയായിരുന്നു..
അതിനാലാവാം, മണിക്കൂറുകൾ വെറും നിമിഷങ്ങൾപോലെ തോന്നിയത്..
മഴ പെയ്യാതിരുന്നിട്ടുകൂടി, മനസ്സിൽ ഒരു പേമാരി പെയ്യുകയായിരുന്നു.. ആയിരം മഴവില്ലുകൾ ഒന്നിച്ച് വിരിയുകയായിരുന്നു.. ഹൃദയമിടിപ്പുകൾ കുതിച്ചുപായുകയായിരുന്നു.. ഞാൻ വെറുമൊരു മഞ്ഞുകണമായി, ആ നിമിഷത്തിൽ അലിഞ്ഞുപോയെങ്കിലെന്ന് കൊതിച്ചു.. 
ആ ദിവസം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.. പക്ഷേ, ചില പ്രാർത്ഥനകൾ ദൈവത്തിനുപോലും സാധിച്ചുതരാനാവില്ല.. പിരിയാതെ വയ്യല്ലോ!
സുന്ദരമായൊരു കൂടിക്കാഴ്ചയെ മാറോടടുക്കി, സ്നേഹത്തിന്റെയും, സ്വപ്നങ്ങളുടെയും ഏഴുനിറങ്ങൾപകർന്ന്, ഒരു ജീവിതകാലംമുഴുവൻ താലോലിക്കാൻ മനസ്സിൽ സൂക്ഷിച്ചുവെച്ചു മടങ്ങുമ്പോൾ, എന്റെ വിരലുകളിൽ കൂട്ടിപ്പിണഞ്ഞ നിന്റെ വിരലുകൾ അഴിഞ്ഞുപോയതിന്റെ വേദനയാണ് നെഞ്ചിൽ വിങ്ങലായത്..
ഒരു നോട്ടംകൊണ്ടുള്ള നിന്റെ യാത്രപറച്ചിലിൽ അടങ്ങിയിരുന്നതെന്താണ്? വിറയാർന്ന കൈകൾകൊണ്ട് നീ തെല്ലൊന്നമർത്തി, പിടിവിടുമ്പോൾ, ഇനിയൊരിക്കലും കാണില്ലേയെന്ന ചോദ്യം എന്റെ കണ്ണുകളിൽ നിഴലിച്ചിരുന്നത് നീ കണ്ടിരുന്നോ? നീയും അതുതന്നെ ചോദിച്ചിരുന്നോ?
എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിയിരുന്നെങ്കിൽ, എന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്ന നിന്നെത്തന്നെ നീ കണ്ടേന്നെ.. 
നിന്റെ കണ്ണുകൾ, ഞാൻ കാഴ്ചയിൽനിന്ന് മറയുന്നതുവരെ നോക്കിനിന്നത്, എന്നെന്നും ഓർത്തുവെക്കാനായി, ഹൃദയത്തിലേക്ക് എന്റെ ചിത്രം പകർത്താനായിരുന്നോ? അങ്ങനെ കരുതി ഞാൻ ആശ്വസിക്കട്ടെ!
ഒരൊറ്റ കൂടിക്കാഴ്ചയിൽ ഒരു ജന്മത്തിന്റെ സന്തോഷം നിറഞ്ഞിട്ടും, മടക്കയാത്രയിലെന്തേ, നഷ്ടബോധത്താൽ എന്റെ മനംനൊന്തു?
പിറകിലുപേക്ഷിച്ചത് നിന്നെയല്ലല്ലോ, എന്നെത്തന്നെയല്ലേ.. !
വേർപാടിന്റെ വേദനയാൽ എന്റെ ഹൃദയം തകരുന്നത് കണ്ടിട്ടാവാം, പ്രകൃതിയും നിയന്ത്രണംവിട്ട്, ഒരു പ്രളയംതന്നെ വിതച്ചത്..
അതിലെന്റെ കണ്ണീരും, സ്വപ്നങ്ങളുമെല്ലാം ഒലിച്ചുപോയതും നീ അറിഞ്ഞിരിക്കില്ല.. 
എങ്കിലും, ഒന്നുണ്ട്.. എന്നെത്തന്നെ നഷ്ടപ്പെട്ടിട്ടും, നിന്നിലേക്കുള്ള എന്റെ ജീവിതയാത്ര ഒരിക്കലും അവസാനിക്കില്ലെന്ന് ബോദ്ധ്യമായതും ആ ഒരു യാത്രയിലാണ്..
നിന്നിൽ തുടങ്ങി, നിന്നിൽ ഒടുക്കം!

കവിത മേനോൻ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.