PRAVASI

പി ശശിയെ പി വിജയൻ പൂട്ടുമോ

Blog Image

പിണറായി വിജയൻ്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് എതിരെയും പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഈ അന്വേഷണം സത്യസന്ധമായി നടന്നാൽ പി ശശി പെടാൻ എല്ലാ സാധ്യതയും ഉണ്ട്.

പിണറായി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന കാലത്ത് പി ശശിയാണ് പൊലീസിനെ ആകെ ഭരിച്ചിരുന്നത്. ഈ ഭരണത്തിന് എതിരെ വലിയ വിമർശനങ്ങളാണ് സി.പി.എമ്മിന് അകത്ത് തന്നെ വ്യാപകമായി ഉയർന്നിരുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ പി ശശിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സമാന്തര ഭരണം നടക്കുന്നതായും വലിയ ആക്ഷേപം ഉയർന്നിരുന്നു.

അതിനെ സാധൂകരിക്കുന്ന വിവരങ്ങളുമായാണ് പി ശശിക്കും അദ്ദേഹത്തിൻ്റെ മകനും എതിരെ ചെന്നൈയിലെ വ്യവസായിയായ മുഹമ്മദ് ഷർഷാദ് പരാതി നൽകിയിരുന്നത്. ഈ പരാതിയിലാണ് നിലവിൽ യുഡിഎഫ് സർക്കാർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ അന്വേഷണമെന്നാണ് സൂചന.

കൊച്ചിസിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യവസായിയുടെ പരാതി അന്വേഷിക്കുന്നത്. സെപ്തംബർ 5ന് രാത്രി കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും പരാതിക്കാരനെ വിളിച്ച് വരുത്തിയതായാണ് ലഭിക്കുന്ന സൂചന.

ഷർഷാദ് നൽകിയ പരാതിയിൽ, പി ശശിക്കും മകനും പുറമെ, പാർട്ടി സെക്രട്ടറിയുടെ മകനും ബ്രിട്ടനിലെ വിവാദ വ്യവസായിയും എതിർ കക്ഷികളാണ്. ഇവരുടെ ഗൂഢാലോചനയിൽ കള്ളകേസിൽ കുടുക്കി പൊലീസ് ജയിലിലടച്ചു എന്നാണ് പറയുന്നത്. ഇതിനു പുറമെ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് ഈ സംഘം നടത്തിയ ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങളും പരാതിയിലുണ്ട്. മൊഴികൾ രേഖപ്പെടുത്തിയ ശേഷം എഫ് ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

കൊച്ചി പനമ്പള്ളി നഗറിലെ ഓഫീസിൽ ശശിയും മകനും നടത്തിയ സകല ഇടപാടുകളും അന്വേഷിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്നാണ് ഷർഷാദ് പറയുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന സമയത്തുള്ള പി ശശിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും , ഈ സാഹചര്യത്തിലാണ്.

പി ശശിക്ക് എതിരായ മുഹമ്മദ് ഷർഷാദിൻ്റെ പരാതി, പൊലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനിലെ വിശദമായ പരിശോധനകൾക്ക് ശേഷമാണ്, സംസ്ഥാന പൊലീസ് മേധാവിയും അഡ്‌മിനിസ്ട്രേഷൻ ഐജിയും ഇടപെട്ട് അന്വേഷണം കൊച്ചി കമ്മീഷണറേറ്റിലേക്ക് കൈമാറിയിരിക്കുന്നത്. സ്വാഭാവികമായും, ഈ കേസിലെ അന്വേഷണത്തിൻ്റെ സകല നീക്കങ്ങളും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനും ഇനി മുതൽ മോണിറ്റർ ചെയ്യും.

പി വിജയനെ സംബന്ധിച്ച് , ഇത് മധുരമായ ഒരു പ്രതികാരത്തിനുള്ള അവസരം കൂടിയാണ്.

തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോർന്നതിൻ്റെ കാരണം ചൂണ്ടിക്കാട്ടി, ഈ പി ശശിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെകെ രാഗേഷും ഇടപെട്ടാണ്, ഐജി ആയിരിക്കെ പി വിജയനെ സസ്പെൻ്റ് ചെയ്യിപ്പിച്ചിരുന്നത്. ഈ നടപടി ഐപിഎസുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിനും കാരണമായിരുന്നു.

ഐജിക്ക് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരിൽ എടുത്ത നടപടി പൊലീസ് സേനയെ സംബന്ധിച്ച് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല.

എലത്തൂർ ആക്രമണമുണ്ടായതിന് പിന്നാലെ, തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ വിജയനും കോഴിക്കോട്ടെത്തിയിരുന്നു. എന്നാൽ, പി വിജയൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം ഒഴിവാക്കാനായി, അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ പി ശശി ഇടപെട്ട് നിയോഗിക്കുകയാണ് ഉണ്ടായത്. എടിഎസ് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു എഡിജിപി അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നത് എന്നതും, എടുത്ത് പറയേണ്ട കാര്യമാണ്.

തീവ്രവാദ മോഡൽ ഒരാക്രമണം ഉണ്ടായാൽ, അത് നേരിടാനും, അന്വേഷിക്കാനുമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്ന് വിളിക്കുന്ന എടിഎസ് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ പൊളിറ്റിക്കൽ സെക്രട്ടറിയും പൊലീസിലെ ചില ഉന്നതരും ചേർന്നു നടത്തിയ നീക്കത്തിൻ്റെ ഭാഗമായാണ് , അന്വേഷണ ചുമതല പി വിജയന് കൊടുക്കാതിരുന്നത് എന്നതും , പറയാതിരിക്കാൻ കഴിയുകയില്ല.

എഡിജിപി അന്വേഷണം തുടങ്ങിയ ശേഷവും, ഈ കേസിൻ്റെ ഏകോപനത്തെ ചൊല്ലി എഡിജിപിയും ഐജിയും തമ്മിൽ തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിയെ കൊണ്ടുവന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയിരുന്നത്. , ഈ സംഭവം ആയുധമാക്കിയാണ് പി വിജയനെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തിരുന്നത്.

കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ , മാനേജിംഗ് ഡയറക്ടറായി പി. വിജയൻ പ്രവർത്തിച്ചിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സെക്രട്ടറി ആയിരുന്ന കെകെ രാഗേഷുമായും അദ്ദേഹം ഉടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. രാഗേഷിൻ്റെ ധാർഷ്ട്യത്തിന് ഈ ഐപിഎസ് ഓഫീസർ നിന്നു കൊടുത്തില്ല എന്നതാണ്, രാഗേഷിൻ്റെ അതൃപ്തിക്ക് കാരണമായിരുന്നത്. ഈ രണ്ട് സംഭവങ്ങളിലെയും പ്രതികാര നടപടിയായാണ്, പി വിജയൻ്റെ സസ്പെൻഷനെ, ഡിപ്പാർട്ട് മെൻ്റും വിലയിരുത്തുന്നത്.

സസ്പെൻഷൻ കാലയളവിലും പലവട്ടം പി വിജയൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. ഒടുവിൽ അദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുക്കേണ്ട ഘട്ടം വന്നപ്പോൾ, നിവൃത്തിയില്ലാതെയാണ് സംസ്ഥാന ഇൻ്റലിജൻസ് മേധാവി ആയി നിയമിച്ചിരുന്നത്.

‘പി വിജയൻ്റെ ഇൻ്റലിജൻസ് ഒന്നും തങ്ങൾ മുഖവിലക്കെടുക്കാറില്ലന്ന് ” വലിയ ധാർഷ്‌ട്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ ആ കാലയളവിൽ പ്രതികരിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി നേതാക്കളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നു പോലും അകറ്റിയിരുന്നതും, സി എം ഓഫീസിലെ ഇത്തരക്കാരാണ്.

ഈ ഒരു പശ്ചാത്തലം കൂടി പരിശോധിക്കുമ്പോൾ, പൊലീസിനെ ഭരിച്ച് നടന്ന പി ശശിയെ മുൾമുനയിൽ നിർത്താനുള്ള അവസരമാണ് പി വിജയന് ഇനി ലഭിക്കാൻ പോകുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയിൽ, സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലെയും ഉദ്ദ്യോഗസ്ഥ സംവിധാനത്തിൻ്റെ നിയന്ത്രണമാണ് ഇപ്പോൾ പി വിജയന് ഉള്ളത്. അതു കൊണ്ട് തന്നെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും എല്ലാം , അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം മാത്രമാണ് പ്രവർത്തിക്കാൻ കഴിയുക.

ഞാൻ പറഞ്ഞു വരുന്നത്, മുൻ പൊളിറ്റിക്കൽ സെക്രട്ടറി എന്ന ഒരു ആനുകൂല്യവും തൽക്കാലം പി ശശിക്ക് ഈ കേസിൽ ലഭിക്കാൻ സാധ്യതയില്ല. പിണറായി ഭരണകാലത്ത് പൊലീസിനെ അടക്കി ഭരിച്ചവൻ , പൊലീസിന് മുന്നിൽ അടങ്ങി നിൽക്കേണ്ടി വരുന്ന കാഴ്ച എന്തായാലും , വല്ലാത്ത ഒരു കാഴ്ച തന്നെ ആയിരിക്കും.

മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ, പി ശശിക്കും സംഘത്തിനും എതിരായ തെളിവുകൾ ലഭിച്ചാൽ, തീർച്ചയായും ശശി അകത്താകും.

ഇടതുപക്ഷത്തിൻ്റെ ദയനീയ തോൽവിക്ക് പ്രധാന കാരണം, പി ശശിയുടെ തെറ്റായ പൊലീസ് ഭരണമാണെന്ന വിലയിരുത്തൽ സി.പി.എം അണികൾക്ക് തന്നെ ഉള്ളതിനാൽ, പൊലീസ് പിടിമുറുക്കിയാൽ, പാർട്ടി പ്രവർത്തകരുടെ സപ്പോർട്ട് പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ ശശിക്ക് ലഭിക്കാൻ എന്തായാലും സാധ്യതയില്ല.

മാത്രമല്ല, കോഴിക്കോട് നടക്കാൻ പോകുന്ന വിശാല പാർട്ടി സംസ്ഥാന കമ്മറ്റിയിൽ, പി ശശിയുടെ പിണറായി ഭരണത്തിലെ ഇടപെടലുകൾക്ക് എതിരെ, പ്രതിനിധികൾ ആഞ്ഞടിക്കുമെന്നതും, എന്തായാലും ഉറപ്പാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.