അന്ന്, പതിവു പോലെ ഞാൻ ജോലിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് കയറിവന്നപ്പോൾ വർക്ക് ഫ്രം ഹോം ( വീട്ടിലിരുന്ന് പണി) ചെയ്യുന്ന കണവനെ കണ്ടു.. ഇന്നു വെള്ളിയാഴ്ചയല്ലേ ചേട്ടാ, നമുക്ക് റെസ്‌റ്റോറന്റിൽ പോയി ഡിന്നർ കഴിച്ചാലോ എന്ന് ഞാൻ എന്റെ ജീവിതപങ്കാളിയോട് ഒരു ചോദ്യം അങ്ങട് ചോദിച്ചു.. അങ്ങനെ കൊണ്ടു പോകും എന്ന് വലിയ പ്രതീക്ഷ ഒന്നും എനിക്കില്ലായിരുന്നു. പതിവു പോലെ "ഈ തണുത്ത് വിറച്ചിരിക്കുന്ന കാലാവസ്ഥയിൽ ( വിന്റർ) ആരാ വെളിയിൽ കറങ്ങാൻ പോകുന്നേ, നമുക്ക് വീട്ടിൽ ഇരിക്കാം " എന്ന മറുപടി ആണു സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, പോകാം എന്ന് പെട്ടെന്ന് ഉത്തരം പറഞ്ഞപ്പോൾ ആദ്യം തമാശിക്കുവാണോ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷെ വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോൾ
" പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ലേ "എന്ന ചൂടൻ
മറുപടി കിട്ടി. അപ്പോൾ ആണു തമാശിച്ചതല്ല സീരിയസ്സാണെന്ന് പിടി കിട്ടിയത്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ട് കുടുക്കാകുട്ടികളെ പാലു കുടിപ്പിച്ച്, കുളിപ്പിച്ച് ഒരുക്കി ഉടുപ്പുമിടുവിച്ച് കളിക്കാൻ വിട്ടിട്ട് ഞാനും ഒരുങ്ങാൻ പോയി റെഡിയായി വന്നു. ഒരുക്കത്തിനു ശേഷം ഏതു റസ്റ്റോറന്റിൽ പോകണം എന്ന അഗാധമായ ആലോചന തുടങ്ങി. ആലോചിച്ചിരിക്കുന്നതല്ലാതെ മറുപടിയൊന്നും പെട്ടെന്ന് കിട്ടാഞ്ഞപ്പോൾ "എവിടെ, ഏതു ?റെസ്റ്റോറന്റിൽ ആ പോകേണ്ടതെന്നു ഒന്ന് പെട്ടെന്ന് പറയാമോ" ഭർത്താവിന്റെ ഭാഗത്ത് നിന്നും കടുപ്പിച്ച് ചോദ്യമുയർന്നു. പണ്ടേ നമ്മൾ( പൊതുവേ)
മല്ലൂസ് ഒരു ചോദ്യത്തിനു പല അഭിപ്രായങ്ങൾ
കുറഞ്ഞ സെക്കന്റിൽ
പറയാൻ മിടുക്കരായതു കൊണ്ട് ഒലീവ് ഗാർഡൻ, ചിപ്പോട്ടിൽ, ബർഗ്ഗർക്കിംങ്, യുണോ എന്നിങ്ങനെ പലപേരുകൾ ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു. ചർച്ചകൾക്കൊടുവിൽ അന്തിമതീരുമാനമെന്നോണം"ഒസാക്കാ" തെരഞ്ഞെടുത്തു. ഒസാക്ക എന്നു കേട്ടതും ഞാൻ നിർത്താതെ ചിരി തുടങ്ങി. ഇതു കണ്ടു നിന്ന പിള്ളാർ എന്നെ ഒരു നോട്ടം നോക്കിയിട്ട് " വൈ ആർ യു ലാഫിങ് " എന്നൊരു ചോദ്യം ചോദിച്ചു. അതു ന്യൂജൻ പിള്ളാരല്ലേ, അവർക്കെന്തറിയാം എന്നു ഉള്ളിൽ പറഞ്ഞുകൊണ്ട് പിന്നെ ഞാൻ കെട്ടിയോന്റെ മുഖത്തേക്ക് ഒന്നു നോക്കി. ആണുങ്ങളു പണ്ടേ അടക്കിചിരിക്കാൻ വിരുതർ ആണല്ലോ എന്നു വിചാരിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദാണ്ടെ അദ്‌ദേഹവും ഇരുന്നു ചിരിക്കുന്നു.ഇനിയിതു വായിച്ചിട്ട് "ഇതെന്താ ഇത്രയും ചിരിക്കാൻ മാത്രം" എന്നോർത്ത് തല പുകച്ച് നിങ്ങളും ചിരിക്കണ്ട. അതിനു പിന്നിലെ കഥ ദാ ഇത്രയേ ഉള്ളൂ.
ഭർത്താവിനു ഐടി പ്രൊഫഷൻ ജോലി ആയതുകൊണ്ട് ജോലി ആവശ്യങ്ങൾക്കായി പലപ്പോഴും ദീർഘയാത്രകൾ പോകേണ്ടതായി വരാറുണ്ട്. ജോലി ആവശ്യങ്ങൾക്ക് പോകുമ്പോൾ ഉള്ള യാത്രാച്ചെലവും ഭക്ഷണവും പാർപ്പിടവും കമ്പനിചെലവിലാണു. യാത്ര കഴിഞ്ഞു വന്ന് കണക്കുവിവരങ്ങൾ അടങ്ങിയ റെസീപ്റ്റ് കൊടുത്താൽ മതി. അതിന്റെ റെസീപ്റ്റ് കൊടുത്താൽ കൈയിൽ നിന്നും ഇത്യാദി ആവശ്യങ്ങൾക്ക് മുടക്കിയ പണം തിരിച്ചു കിട്ടും.
അങ്ങനെ ഒരിക്കൽ ജോലി ആവശ്യത്തിനായ് പുള്ളി ഞായറാഴ്ച ചിക്കാഗോക്ക് പോയി. ആ വ്യാഴാഴ്ച വൈകിട്ട് അങ്ങനെ ചിക്കാഗോയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി അന്നത്തെ അത്താഴഭക്ഷണം വീട്ടിൽ വന്ന് ഓർഡർ ചെയ്യാം എന്ന് ഭർത്താവ് തീരുമാനിച്ചു. അത് ഫോൺ വിളിച്ചു എന്നോട് പറയുമ്പോൾ, റിലാക്സ് മൂഡിൽ കട്ടിലിൽ മടി പിടിച്ചിരുന്ന എനിക്ക് ആശ്വാസം നൽകി. "ഇന്നിനി ഒന്നും കുക്ക് ചെയ്യണ്ടല്ലോ" എന്ന ആശ്വാസം ..തുടർന്ന് ആഹാരം വീട്ടിലിരുന്നു ഓർഡർ ചെയ്യുന്നതിനായ് അടുക്കളയിലെ ഡ്രായറിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന റെസ്റ്റോറന്റ് മെനു ലിസ്റ്റ് എടുത്തിട്ട് കണ്ണോട്ടം ആരംഭിച്ചു. അവസാനം ആ ആഴ്ചയിലെ തപാൽപ്പെട്ടിയിൽ മറ്റ് കത്തുകൾക്കൊപ്പം വന്ന് മറഞ്ഞു കിടന്ന ഒരു റെസ്റ്റോറന്റ് പരസ്യപേപ്പർ കണ്ണിൽപ്പെട്ടു. അതു കൈയിലെടുത്തു ഫോൺ നമ്പർ ഡയൽ ചെയ്ത് ഗമയിൽ ആഹാരം ഓർഡർ ചെയ്തു. ഞാൻ റ്റിവി ചാനലിലേക്ക് വീണ്ടും നോക്കിയിരുപ്പു തുടങ്ങി.
മണിക്കൂറുകൾ ഓടാൻ ഒരുങ്ങുന്നു. അരമണിക്കൂർ കഴിഞ്ഞു ഫോൺലൈനിൽക്കൂടി ഓർഡർ ചെയ്ത ആഹാരം വാങ്ങാൻ ഭർത്താവ് അവിടെ ചെന്നപ്പോൾ ആണു കാര്യം മനസ്സിലായത്. ഞങ്ങൾവിളിച്ച് പറഞ്ഞ ഓർഡർ അവരുടെ പിക്കപ്പ് ലിസ്റ്റിൽ ഇല്ലത്രേ. ഉടൻ തന്നെ ഭർത്താവ് വീട്ടിലേക്ക് വിളിച്ചു. അവിടുത്തെ സംഭവങ്ങൾ എല്ലാം എന്നോട് ചുരുക്കിപ്പറഞ്ഞു. എന്തൊക്കെ ഓർഡർച്ചെയ്യണം എന്ന നീണ്ടലിസ്റ്റ് ഞാൻ അദ്ദേഹത്തിനു വീണ്ടും പറഞ്ഞു കൊടുത്തു. പറഞ്ഞതൊക്കെ കെട്ടിയോൻ അപ്പോൾ തന്നെ ഓർഡർ ചെയ്തു. സംസാരിച്ച് ഞാൻ സെൽഫോൺ താഴെ വെച്ചതും വീട്ടിലെ ലാന്റ് ഫോൺ ർണീം ർണ്ണീം എന്നു ചിലച്ചു അടിക്കാൻ തുടങ്ങി. സ്ക്രീനിൽ നോക്കിയപ്പോഴോ " ഒസാക്കി" എന്ന പേരു.ഫുഡ് പിക്കപ്പ് ചെയ്യാൻ പോയ കെട്ടിയോനും, തുരു തുരെ അടിച്ചുകൊണ്ടിരിക്കുന്ന ഫോണും കൂടി മൊത്തത്തിൽ എന്നെ കുഴപ്പിച്ചു. പിന്നെയും ഫോൺ അടിച്ചു. പക്ഷേ കൺഫ്യൂഷൻ അടിച്ചിരുന്ന ഞാൻ "ഒസാക്കി" എന്ന കാൾ കാണുമ്പോൾ എടുക്കാതെ ഇരുന്നു. കുറെക്കഴിഞ്ഞ് ആഹാരമൊക്കെ വാങ്ങി വീട്ടിലേക്ക് വന്നു കയറിയ ഭർത്താവ് കേട്ടതോ അടിച്ചുകൊണ്ടിരിക്കുന്ന ഫോണും. ചാടിക്കയറി കെട്ടിയോൻ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങിയപ്പോളാണു പറ്റിയ അമളി സത്യത്തിൽ ഞങ്ങൾക്ക് രണ്ടാൾക്കും മനസ്സിലായത്.ഭർത്താവ് ഫോൺ കട്ട് ചെയ്ത് വെച്ചതും ഞാൻ വീട്ടിൽ നിന്നും ഓർഡർ ചെയ്ത മെനു പരസ്യക്കാർഡ് എടുത്തു ഓട്ടപാച്ചിൽ നടത്തി. അപ്പോളാണു പേരിന്റെ സ്ഥലത്ത് " ഒസാക്കി" എന്നതു കണ്ടതു. "ഒസാക്കി"യിൽ വിളിച്ചു ഫൂഡ് ഓർഡർ ചെയ്തിട്ടു "ഒസാക്ക "യിൽ പോയി ഫുഡ് വാങ്ങി വന്ന പണ്ടത്തെ അബദ്ധം ഓർത്താണു ഈ ചിരിക്കുന്നതെന്നു ആ കഥയെക്കുറിച്ച് ഏക്കും പൂക്കും അറിയാത്ത കൊച്ചുങ്ങൾക്കുണ്ടോ മനസ്സിലാവണു..
എന്തായാലും ഒരു വള്ളി അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ ഉണ്ടാകുന്ന ഈ അബദ്ദം, ജീവിതതിൽ കൂടുതൽ പ്രശ്‌നങ്ങൾ ആയി മാറാതെയിരിക്കാൻ എല്ലാരും ശ്രധിക്കണം ട്ടോ എന്ന് മാത്രേ ഉള്ളൂ ഈ അനുഭവകുറിപ്പിൽ കൂടി പറയാനുള്ളൂ. ഓർമ്മയിൽ സുക്ഷിക്കാൻ ഈ ഒരു കുറിപ്പിലേക്ക് എത്തിച്ച എന്റെ ഒസാക്കാ..!!
.jpeg)
സോയാ നായർ ഫിലഡെൽഫിയ

