PRAVASI

( കവിത )പതിരുപാടം കൊയ്യുന്നവർ

Blog Image


വിണ്ടുകീറിയ മനോഭാണ്ഡത്തിൽ
വിഭ്രാന്തിയാം തേളരിക്കുന്നു...
കാറുമായവൾ ആഴിക്കരയിലെത്തി...
പിൻസീറ്റിൽ അരുമക്കിടാങ്ങളുടെ ബന്ധനം
വീണ്ടുo കൺകളിൽ ഉറപ്പിക്കവേ,
നിദ്രപൂകിയ, കുരുന്നുകളുടെ പാതിയടഞ്ഞ
മിഴികളിൽ വിടർന്നുവോ സുസ്മിതം? 

ദയയുടെ കണ്ണ് ചുരന്നവൾ
പിശാചിന് കാണിക്കവെക്കവേ,
ഉഗ്രമായലറും ദൈവത്തിൻ
നിഷേധധ്വനി വിലവെക്കാതെ
അവൾ കാർ ന്യൂട്ടറിലിട്ടു…

അലയാഴിക്കുമേലപ്പോൾ
കഴുകന്മാർ ഇരതേടുന്നു...
തെല്ലിട കഴിഞ്ഞു...
പിറന്നുവീഴും ചെറുതിരകളെ നോക്കി
വിഭ്രാന്തിയാൽ അലറി യവൾ തിരയെണ്ണാൻ തുടങ്ങി...
ഒരുതിര, മറുതിര, ചെറുതിര, പെരുംതിര...
തിരയെണ്ണി മടുത്തവൾ ഉന്മാദിനിയെപ്പോലെ
ഓടിച്ചെന്നോമനകളെ വഹിച്ച വാഹനം
ഊക്കോടെ ജലാശയത്തിലേക്കുന്തി!!
അകലെ സ്നേഹനിധികളെ ഹനിച്ച
കരൾപൊട്ടുമാവാർത്ത കേട്ടമാത്രയിൽ
ബോധമണ്ഡലം കറങ്ങിയയച്ഛന്റെ
മിഴികളിൽ തീക്കടൽ! 

ഇന്നലെവരെ പിച്ചവെച്ചോമനിച്ച വത്സലർ
ഹാ! ഇന്നരമാത്രകൊണ്ട് ഇരുളിൽ മറഞ്ഞു …!
ദുഃഖം അണപൊട്ടിയൊഴുകുമാമച്ഛന്റെ ചിതറിയ
ചിന്തകളിൽ സാന്ദ്രമൗനത്തിൻസാഗരം...
ശാപമുനയേറ്റ ദാമ്പത്യത്തിലെ
ശരിയും തെറ്റും പതിരും മണിയും
പെറുക്കിത്തളർന്ന അച്ഛന്റെ കൺകളിൽ വംശത്തിൻ
വേരറുത്ത, വിറളിപിടിച്ചവളുടെ രൗദ്രമുഖം...
 
സ്വപ്നംവിതച്ചു പതിരുപാടംകൊയ്ത താ തൻ,
കൺഠമിടറി കദനകഥകളെണ്ണിപ്പറയുമ്പോൾ  
മേല്പുരയുടെ കോണിലിരുന്നു പ്രാവുകൾ
സന്ദേഹത്തോടെ തലതിരിച്ചു നോക്കുന്നു?
 ചൂടും തണുപ്പും വകവെക്കാതെ, രാപ്പകലില്ലാതെ
സ്വയം തളച്ചിട്ട മുറിയിൽ ശോകാർത്തനായിരിക്കെ,
പറവകൾ തുരുതുരാ പൊഴിക്കുന്ന
പ്രാക്കുകൾ വിഴുങ്ങുന്ന ഭഗ്നഹൃദയൻ!

ചുമരിൽ പുത്രരുടെ ഛായാചിത്രങ്ങളിലേക്ക്
ഉറ്റുനോക്കുമ്പോഴവരുടെ തേജസ്സാർന്ന നേത്രങ്ങളും
പുഞ്ചിരിയും കണ്ടുകൊണ്ട്, ഓമൽക്കിനാക്കളെരിയും
നെഞ്ചിൽ ചിതയൊരുക്കുന്നു പിതാവ്!
മനസ്സിൽ ഓർമ്മതൻ ജാലകം തുറക്കുമ്പോൾ
തേജോല്ലാസമായി ഊഞ്ഞാലിലാടും
കുസൃതികളെ നെഞ്ചോടമർത്തിപ്പിടിച്ചു
ഉമ്മവെക്കാൻ വൃഥാ മുഖംനീട്ടുന്നിതച്ഛൻ!!

ദുഃഖം ഗാഢമൗനമായി ഘനീഭവിക്കുമ്പോൾ
ഏതോ ചിത്തഭ്രമനായ മന്ത്രവാദി മൊഴിഞ്ഞു:
‘നിന്നോടൊത്ത് നാളത്തെ പുലരിയിൽ
പൂമെത്തയിലിരുന്ന് സാന്ത്വനസംഗീതമാലപിക്കാൻ,
പൃഥ്വിതൻ മാറുകീറി നാദപ്രപഞ്ചത്തിൻ
മണിവേണുവുമായി മക്കൾ പ്രത്യക്ഷപ്പെടു’മെന്ന പ്രവചനം
ശരിയാണോന്നറിയാൻ, തീക്കാറ്റടിക്കും
ചുടലക്കളത്തിലേക്ക് തിരിക്കുന്നു ഹതഭാഗ്യൻ!!  
  വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ 
ഒരമ്മ തന്റെ രണ്ട് പിഞ്ചു ആൺകുട്ടികളെ 
കാർസീറ്റിൽ ബന്ധിച്ചു കാർ പുഴയിലേക്കൊഴുക്കി!

അബ്ദുൾ പുന്നയൂയൂർക്കുളം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.