PRAVASI

പണ്ടത്തെ സിനിമാ വാർത്തകൾ

Blog Image

പണ്ടൊക്കെ നാനയും വെള്ളിനക്ഷത്രവും ഒക്കെ മാത്രമായിരുന്നു സിനിമാ വാർത്തകൾ അറിയാനുള്ള മാർഗ്ഗങ്ങൾ.
അതു കൊണ്ട് തന്നെ എല്ലാ ആഴ്ചയിലും ചലച്ചിത്ര വാരികകൾ പുറത്തിറങ്ങുന്ന ദിവസം നോക്കി കൃത്യമായി ചെന്ന് വാങ്ങിക്കൊണ്ടു വരുമായിരുന്നു.ചിന്നക്കട ക്ലോക്ക് ടവറിൻ്റെ ഭാഗത്തായി രണ്ടു മൂന്നു കടകളുണ്ടായിരുന്നു.അവിടെ ഇങ്ങനെ നാനയും വെള്ളിനക്ഷത്രവും ഒക്കെ നിരനിരയായി അടുക്കി വച്ചിരിക്കുന്നതു കാണുന്നതു തന്നെ ഒരു സന്തോഷമായിരുന്നു.
ഇത് വാങ്ങിക്കൊണ്ടു വന്നാൽ ഒറ്റയിരിപ്പിനു തന്നെ വായിച്ചു തീർക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ.നാനയിലെ ലൊക്കേഷൻ വിവരണമൊക്കെ നല്ല രസമാണ്.
അവിടെ ഒരു ഭാഗത്ത് നടന്മാരെല്ലാവരും കൂടി തമാശ പറഞ്ഞിരിക്കുന്നു.
അതിലൊരു നടൻ ആ തമാശ പറഞ്ഞു അതു കേട്ട് മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
സംവിധായകൻ അടുത്ത ഷോട്ട് എങ്ങനെ വേണമെന്ന ചിന്തയിലായിരുന്നു.
അപ്പൊഴാണ് നായകനായ ആ നടൻ അവിടേക്ക് കടന്നു വരുന്നത്.
വെള്ളയിൽ കറുത്ത പുള്ളിയുള്ള ഹാഫ് കൈ ഷർട്ടും നീല ജീൻസും ആയിരുന്നു അദ്ദേഹത്തിൻ്റെ വേഷം.
ആ വേഷത്തിൽ അദ്ദേഹം കൂടുതൽ സുന്ദരനായി കാണപ്പെട്ടു 
അപ്പൊഴേക്കും അസിസ്റ്റൻ്റ് ഡയറക്ടർ വന്ന് ഷോട്ട് റെഡി എന്ന് അറിയിച്ചു.
ഞങ്ങളോട് ഇപ്പൊ വരാമെന്നു പറഞ്ഞ് നായകൻ അടുത്ത ഷോട്ടിലേക്ക് പോയി.നിമിഷ നേരം കൊണ്ട് കഥാപാത്രമായുള്ള അദ്ദേഹത്തിൻ്റെ പരകായ പ്രവേശം കണ്ട് ഞങ്ങൾ അത്ഭുത പരതന്ത്രരായി.
---------------
ഇങ്ങനെയൊക്കെയായിരിക്കും നറേഷൻ'.
അതു പോലെ പുതിയ സിനിമകളുടെ ആദ്യത്തെ വാർത്ത വരുന്നത് വെള്ളിനക്ഷത്രത്തിൻ്റെ അവസാന പേജുകളിലായിരിക്കും.
വെള്ളിനക്ഷത്രത്തിൽ തന്നെ ബോക്സോഫീസ് റിപ്പോർട്ടുകളും വരാറുണ്ടായിരുന്നു.
നമ്മുടെ ഇഷ്ട താരത്തിൻ്റെ പടത്തിൻ്റെ കളക്ഷനെങ്ങാനും ഡൗണാണെന്നറിഞ്ഞാൽ പിന്നെ ആ ആഴ്ച മുഴുവൻ ടെൻഷൻ തന്നെയായിരിക്കും.
വായനക്കാരുടെ കത്തുകളിൽ പടത്തെ പറ്റിയുള്ള അഭിപ്രായങ്ങളൊക്കെ വരും.
ആ പംക്തിയിൽ സ്ഥിരമായി കത്തുകളെഴുതുന്ന ടീമുകൾ വരെ ഉണ്ടായിരുന്നു.
അങ്ങനെ എത്രയെത്ര ഓർമ്മകൾ'
പിന്നീട് ഓർക്കൂട്ടും, ഫേസ്ബുക്കും ഒക്കെ വന്നതോടുകൂടി സിനിമകളുടെ പ്രമോഷണൽ രീതി തന്നെ മാറി മറിഞ്ഞു.
ഒരു സിനിമയുടെ വിജയത്തിന് സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് ഞാൻ ആദ്യമായി കണ്ടത് സാൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലാണ് .
ഈ വാരികകൾ വാങ്ങുന്ന ശീലം എപ്പൊഴാണ് അവസാനിച്ചതെന്ന് ഓർമ്മയില്ല.എന്തായാലും കോവിഡിനു ശേഷം സിനിമാ വാരികകൾ കടകളുടെയൊക്കെ മുന്നിൽ സ്ഥാനം പിടിക്കുന്നതൊക്കെ ഗണ്യമായി കുറഞ്ഞുവെന്ന് തോന്നുന്നു.സിനിമാ മാസികകൾ (ഇപ്പാെ വാരിക അല്ലെന്നു തോന്നുന്നു) കടകളിൽ നിന്ന് വാങ്ങുന്ന ശീലം കുറഞ്ഞു പോയെങ്കിലും മാഗ്സ്റ്ററിലൂടെയും മറ്റും ഞാൻ ഇപ്പൊഴും ഫോളോ ചെയ്യാറുണ്ട്.
ഇന്നലെ അവിചാരിതമായി പാലക്കാട്ടെ ഒരു കടയിൽ നാന കണ്ടപ്പോൾ ഈ പഴയ ഓർമ്മകളൊക്കെ ഇങ്ങു കടന്നു വന്നു. 
അപ്പൊ തന്നെ ഒരെണ്ണം വാങ്ങുകയും ചെയ്തു.

മഹേഷ് ഗോപാൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.