ചിക്കാഗോ: 2024 ഏപ്രിൽ 21ന് യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെൻറ് തോമസ് സിറോ മലബാർ കത്തിഡ്രലിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ അനുഗ്രഹീത ഗായകരായ റിമി റ്റോമിയും ബിജു നാരായണനും ടീമും ചേർന്നു പാട്ടിന്റെ പാലാഴി തീർക്കുന്ന " സീറോത്സവം 2024" ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കാതിൽ എന്നും മുഴങ്ങുന്ന തീരാ മധുരമായ ഗാനങ്ങൾ നിനവായും , നിലാവായും പെയ്തിറങ്ങുന്ന ഈ ഗാനവൃഷ്ടിയുടെ ആസ്വാദനത്തിനായി ചിക്കാഗോയിലെ സംഗീത പ്രേമികൾ കാത്തിരിക്കുന്നു. "സീറോത്സവം 2024" ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതിനോടകം വിറ്റു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
കത്തിഡ്രൽ പള്ളി വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിയുടെ മേൽനോട്ടത്തിൽ ബിജി സി. മാണി കോർഡിനേറ്ററും , രെൺജിത്ത് ചെറുവള്ളി കോ. കോർഡിനേറ്ററുമായി പ്രവർത്തിക്കുന്ന സംഘാടക സമിതിക്ക് പിൻബലമായി കത്തീഡ്രൽ പള്ളി ട്രസ്റ്റിമാരായ ബിജി സി. മാണി , സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കഴിഞ്ഞ രണ്ടു മാസമായി സംഗീതോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ഇതുവരെയുള്ള ഒരുക്കങ്ങളിൽ വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിൽ സംതൃപ്തി രേഖപ്പെടുത്തി.