കൈവെള്ളയിൽ ചാലിച്ച ചന്ദനത്തിൽ ഒരു ഈർക്കിൽ കഷണം മുക്കി നീളത്തിൽ മുകളിലേക്ക് ഒരു ഗോപിക്കുറി വരക്കണം നെറ്റിയുടെ കൃത്യം നടുക്കായിരിക്കണം അത് പിന്നീട് അതിന്റെ നടുക്കായി കുങ്കുമം കൊണ്ട് അതി ശ്രദ്ധയോടെ മറ്റൊരു ഗോപി കൂടി നിർമ്മിക്കണം ബസിലെ തിരക്കിൽ മായാതെയും വിയർപ്പിൽ ഒഴുകാതെയും ശ്രദ്ധിച്ച് സൂക്ഷിക്കണം.
കൈവെള്ളയിൽ ചാലിച്ച ചന്ദനത്തിൽ ഒരു ഈർക്കിൽ കഷണം മുക്കി നീളത്തിൽ മുകളിലേക്ക് ഒരു ഗോപിക്കുറി വരക്കണം
നെറ്റിയുടെ കൃത്യം നടുക്കായിരിക്കണം അത്
പിന്നീട് അതിന്റെ നടുക്കായി കുങ്കുമം കൊണ്ട് അതി ശ്രദ്ധയോടെ മറ്റൊരു ഗോപി കൂടി നിർമ്മിക്കണം
ബസിലെ തിരക്കിൽ മായാതെയും വിയർപ്പിൽ ഒഴുകാതെയും ശ്രദ്ധിച്ച് സൂക്ഷിക്കണം.
എൺപതുകളുടെ ആരംഭത്തിൽ ഇരിങ്ങാലക്കുട താണിശേരി ഭാഗങ്ങളിലെ കൗമാരക്കാരായ ആൺകുട്ടികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ചമയൽ രീതിയായിരുന്നു മേൽപ്പറഞ്ഞ കുറി തൊടൽ
എല്ലായ്പ്പോഴും ഗോപി തന്നെ വേണമെന്നില്ല
ഒരു വെറൈറ്റിക്ക് വട്ടത്തിലോ നെറ്റിക്ക് കുറുകേ നീളത്തിലോ വരക്കാവുന്നതുമാണ് ഈ പറഞ്ഞ സംഗതി
കുറി ഒരു രാഷ്ട്രീയ അടയാളമായി മാറിയിട്ടില്ലാത്ത , ഇത്ര കെട്ടതല്ലാത്ത ഒരു കാലമായിരുന്നു അത്
ആളുകളെ നെടുനീളത്തിൽ മുഴുവനായും കാണാൻ കഴിയുന്ന തരം വലിയ കണ്ണാടികൾ ഉണ്ടായിരുന്നില്ല അന്നത്തെ കാലത്ത് വീടുകളിൽ.
അല്ലെങ്കിൽ അത്തരം കണ്ണാടികളുള്ള വീടുകൾ ഉണ്ടായിരുന്നില്ല എന്റെ ബാല്യകാല പരിചയങ്ങളിൽ.
മുഖം മാത്രം കാണാൻ കഴിയുന്ന വലിപ്പത്തിലുള്ള രണ്ട് കണ്ണാടികളാണ് സാധാരണ എല്ലാ വീടുകളിലും ഉണ്ടാവുക
കൂട്ടത്തിൽ വലുത് ആണിയടിച്ച് ചുമരിൽ തൂക്കിയിട്ടുണ്ടാകും
ചെറിയത് പോർട്ടബിൾ ആണ്, പുറകിൽ ഒരു താങ്ങോട് കൂടിയത്
തകരത്തിൽ തീർത്ത ഒരു ഫ്രെയിം ആയിരിക്കും അതിന് വലിയ കണ്ണാടിക്ക് മരത്തിന്റേയും.
ആണായാലും പെണ്ണായാലും അന്ന് ചമയങ്ങളത്രയും മുഖത്തായിരുന്നു
അല്ലെങ്കിൽ മുഖത്തുമാത്രമായിരുന്നു ചമയങ്ങൾ അധികവും അന്ന്.
മുഖം മിനുക്കുക എന്നായിരുന്നു എന്തിനേയും കുറച്ചു കൂടി നന്നാക്കുന്നതിനെ ആളുകൾ പറഞ്ഞു പോന്നിരുന്നത്
അത് ഒരുവൻ അയാളുടെ പൊതു ഇമേജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചോ ഒരു കെട്ടിടം പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് പോലുമോ ആകാം
എന്തിന് , ’സർക്കാർ മുഖം മിനുക്കുന്നു ..’എന്ന വിധം ഒരു സംവിധാനത്തെക്കുറിച്ച് വരെ ഉപയോഗിക്കപ്പെടുമായിരുന്നു ആ വാക്ക്
മിടുക്കികളായ ചില സ്ത്രീകൾ ചെറിയ കണ്ണാടിയെ ഇന്നത്തെ കുട്ടികൾ സെൽഫിക്ക് ഉപയോഗിക്കുന്ന തരം വിവിധ ആങ്കിളുകളിൽ മാറ്റിപ്പിടിച്ച് ശരീരം
മുഴുവൻ കാട്ടിത്തരാനാകില്ല എന്ന അതിന്റെ പരിമിതിയെ വിദഗ്ദമായി മറികടന്നിരുന്നു അന്നും.
പുരുഷന്മാരാകട്ടെ രണ്ട് ജനൽക്കമ്പികൾക്കിടയിൽ ഒരു പ്രത്യേക തരത്തിൽ ചരിച്ച് സ്ഥാപിച്ച് ഒരോരുത്തരുടേയും ഉയരത്തിനനുസരിച്ച് അതിനെ കസ്റ്റമൈസ് ചെയ്തു.
അന്ന് വലിയ കണ്ണാടികൾ ഉണ്ടായിരുന്നത് ബാർബർ ഷോപ്പുകളിൽ മാത്രമായിരുന്നു
ആൺകുട്ടികൾക്ക് മാത്രമുള്ള ഒരു ലക്ഷ്വറി ആയിരുന്നു അത്
കാണുന്ന ബാർബർ ഷോപ്പുകളിലൊക്കെ കയറി മുടി ചീകാമായിരുന്നു അവർക്ക്
അതിനായി ഒരു കണ്ണാടിയും ചീർപ്പും ഒരുക്കിവെച്ചിട്ടുണ്ടാവും മിക്ക ബാർബർഷാപ്പുകളിലും.
അത് ഒരു സൗജന്യ സേവനമായിരുന്നു.
മൂപ്പരുടെ പണിയെ തടസപ്പെടുത്താതെ ആർക്കും ഉലയോഗപ്പെടുത്താവുന്നത്.
ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിൽ ബസ്സിറങ്ങി റോഡ് മുറിച്ച് കടന്നാൽ ഒരു ബാർബർഷോപ്പുണ്ടായിരുന്നു
അവിടെ നാളിതുവരെ ചീകപ്പെട്ട തലകളുടെ കണക്ക് എത്രയുണ്ടാകുമെന്നാണ് ?
ചലക്കുടി ,കൊടുങ്ങല്ലൂർ,കാട്ടൂർ ഭാഗങ്ങളിൽ നിന്ന് ബസുകളിൽ വരുന്ന മുഴുവൻ കോളേജ് കുമാരന്മാരും അവിടെ പോയി മുടിയൊതുക്കി ഒന്നു കൂടെ ആത്മവിശ്വാസം മുറുക്കിക്കൊണ്ടാണ്
അവരവരെ കാത്തു നിൽക്കുന്ന കാമുകിമാരുടെ
കണ്ണേറുകൾക്ക് മുന്നിലേക്ക് നീങ്ങി നിൽക്കാൻ ധൈര്യം കാണിച്ചിരുന്നത്.
നിശബ്ദരെങ്കിലും സകലരും കാമുകന്മാരായിരുന്ന ഒരു കാലമായിരുന്നു അത്
ഏതാണ്ട് എല്ലാ ആൺകുട്ടികളുടെ പോക്കറ്റിലുമുണ്ടാകും പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു ചെറിയ ചീർപ്പ്
കത്തി പോലെ ഉള്ളിലേക്ക് മടക്കാവുന്നവ, സ്റ്റീലുകൊണ്ടുള്ളത് എന്നിങ്ങനെ ചില്ലറ പരിഷ്കാരങ്ങളുള്ളതും കാണും ചിലരുടെ കൈവശം
വട്ടച്ചീർപ്പുകൾ പോക്കറ്റ് ചീർപ്പുകളായി പരിണമിക്കുന്നത് പിന്നീടാണ്
അതിന്റെ പിന്നിലെ വിരലുകളുടാനുള്ള ആ മോതിരവളയങ്ങൾക്ക് പകരമായി ചീർപ്പിൽ തന്നെ ഉണ്ടാക്കുന്ന ഒരു പൊളിയിലൂടെ നാല് കൈവിരലുകളും കടത്താവുന്ന തരം ഡിസൈൻ വന്നതിനു ശേഷമാണ് വട്ടച്ചീർപ്പുകൾ പോക്കറ്റുകൾക്ക് പൊരുത്തമുള്ളവയായിത്തീർന്നത് .
സമൂഹത്തിന്റെ ശീലങ്ങളിൽ പൊതുവേ മാറ്റം വരുത്തുന്ന അത്തരം ചില കണ്ടുപിടുത്തങ്ങളുണ്ട് ,അത്രവിലപ്പെട്ടതാണെന്ന് സമൂഹം പക്ഷേ സമ്മതിക്കാത്തവ
നവ കാലത്തെ അതിനുള്ള ഒരു ഉദാഹരണം കൊതുകുകളെ കൊല്ലാനുള്ള ആ ഇലക്ട്രിക് ബാറ്റാണ്.
ചില ഹോട്ടലുകളിലെ കൈ കഴുകൽ സ്ഥലങ്ങളിലുമുണ്ടായിരുന്നു അത്തരം കണ്ണാടികൾ
എന്നാൽ അവക്കു മുന്നിലെ ‘ഇവിടെ മുടി ചീകരുത്’ എന്ന ബോർഡ് മുടിചീകലിനെ രഹസ്യമായി ചെയ്യേണ്ട ഒരു കുറ്റകൃത്യമാക്കി.
പൗഡർ ആയിരുന്നു ആൺകുട്ടികളുടെ ഏക സൗന്ദര്യ വർദ്ധക വസ്തു
‘രാവിലെ തന്നെ കുളിച്ച് പൗഡറുമിട്ട് എങ്ങോട്ടാ?’ എന്നതായിരുന്നു തൊഴിൽരഹിതരായ ആണ്മക്കളോടുള്ള അമ്മമാരുടെ സ്ഥിരം പുച്ഛ ചോദ്യം.
കുട്ടിക്യൂറയും പോണ്ട്സുമായിരുന്നു പൗഡറുകളിലെ പ്രധാന ബ്രാന്റുകൾ
പിന്നീടെപ്പോഴോ പച്ച ടിന്നിൽ മനം മയക്കുന്ന മണവുമായി എക്സ്സോട്ടിക്ക എന്ന പൗഡറുമെത്തി.
പേർഷ്യക്കാരുടെ പെട്ടികളിൽ കയറി പിന്നീട് യാർഡ്ലി വന്നു.
എപ്പോൾ വേണമെങ്കിലും അഴിഞ്ഞുപോയേക്കാം എന്ന് ഭയന്നിരുന്ന ആ പോളിയസ്റ്റർ ലുങ്കികൾക്കും സീക്കോ ഫൈവ് വാച്ചുകൾക്കുമൊപ്പം
നീലഡപ്പിയിലെ നിവിയയും പച്ചക്കുപ്പിയിലെ ബ്രൂട്ടും വന്നു.
സാധാരണ പൗഡറുകൾക്ക് പുറമേ റോസ് പൗഡർ എന്നൊരു ഇനം കൂടിയുണ്ടായിരുന്നു സ്ത്രീകളുടെ കൈയ്യിൽ
പൗഡർ പഫ് എന്ന അതിമിനുസമുള്ള ഒരു സംഗതി കൊണ്ടാണ് അവർ അത് മുഖത്ത് പുരട്ടുക
കുഞ്ഞു വാവകളെ കുളിപ്പിച്ച് കഴിഞ്ഞ് പൗഡർ ഇടീക്കാനും അതുപോലെ ഒരു സാധനം ഉപയോഗിക്കും.
കണ്മഷി,ചാന്ത് ,കുങ്കുമം ഐബ്രോ പെൻസിൽ നെയിൽ പോളീഷ് എന്നിവയായിരുന്നു ആഭരണങ്ങൾക്ക് പുറമേ സ്ത്രീകൾ ചന്തം കൂട്ടാൻ ഉപയോഗിച്ചു പോന്ന നിത്യോപയോഗ സാധനങ്ങൾ
ശിങ്കാർ ,ഐടെക്സ്, ജാ ഈ കാജൽ,കമലവിലാസ് എന്നിവയൊക്കെയാണ് ആ ഇനത്തിലെ അന്നത്തെ ബ്രാന്റുകൾ .
പോണ്ട്സ് ക്രീമും ലാക്റ്റോകലാമിനുമായിരുന്നു ഇവക്ക് പുറമേ എനിക്ക് ഓർമ്മയുള്ള രണ്ട് പ്രധാന സംഗതികൾ
ഇളം റോസ് നിറത്തിലുള്ള അടപ്പുമായി വരുന്ന വെളുത്ത പളുങ്ക് കുപ്പിയിൽ നിന്ന് അതിശ്രദ്ധയോടെ ക്രീം തോണ്ടിയെടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്ന ചില നീണ്ട വിരലുകളെ ഓർമ്മ വരുന്നു എനിക്ക്.
ശ്രദ്ധയോടെ തേച്ച് പിടിപ്പിക്കാത്തതു കാരണം കലാമിൻ ഉണങ്ങിയ അടയാളമുണ്ടായിരുന്ന ചില ചെവിമടക്കുകളേയും കീഴ് താടികളേയും കൂടെ ഞാൻ ഓർമ്മിക്കുന്നു ഇപ്പോൾ.
വാഷിംഗ് പൗഡർ നിർമ്മക്കൊപ്പം ടെലിവിഷൻ കൊണ്ടു വന്ന ഒരു ക്രീമായിരുന്നു ‘വീക്കോ ടർമ്മറിക്’
എന്റെ കോളേജ് കാലമാകുമ്പോഴേക്കും പെൺകുട്ടികൾക്കിടയിൽ അത് പ്രചാരത്തിലായിരുന്നു
ലിസിയിലേക്കും സെന്റ് ജോസഫ്സിലേക്കുമുള്ള പെൺകുട്ടികൾ പകുതിയിൽ കൂടുതൽ നിറയുന്ന പി എസ് എൻ ,കേ കേ മേനോൻ എന്നീ ബസ്സുകൾക്ക് രാവിലെ വീക്കോ ടർമ്മറിക്കിന്റെ മണമായിരുന്നു
പെൺകുട്ടികൾക്കിടയിലൂടെ ഞെരുങ്ങി ഞെരുങ്ങിക്കടന്നു വരുന്ന ചെറുപ്പക്കാരനായ ആ കണ്ടക്ടർക്കുമുണ്ടായിരുന്നു ആ മഞ്ഞൾ മണം.
പിന്നെയാവണം ഫെയർ ആന്റ് ലവ് ലി വന്നത്
കറുപ്പ് എന്നാൽ വല്ലാതെ അപകർഷത തോന്നേണ്ട ഒന്ന് എന്ന നിലയിലായിരുന്നു അതിന്റെ പരസ്യങ്ങളൊക്കെയും.
കറുപ്പും മെറൂണുമായിരുന്നു ചാന്തുകളിലെ പ്രധാന നിറങ്ങൾ
പിന്നെ പലനിറത്തിലുള്ള ചാന്ത് കുപ്പികളെ വട്ടത്തിലുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വിന്യസിച്ചികൊണ്ടൂള്ള ചാന്തുകൾ വന്നു
അത്തരം ബഹുവർണ ചാന്തുകൾ തൊടുവാനായി പൊട്ടുകളുടെ അച്ചുകൾ വന്നു
ചന്ദ്രക്കല,നക്ഷത്രം,പൂവ് എന്നിങ്ങനെ പലഷേപ്പിലുള്ള ഇരുമ്പിന്റെ ചെറിയ അച്ചുകൾ ഒരു താക്കോൽ വളയത്തിൽ കുലപോലെ വന്നു.
നെയിൽ പോളീഷുകൾ പോലെ തന്നെ ഈ വക സാധനങ്ങളും പെൺകുട്ടികൾ വാങ്ങിയിരുന്നത് ഉത്സവപ്പറമ്പുകളിൽ നിന്നായിരുന്നൂ.
ഉത്സവരാത്രികളിൽ വളക്കച്ചവടക്കാരുടെ കടകളിലെ അതിവെളിച്ചത്തിൽ സ്വതേ സുന്ദരികളായിരുന്ന അവർ അതിസുന്ദരികളായി തിളങ്ങി നിന്നു
ശിങ്കാറിന്റെ കുങ്കുമം വന്നിരുന്നത് കടും മെറൂൺ നിറത്തിലുള്ള ചെറിയ പ്ലാസ്റ്റിക് ഡപ്പിയിലായിരുന്നു
ആദ്യത്തെ അടപ്പ് തുറന്നാൽ കുങ്കുമത്തെ മൂടി അതിനുള്ളിൽ ഒരു നേരിയ പ്ലാസ്റ്റിക് ഷീറ്റുണ്ടാകും
കുങ്കുമം തുളുമ്പി തൂവാതെ ആ കവർ പൊട്ടിക്കുക എന്നത് വലിയ സൂക്ഷ്മതവേണ്ട ഒരു അഭ്യാസമായിരുന്നു
കവർ പൊട്ടിക്കുമ്പോൾ മാത്രമല്ല , വലിയ പൊട്ടുകൾ തൊടുമ്പോളും കുങ്കുമം തുളുംബി
താഴോട്ട് തൂളിയ കുങ്കുമത്തരികൾ സുന്ദരിമാരുടെ മൂക്കിൻ തുംബിൽ വീണ് തിളങ്ങി
എന്തൊരു വശ്യതായായിരുന്നു ഓർമ്മയിലെ ചുവപ്പു രാശി വീണ ചില മുഖങ്ങൾക്ക്..
കണ്ണുകളിൽ ‘ലത്’ കത്തി നിൽക്കുന്നത് കണ്ടിട്ടാവണം ‘പോ ചെറുക്കാ ..’ എന്ന് കൗമാരക്കാരനായ എന്നോട് അവരിൽ ചിലർ രതിച്ചേച്ചിമാരായി കപടഗൗരവം കൊണ്ടിരുന്നു എന്നതും മധുരത്തോടെ ഓർക്കുന്നു
നാൽപ്പാമരാദി വെളിച്ചെണ്ണ ,നീലിഭൃംഗാദി തൈലം,വെന്ത വെളിച്ചെണ്ണ ,കസ്തൂരി മഞ്ഞൾ ,പലതരം താളികൾ
ഇഞ്ച , ചകിരി , പീച്ചിങ്ങ തുടങ്ങിയ സ്ക്രബ്ബറുകൾ
കടല ചെറുപയർ ചീവിക്ക തുടങ്ങിയ പൊടികൾ
എന്നിങ്ങനെയൊക്കെയായിരുന്നു സൗന്ദര്യ സംരക്ഷണവുമായി അന്നു കേട്ടിരുന്ന ചില പേരുകൾ
എന്നാൽ ഇന്നോ?
വയനാട്ടിലെ ആണ്ടൂർ എന്ന് പേരുള്ള ഒരു ചെറിയഗ്രാമത്തിലെ ഒരു കടയിൽ പോലും ഞാൻ നോക്കുമ്പോൾ അൻപതിലധികമുണ്ട് ഈ സാമഗ്രികളുടെ ബ്രാന്റുകൾ .
നമ്മളുടെ ഈ തലമുറയാണ് ആ നിലയിൽ ഭാഗ്യം ചെയ്തവർ.
നാൽപത് കഴിഞ്ഞവരോളം അനുഭവമുള്ളവർ വേറെ ഏത് തലമുറയിലുണ്ട് ?
ട്രങ്ക് കോളും , ടെലെഗ്രാമും തുടങ്ങി വിവരവിനിമയത്തിന്റെ ബാല്യാവസ്ഥ കണ്ട നമ്മൾ തന്നെയാണ് ഇന്നിപ്പോൾ ഫേസ് ബുക്കിൽ ലൈവ് പോയിക്കൊണ്ടിരിക്കുന്നത്
പത്തേ പത്തിന് വരാനുള്ള കരിപ്പാക്കുളം ബസ് കിട്ടാനായി ഒൻപതുമണിക്കേ വീട്ടിൽ നിന്നിറങ്ങിയിരുന്ന നാം തന്നെയാണ് ഇന്നിപ്പോൾ യൂബർ വരാൻ പത്ത് മിനിറ്റിൽ കൂടതലെടുക്കും എന്നറിയുമ്പോൾ ആ ബുക്കിംഗ് ക്യാൻസൽ ചെയ്യുന്നത്.
രാമകൃഷണേട്ടന്റെ ഒറ്റക്കാലൻ കസേരയുള്ള ബാർബർഷാപ്പിൽ പലവട്ടം വെട്ടിയ ആ തലയാണ് നമ്മളിന്നലെ ടോണി ആന്റ് ഗയ്യിലെ ഫ്രീക്കന്മാരുട്രെ മുന്നിൽ വെട്ടാൻ കൊണ്ടു കൊടുത്തത് .
നാട്ടിലെമ്പാടും മുളച്ചു പൊന്തിയ സ്വയം തൊഴിൽ സംരഭമായ ബ്രേസിയർ കമ്പനികളിലെ പെൺകുട്ടികൾ അടിച്ചു തന്ന ആ മുന(ല) കൂർത്ത ബ്രേസിയറുകൾ ഇട്ടു നടന്നിരുന്ന നമ്മളിൽ ചിലർ തന്നെയാണ് ഇന്ന് വിക്ടോറിയാ സീക്രട്ടിന്റെ അടിവസ്ത്രങ്ങൾ ധരിച്ചു നടക്കുന്നത്
ഐടെക്സിന്റെ ഐബ്രോ പെൻസിൽ നാവിൽ നനച്ച് ഭംഗിയുള്ള പുരികങ്ങൾ വരച്ചുവെച്ചവരാണ്
ഇന്നിപ്പോൾ തനിക്കിഷ്ടമുള്ളതരം പുരികങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ക്ലിനിക്കുകളിൽ നിന്ന് ഇറങ്ങി വരുന്നത്.
അവനവന്റെ സൗന്ദര്യം വർദ്ധിപ്പിക്കുവാനുള്ള മനുഷ്യരുടെ ഒരു ശ്രമത്തേയും പരിഹസിക്കുകയില്ല ഞാൻ
അതിൽ വലിയ അപകടങ്ങൾ ഒന്നും ഇല്ലാത്ത കാലത്തോളം.
അവവനവൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗം അവനവനെ മറ്റുള്ളവർക്ക് മുന്നിൽകുറച്ചു കൂടി മെച്ചപ്പെടുത്തിക്കാണിക്കുവാൻ വേണ്ടി ചിലവഴിക്കുന്നതിൽ തെറ്റൊന്നുമില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായവും.
ലോകം മുഴുവൻ സുന്ദരന്മാരും സുന്ദരികളുമുണ്ടാകുന്നത് എത്ര നല്ല കാര്യമാണ് അല്ലേ ?
ആയതിനാൽ എന്റെ പ്രിയപ്പെട്ടവരേ...
അടുത്ത ഒഴിവുദിവസത്തിൽ നിങ്ങളെല്ലാവരും അൽപ നേരം ഒരു കണ്ണാടിക്കു മുന്നിൽ നിൽക്കുക
സ്വതവേ സുന്ദരമായ നിങ്ങളുടെ മുഖത്തെ കുറേക്കൂടി മനോഹരമാക്കുവാനുള്ള വഴികൾ ഏതെങ്കിലുമൊക്കെയുണ്ടോ എന്ന് ഒന്ന് ആലോചന ചെയ്യുക..
അതിപ്പോ നിങ്ങൾ പറഞ്ഞിട്ടു വേണമല്ലോ എന്ന് നിങ്ങൾ എന്നെ പരിഹസിക്കുന്നത് എനിക്ക് മനസിലാവാഞ്ഞിട്ടൊന്നുമല്ല..
അല്ലെങ്കിൽ തന്നെ ,
ഞാൻ ആഹ്വാനിച്ചിട്ടാണല്ലോ ഇന്ത്യൻ കോസ്മെറ്റിക് വിപണി ഇന്ന് പ്രതിവർഷം ഇരുപത് മില്ല്യൺ ഡോളർ തീരെ ചെറിയ തുകയിലേക്ക് വികസിച്ച് വിലസി നിൽക്കുന്നത്.
ഡോ.സതീഷ് കുമാർ