പ്രാങ്ക് കോളുകളിലൂടെ ആളുകളെ പറ്റിക്കുന്ന ‘ഹലോ മൈഡിയർ റോങ് നമ്പർ’ എന്ന പരിപാടി റെഡ് എഫ്എം വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. നിർദോഷമായ തമാശകളിലൂടെ ജനപ്രിയമായ ഈ ഷോയെ അനുകരിച്ച് റെഡ് എഫ്എമ്മിലെ മുൻ ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജന സജിത്തും ചേർന്ന് നടത്തിയ പരിപാടിക്കെതിരെ ഇപ്പോൾ വ്യാപകരോഷമാണ് ഉയരുന്നത്. ബ്യുട്ടീഷ്യനും മെഹന്തി ആർട്ടിസ്റ്റുമായ ഒരു സ്ത്രീയെ ഫോണിൽ വിളിച്ച് സ്വകാര്യ ഭാഗത്ത് മെഹന്തിയിട്ട് തരുമോ എന്ന് ചോദിച്ചതാണ് പ്രതിഷേധത്തിന് കാരണം.
ആര്‍ജെ അജ്ഞലി എന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് വീഡിയോ ചെയ്യാറുള്ളത്. വിവാഹത്തിന് മെഹന്തി ഇടണം എന്ന് പറഞ്ഞാണ് ഈ വീഡിയോയിലെ സംഭാഷണം തുടങ്ങിയത്. വിവരം ചോദിക്കാൻ വിളിക്കുന്ന സാധാരണ കോൾ പോലെ സംസാരം പുരോഗമിക്കുമ്പോൾ പെട്ടെന്നാണ് അമ്പരപ്പിക്കുന്ന ആവശ്യം നിരഞ്ജന പറഞ്ഞത്. സംസാരം ഭാവി വരനെ അമ്പരപ്പിക്കാൻ സ്വകാര്യ ഭാഗത്ത് മെഹന്തി ഇട്ട് തരുമോ എന്നായിരുന്നു ചോദ്യം. ഈ സമയത്ത് പൊട്ടിച്ചിരിക്കുകയാണ് അഞ്ജലി ചെയ്തത്. ഇരുവരും ആലോചിച്ച് ഉറപ്പിച്ച് ആ സ്ത്രീയെ അപമാനിച്ചു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെ വിമര്‍ശിച്ച് ആദ്യം വന്ന കമന്റുകള്‍ക്ക് അജ്ഞലി നല്‍കിയ മറുപടികൾ കൂടുതൽ പ്രകോപനമായി. ഇതും പ്രതിഷേധത്തിന് കാരണമായതോടെ കമന്റ് ബോക്‌സ് തന്നെ പൂട്ടിക്കെട്ടി. ഇതോടെ പേജ് അണ്‍ഫോളോ ചെയ്യാനുളള ആഹ്വാനവും ചിലർ നടത്തി. ഇതിന് നല്ല പ്രതികരണം ഉണ്ടായി. ഇങ്ങനെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അജ്ഞലി ക്ഷമാപണവുമായി എത്തിയത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ഇതിന് കീഴിലും പ്രതിഷേധവും അസഭ്യവും കമൻ്റുകളായി നിറയുന്നുണ്ട്.

ആ സ്ത്രീയെ അധിക്ഷേപിക്കണം എന്ന് ലക്ഷ്യം ഇല്ലായിരുന്നു എന്നും, ദിലീപ് ചിത്രമായ മീശമാധവനിലെ കണികാണിക്കല്‍ രംഗമാണ് കുഴപ്പമുണ്ടാക്കിയത് എന്നുമാണ് അഞ്ജലിയുടെ ഇപ്പോഴത്തെ വിശദീകരണം. ഈ സീനിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് പ്രാങ്ക് കോള്‍ ചെയ്തതെന്നും അപ്പോൾ അത് മാത്രമാണ് മനസില്‍ ഉണ്ടായിരുന്നത് എന്നുമാണ് ആർജെ പറയുന്നത്. പറ്റിപ്പോയ തെറ്റിന് മാപ്പ് നല്‍കണമെന്ന് അഭ്യർത്ഥിച്ച്, ഇനി ഇത്തരമൊന്നും ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്.
മാപ്പ് അപേക്ഷ വന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം അടങ്ങിയിട്ടില്ല. അത് പലപ്പോഴും അതിരുവിട്ട കമന്റുകളിലേക്കും പോകുന്നുണ്ട്. കൂടാതെ ബ്യൂട്ടീഷ്യന്‍മാരെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് അവരുടെ സംഘനയുമായി ബന്ധപ്പെട്ട ചിലരും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വിമർശനങ്ങൾക്ക് മറുപടിയില്ല എങ്കിലും അനുകൂലമായ കമൻ്റുകളോട് അഞ്ജലി പ്രതികരിക്കുന്നുണ്ട്. ആർജെ മാത്രമല്ല അനന്തപുരം ഡയറീസ് അടക്കം ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് അഞ്ജലി.

