PRAVASI

പ്രണയമെ നീയില്ലയെങ്കിൽ (കവിത )

Blog Image

ശരത്ക്കാലപുലരിയിൽ രാത്രികൾ കൊഴിച്ചിട്ട
പുലർമഞ്ഞുപെയ്യുന്നു നിന്നോർമ്മകൾ
ഒരുചുടുനിശ്വാസം കാതിൽ പതിയ്ക്കുമ്പോൾ
അറിയാതെ പുണരുന്നിരുകരങ്ങൾ

രാവിൻ മണിയറ പൂകാതെ സ്വപ്നങ്ങൾ
പകലിൻ മണിവാതിൽ തുറന്നിറങ്ങുമ്പോഴും
പറന്നകലാതെന്റെ ചിറകിൻ തന്തുക്കൾ
അരികിലേക്കെപ്പോഴും ചേർത്തുവയ്ക്കും

നീലാംബരത്തിൽ ചെഞ്ചായം പൂശുമ്പോൾ
നിൻമഞ്ഞുകരങ്ങളെൻ കവിളിൽ തലോടുന്നു
പിരിയുവാനാവാത്ത പ്രണയോപഹാരമായി
ഹൃദയത്തിൽ നീയൊരു തീർത്ഥമായി

പകുതിയിൽ നിർത്തിയ നീലാംബരിയുടെ
അലകൾ കുളിർകാറ്റിലൊഴുകി വരും
പലവുരു പാടീട്ടും പൂർണ്ണമാകാത്തൊരാ
പ്രണയരാഗം വീണ്ടും കേൾക്കുന്നു ഞാൻ

ഹൃദയംപകുത്തതിൽ പൂക്കാലം വിരിയിച്ച്
ശലഭമായ് വർണ്ണരേണുക്കളിൽ പാറിപ്പറന്ന്
അറിയാത്ത തീരത്തിലെവിടയോ പോയി നീ
തിരികെ വരൂ ഞാൻ തീർത്തൊരെൻ വാനിലേക്ക്

പറയാതെ പോയൊരാവാക്കിന്റെ മധുരിമ
ഹൃദയത്തിനുള്ളിൽ ഞാനോമനിയ്ക്കും
തരളമായ് എൻ വിരൽത്തുമ്പുകളെപ്പൊഴും
തൊട്ടുണർത്തും നിന്റെ ഹൃത്തന്ത്രികൾ

മിഴിയടച്ചാൽ കാണാം മുന്നിലെനിക്കു നിൻ
പൂർണ്ണേന്ദു പുഞ്ചിരിയ്ക്കും പൂമുഖം
ഋതുക്കൾ നമുക്കായി തീർക്കും വസന്തത്തിൽ
വള്ളിപ്പടർപ്പിലെ പൂമഞ്ചലാകാം ഞാൻ

ചാരത്തണഞ്ഞു നിൻ ചെഞ്ചൊടികളിൽ
നനവൂള്ള ചുണ്ടിന്റെ ചൂടുപകർന്നു നല്കാം
പ്രണയതല്പത്തിൽ നിന്നെപൊതിയുന്ന
കുളിരുള്ള കമ്പളമാക്കാമെൻ മാറിടം

കവിതയായി നിൻമൊഴികളൊക്കെയും
കനവുപെയ്യുമെൻ കരളിലെഴുതിടും
നീണ്ടമൗനം മുദ്രവച്ചരൊൻ ചുണ്ടുകൾ
വിറയാർന്നിടുന്നൊരു ചുംബനത്തിനായി

പ്രണയമെ നീയില്ലയെങ്കിലീവിധം ഭൂവിലി-
ല്ലൊരു ജന്മസാഫല്യവും, ഋതുക്കളിൽ
പ്രണയം പകർന്നൊരു വസന്തമില്ല
കുളിർമഴയായി പൊഴിയും വർഷവുമില്ല

ഉമ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.