PRAVASI

വാവിട്ട വാക്കുകളും പ്രവര്‍ത്തികളും പി സി ജോർജിനെ പിണറായി കൂട്ടിലടയ്ക്കുമോ

Blog Image

30 വര്‍ഷത്തോളം ജനപ്രതിനിധിയായ ആള്‍ നടത്തേണ്ട പരാമര്‍ശമല്ല പിസി ജോര്‍ജില്‍ നിന്നുണ്ടായത് എന്ന് പറഞ്ഞാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജോര്‍ജിന്റെ ഇതുവരെയുള്ള പൊളിറ്റിക്കല്‍ കരിയര്‍ നോക്കിയാല്‍ മുഴുവന്‍ ഇത്തരം വാവിട്ട വാക്കുകളും പ്രവര്‍ത്തികളും നിറഞ്ഞതാണ്. ഇതിനിടയില്‍ പാര്‍ട്ടി മാറി, മുന്നണി മാറി മുന്നോട്ടു പോയി. ഒടുവില്‍ എങ്ങുനിന്നും പിന്തുണയില്ലാതെയും പൂഞ്ഞാറില്‍ നിന്ന് ഒരുതവണ നിയമസഭയില്‍ എത്തി. അതിനെല്ലാം കൈമെയ് മറന്ന് ഒപ്പം നിന്നവരെ ഒടുക്കം പിണക്കി. അതോടെ പൂഞ്ഞാറും കൈവിട്ടു. പിന്നെ കണ്ടത് ഗതികെട്ട് ബിജെപി പാളയത്തില്‍ ചെന്നുകയറിയ ജോര്‍ജിനെയാണ്. അവിടെയും ഗതിയില്ലാതെ നില്‍ക്കെയാണ് ഈ അവസാനകാലത്ത് കാരാഗൃഹവാസം ഒരുങ്ങുന്നത്.


ബിജെപി അംഗത്വം എടുക്കും മുന്‍പേ പുറത്തെടുത്തതാണ് ന്യൂനപക്ഷവിരുദ്ധ നിലപാട്. ബിജെപിയില്‍ എത്തിയതോടെ അത് രൂക്ഷമായി കടുത്ത മുസ്ലിം വിരുദ്ധനെന്ന പ്രതിഛായ തന്നെ എടുത്തണിഞ്ഞു. ഇതിന് കൃസംഘികളുടെ അകമഴിഞ്ഞ പിന്തുണയും കിട്ടിയതോടെ പൂര്‍വാധികം ഉഷാറായി. ഇതിന്റെ ബാക്കിപത്രമായിരുന്നു 2022ല്‍ കിട്ടിയ ഒറ്റ ദിവസത്തെ ജയില്‍വാസം. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ വിദ്വേഷ പ്രസംഗക്കേസിലായിരുന്നു ഇത്. ന്നാല്‍ ജോര്‍ജ് അവിടെ നിന്നൊന്നും പഠിച്ചില്ല. ജനുവരിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വീണ്ടും മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രി ശക്തമായ ഒരു തീരുമാനം എടുത്താല്‍ വീണ്ടും അകത്താകും. ബിജെപി പാളയത്തിലുള്ള ജോര്‍ജിനെതിരെ മുഖ്യമന്ത്രി ആ നീക്കം നടത്തുമോയെന്ന് ഉടനറിയാം. അതോ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം കൊടുക്കുമോ എന്നാണ് രാഷ്ട്രിയ കേരളവലും നിയമവൃത്തങ്ങളും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി കൊടുത്ത മാസപ്പടി ഇടപാട് പൊക്കിയെടുത്തതും വിവിധ കോടതികളില്‍ കേസിനെ സജീവമാക്കി നിലനിര്‍ത്തുന്നതും പിസി ജോര്‍ജിന്റെ മകനായ ഷോണ്‍ ജോര്‍ജാണ്.

കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ നീക്കങ്ങളും അതുപോലെ വെറുപ്പിച്ച ആരോപണങ്ങളും ജോര്‍ജില്‍ നിന്നുണ്ടായിട്ടുണ്ട്. ഇതില്‍ പല നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളും ഉണ്ട്. മൂന്ന് മന്ത്രിമാരാണ് ജോര്‍ജിന്റെ നീക്കത്തില്‍ രാജിവയ്ക്കേണ്ടി വന്നത്. പിജെ ജോസഫ്, ടിയു കുരുവിള, കെബി ഗണേഷ് കുമാര്‍. ഇവരെയെല്ലാം രാജിവയ്പ്പിക്കാന്‍ ജോര്‍ജ് പോരാടിയത് അതേ മുന്നണിയില്‍ നിന്നുകൊണ്ടാണ് എന്നതാണ് കൌതുകം. കേഡര്‍ പാര്‍ട്ടി എന്ന ഇരുമ്പ് മറയുണ്ടെന്ന് അവകാശപ്പെടുന്ന സിപിഎമ്മില്‍ നിന്നും ഒരു എംഎല്‍എയെ ചാടിച്ച് കോണ്‍ഗ്രസിനൊപ്പം നിര്‍ത്തിയതിന് പിന്നിലും ജോര്‍ജായിരുന്നു. ഇന്നുവരെ ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്ത ഒരു നീക്കമായിരുന്നു നെയ്യാറ്റിന്‍കര എംഎല്‍എയായിരുന്ന ശെല്‍വരാജിനെ ചാടിച്ചത്.

ലൈംഗിക ആരോപണങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം അത്തരമൊരു ആരോപണം വന്നത് ജോര്‍ജിനെതിരെ തന്നെയായിരുന്നു. 1980ല്‍ ആദ്യമായ നിയമസഭയിലേക്ക് ജയിച്ച ജോര്‍ജ്, വിവാഹ ശേഷം ഭാര്യയെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുത്തി ആദ്യമായി സഭയില്‍ എത്തിയപ്പോഴാണ് ആ ആരോപണം ഉയര്‍ന്നത്. ഒരു സ്ത്രീ ജോര്‍ജിന്റെ വീട്ടിന് മുന്നില്‍ ഗര്‍ഭ സത്യാഗ്രഹം നടത്തുന്നു എന്ന ആരോപണമാണ് ഉയര്‍ന്നത്. ജോര്‍ജ് അതിനെ ശക്തമായി പ്രതിരോധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭത്തിന്റെ പേരില്‍ ഒരു പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവ് ഗൗരിയമ്മയും ജോര്‍ജിന്റെ നാക്കിന്റെ മൂര്‍ച്ചയറിഞ്ഞു.

ജോര്‍ജ് ഉന്നയിച്ചതില്‍ ഏറ്റവും ഹീനമായത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തിയ ലൈംഗിക ആരോപണമായിരുന്നു. താന്‍ അത് നേരിട്ടു കണ്ടു എന്നുവരെ ജോര്‍ജ് പറഞ്ഞു. പിന്നീട് സിബിഐ അന്വേഷണം വന്ന് കള്ളം പൊളിയുമെന്നായപ്പോള്‍ അവര്‍ക്ക് കൃത്യം മൊഴി കൊടുത്തു. 2023 ആഗസ്റ്റില്‍ സിബിഐ അന്വേഷണത്തിന്റെ ആ റിപ്പോര്‍ട്ട് മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിട്ടപ്പോള്‍, പൊതുസമൂഹത്തോടും ജോര്‍ജ് തെറ്റ് ഏറ്റുപറഞ്ഞു. തനിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യുകാരെ തോക്കുമായി വിരട്ടുക, കെഎസ്ഇബി ഓഫീസില്‍ പോയി തെറിപറയുക ഇങ്ങനെ വീരനായക പരിവേഷത്തില്‍ പല പ്രകടനങ്ങളും ജോര്‍ജിന്റേതായി കേരളം കണ്ടു.

മകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയെന്ന ചിന്ത പിണറായി വിജയനുണ്ടായാല്‍ 73കാരനായ ജോര്‍ജിന്റെ അറസ്റ്റ് ഇന്നു തന്നെ നടക്കാം. അങ്ങനെ വന്നാല്‍ പി വി അന്‍വറിന്റെ അനുഭവം ഉണ്ടാകാം. അല്ലാത്തപക്ഷം മറ്റ് പലരുടെയും കാര്യത്തിലെന്ന പോലെ പ്രതിക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ സാകവാശം കൊടുക്കാം. അവിടെ നിന്നുണ്ടാകുന്ന തീരുമാനം പ്രകാരം തുടര്‍നടപടിയിലേക്ക് പോകാം. പോലീസ് മന്ത്രി കൂടിയായ പിണറായി വിജയന്‍ ഏതുവഴി തിരഞ്ഞെടുക്കും എന്നത് ചരിത്രമാകും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.