മാധ്യമപ്രവർത്തകർ വാർത്തകളുടെ സത്യസന്ധതയും ആധികാരികതയും പരിശോധിച്ചതിനുശേഷമേ പ്രസിദ്ധീകരിക്കാവു എന്ന് പ്രസിദ്ധ ക്രൈസ്തവ സാഹിത്യകാരനും സുവിശേഷ പ്രസംഗകനുമായ റവ ജോർജ് മാത്യു പുതുപ്പള്ളി പറഞ്ഞു. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും അധർമ്മമായ പ്രവർത്തിയാണ്. വാർത്തയിൽ സത്യമില്ലെങ്കിൽ അത് പലരെയും അകാരണമായി മുറിവേൽപ്പിച്ചു എന്നു വരാം.
ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള എക്സ്പ്രസ്സിന്റെ ന്യൂസ് റൂമിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിജിഎംഎ രക്ഷാധികാരിയും കേരള എക്സ്പ്രസ് ചീഫ് എഡിറ്ററുമായ കെ എം ഈപ്പൻ റവ ജോർജ് മാത്യുവിനെയും ഭാര്യ സാലി മാത്യുവിനെയും സ്വാഗതം ചെയ്തു.
സിജിഎംഎ വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പൻ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ്,ജോയിന്റ് സെക്രട്ടറി ഡോ ബിജു ചെറിയാൻ ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികകളിലും സാഹിത്യ രചനകൾ നൽകി സജീവ സാന്നിധ്യമായിരിക്കുന്ന റെവ ജോർജ് മാത്യു പുതുപ്പള്ളി അച്ഛന്റെ രചനകൾ ഏതു വായനക്കാർക്കും ഹൃദ്യമാണെന്നുള്ളത് ശ്രദ്ധേയമാണ്. ലാലു ലീലയിലും ബാലരമയിലും തുടങ്ങി ദേശാഭിമാനിയിലും മലയാള മനോരമയിലും ഒക്കെ അച്ഛന്റെ രചനകൾ മിക്കവാറും പ്രത്യക്ഷപ്പെടാറുണ്ട്. ചെറുപ്പത്തിൽ താൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ഏകാന്തതയെ ആയിരുന്നു എന്ന് അച്ഛൻ വെളിപെടുത്തുന്നു. ആ ഏകാന്തതയിൽ താൻ ഏറ്റവും കൂടുതൽ പ്രണയിച്ചിരുന്നത് പുസ്തകങ്ങളെ ആയിരുന്നു. ഒരു വൈദികൻ ആകുവാൻ വീട്ടുകാർ മാറ്റിനിർത്തിയിരുന്ന അച്ഛന്റെ ബാല്യകാലം സുഹൃത്തുക്കൾ ഇല്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ ഒത്തിരി നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. കോട്ടയത്തിനടുത്ത് പുതുപ്പള്ളിയിൽ ആണ് ജനനം. പുതുപ്പള്ളിയിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം കോട്ടയം ബസേലിയോസ് കോളേജിൽ നിന്ന് ബിരുദം നേടി. കോട്ടയം പഴയ സെമിനാരിയിൽ നിന്ന് വേദ ശാസ്ത്രത്തിലും ബിഡി ബിരുദം കരസ്തമാക്കി.പ്രശസ്തമായ പല ഓർത്തഡോക്സ് പള്ളികളിലും വികാരിയയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 32 വർഷം മുമ്പ് തന്റെ ആത്മീയ ചിന്താഗതികളിൽ മാറ്റമുണ്ടാകുകയും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച് സ്നാനപ്പെടുകയും ചെയ്തു. പിന്നീട് നിരവധി സുവിശേഷ പ്രചാരണവേദികളിൽ സജീവ സാന്നിധ്യമായി മാറി. പവർ വിഷൻ ടെലിവിഷനിൽ തുടർച്ചയായി 15 വർഷം താൻ പ്രോഗ്രാം അവതരിപ്പിച്ചു. അച്ഛനും ഭാര്യയും ഇപ്പോൾ ഡിട്രോയിറ്റിൽ മക്കളെ സന്ദർശിക്കുവാൻ എത്തിയ അവസരത്തിലാണ് ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിക്കുന്നതിനുമായി ചിക്കാഗോയിൽ എത്തിയത്. ഈ അവസരത്തിലും അച്ഛൻ എഴുതുകയാണ് തന്റെ അമേരിക്കൻ യാത്ര വിവരണങ്ങൾ. തന്റെ ഫേസ്ബുക്ക് പേജിലുടിയാണ് അച്ഛൻ തന്റെ അമേരിക്കൻ യാത്ര അനുഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നത്. കേരള എക്സ്പ്രസ് പത്രത്തിന് ആശംസകളും പ്രാർത്ഥനകളും നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.