ദില്ലി നയിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ദില്ലി സ്പീക്കര്‍. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയിൽ ഭരണം പിടിച്ചെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. നാളെ വൈകിട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബിജെപി അറിയിച്ചിരുന്നു. കാൽനൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പൻ ആഘോഷമാക്കാനാണ് ബിജെപിയുടെ തീരുമാനം. ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചുഗിനും വിനോദ് താവടെയ്ക്കും നൽകിയെന്ന വിവരവും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങിൽ അണിനിരക്കും.