അനന്തപുരിയെക്കുറിച്ച് പറയുമ്പോൾ നഗരത്തിലെ ചില പ്രധാനപ്പെട്ട സാമൂഹികവും സാംസ്കാരികവും കലാപരവും കായികപരവും വ്യാവസായികപരവും വൈജ്ജാനിക പരവുമായ അറിവുകൾ പകർന്നു നല്കുന്നതുമായ നിരവധി പ്രദേശങ്ങളും കെട്ടിടങ്ങളും ആരാധനലയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളെയും സൂചിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല, തിരുവനന്തപുരത്തിൻ്റെ സാമൂഹിക പുരോഗതിയിൽ ഇവയ്ക്കുള്ള സ്ഥാനങ്ങൾ ചെറുതല്ല, അത്തരത്തിലുള്ള നഗരത്തിലെ 3 പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ക്കുറിച്ചാണ് ഇന്നത്തെ അനന്തപുരി വിശേഷങ്ങളിൽ നിങ്ങളോട് ഞാൻ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നത്
തലസ്ഥാനത്തെ 3 ചരിത്ര സ്ഥാപനങ്ങൾ
1 . യൂണിവേഴ്സിറ്റി കോളേജ്
വിദ്യാഭ്യാസത്തിൻ്റെ മൂല്യം മനസ്സിലാക്കി 1834 ൽ ശ്രീ സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ കാലത്ത് സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി കോളേജ്, അതിലേക്കായി നാഗർകോവിലിൽ ലണ്ടൻ മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ചുമതലയുണ്ടായിരുന്ന മിസ്റ്റർ റോബർട്ട്സിനെ ക്ഷണിച്ചു വരുത്തി ഹെഡ്മാസ്റ്ററായി നിയമിച്ചു കൊണ്ടായിരുന്നു വിദ്യാഭ്യാസത്തിൻ്റെ വ്യാപനത്തിനും പുരോഗതിയ്ക്കുമായി
ഈ കലാലയത്തിന് തുടക്കം കുറിച്ചത്, സ്കൂൾ തലം മുതൽ ആരംഭിച്ച ഈ വിദ്യാഭ്യാസ കേന്ദ്രം കാലാകാലങ്ങളിൽ നടന്ന ഭരണപരിഷ്ക്കാരങ്ങൾക്കൊടുവിൽ ഇന്ന് കാണുന്ന യൂണിവേഴ്സിറ്റി കോളേജിൻ്റെ രൂപത്തിൽ പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. ആദ്യകാലത്ത് രാജാസ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ 1866ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് ഇത് ഒരു കോളേജാക്കി ഉയർത്തി. പ്രശസ്ത അദ്ധ്യാപകനായിരുന്ന
ശ്രീ ജോൺ റോസ് ആയിരുന്നു ആദ്യ കോളേജ് പ്രിൻസ്സിപ്പാൾ. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൻ്റെ പ്രധാനപ്പെട്ട ഇരുനില കെട്ടിടം 1870 കളിൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവിനാൽ തറക്കല്ലിട്ട് നിർമ്മിക്കപ്പെട്ടതാണ്. 1917 ൽ ഇവിടെ ഉണ്ടായിരുന്ന സ്കൂൾ വിഭാഗം വഞ്ചിയൂരിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് പൂർണ്ണമായും കോളേജ് എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.എങ്കിലും 1942 കളിലാണ് യൂണിവേഴ്സിറ്റി കോളേജ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1957 ആയപ്പോഴേക്കും സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ അധീനതയിലുള്ള കോളേജായിമാറി. തിരുവനന്തപുരം നഗരത്തിൻ്റെ ഹദയഭാഗമായ പാളയത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്നതും അധ്യപകരായിരുന്ന കമായ മഹാരഥന്മാർ ഏറെയാണ്. ഇന്ത്യയുടെ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ലോക ചിത്രകാരൻ രാജാരവിവർമ്മ, സാഹിത്യകാരൻ സി വി രാമൻപ്പിള്ള, ഒഎൻവി കുറിപ്പ്, കവി അയ്യപ്പ പണിക്കർ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുടർച്ചയിൽ ഉള്ള
ആ നിര ഏറ്റവുമൊടുവിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിൽ എത്തി നില്ക്കുന്നു, ഇനിയും പ്രശസ്തരെ സൃഷ്‌ടിക്കുവാൻ അനന്തപുരിയിലെ ഈ കലാലയം വേറിട്ടൊരു വൈജ്ജാനിക കേന്ദ്രമാണെന്ന് പറയാതെ വയ്യ.
2. വി ജെ റ്റി ഹാൾ എന്ന ഇന്നത്തെ അയ്യങ്കാളി ഹാൾ
1898 ൽ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി ശ്രീമൂലം തിരുനാൾ നിർമ്മിച്ചതാണ് പാളയത്തെ വിജെറ്റി ഹാൾ അഥവാ വിക്ടോറിയ ജൂബിലി ടൗൺ ഹാൾ. പിന്നീട് നവോത്ഥാന നായകനായിരുന്ന അയ്യങ്കാളിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി വിജെടി ഹാളിനെ അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു,ആദ്യകാലങ്ങളിലെ തിരുവിതാം കൂർ നിയമസഭ കൂടിയത് വിജെറ്റി ഹാളിലായിരുന്നു. പിന്നോക്ക സമുദായക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി അയ്യങ്കാളി ശബ്ദമുയർത്തിയത് ഈ ഹാളിൽ വച്ചായിരുന്നു. അവരുടെ സൗജന്യ വിദ്യാഭ്യാസത്തിനു വേണ്ടിയും പരീക്ഷാ ഫീസ് ഒഴിവാക്കുന്നതിനു വേണ്ടിയും ഉച്ചക്കഞ്ഞി ലഭിക്കുന്നതിനു വേണ്ടിയും ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതിനുവേണ്ടിയുമെല്ലാം അയ്യങ്കാളിയുടെ നേതൃത്വത്തിൽ വിജെ ടി ഹാളിൽ വച്ച് സുപ്രധാന തീരുമാനമെടുക്കപ്പെടുകയുണ്ടായി. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിലെ അംഗമെന്ന നിലയിൽ ഇതിൻ്റെയൊക്കെ ആദരസൂചകമായി കൂടി വിജെടി ഹാളിന് അയ്യങ്കാളി ഹാൾ എന്ന പേര് പുനർനാമകരണം ചെയ്യപ്പെട്ടത് അദ്ദേഹത്തിന് സംസ്ഥാനം നല്കിയ ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കാം. ഇന്ന് ഈ കെട്ടിടം നഗരത്തിലെ സാമൂഹികവും സാംസ്ക്കാരികവും കലാപരവ്യമായ ഒട്ടേറെ പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്നു, 2019ൽ ആണ് വിജെറ്റി ഹാൾ അയ്യങ്കാളി ഹാളായി പുനർനാമകരണം ചെയ്യപ്പെട്ടത്.
3. പാളയം കണ്ണി മോറ മാർക്കറ്റ്
കച്ചവടക്കാരുടെ വ്യാവസായിക ആവശ്യകതയിലേക്കായി പാളയത്ത് 1857 ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ മാർക്കറ്റ്. ഉത്രം തിരുന്നാൾ മഹാരാജാവാണ് വ്യാവസായിക കച്ചവട കേന്ദ്രത്തിനായി
ഈ ചന്ത സ്ഥാപിച്ചത്. ഇന്ന് കാണുന്ന മാർക്കറ്റിൻ്റെ കവാടം 1888 ൽ സ്ഥാപിക്കപ്പെട്ടതാണ്, മദ്രാസ് പ്രസിഡൻസി ഗവർണർ ആയിരുന്ന ഒന്നാം ബാരൺ കണ്ണിമോറ സർറോബർട്ട് ബോർക്ക് ആയിരുന്നു ഈ കവാടം ഉദ്ഘാടനം ചെയ്തത്, അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥമാണ് പാളയം മാർക്കറ്റിന് ഇന്നത്തെ പേരായ കണ്ണിമോറ എന്ന പേര് ലഭിച്ചത്. ഏകദേശം 3 10 ഓളം കച്ചവടക്കാർ ഇവിടെ നിലവിൽ വ്യാപാരം നടത്തുന്നുണ്ട്, ഇന്നിപ്പോൾ സ്മാർട്ട് സിറ്റിയുടെ ഭാഗമായി മാർക്കറ്റിൽ പുതിയ കെട്ടിടങ്ങളും നവീകരണ പ്രവർത്തനങ്ങും നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരികയാണ്.



അഡ്വ. ഷിബു മണല

