ശബരിമലയിൽ നടന്നത് സാധാരണ സ്വർണ്ണമോഷണമല്ലെന്നും, 500 കോടി രൂപയുടെ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി ചേർന്നുള്ള ഇടപാടാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പ്രത്യേകാന്വേഷണ സംഘത്തലവൻ എഡിജിപി വെങ്കിടേഷിന് രമേശ് ചെന്നിത്തല കത്തു മുഖേന കൈമാറി.
പുരാവസ്തുക്കൾ മോഷ്ടിച്ചു കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയിൽ ശതകോടികൾക്ക് വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ്ണമോഷണക്കേസുമായി ബന്ധമുണ്ടെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം. അദ്ദേഹത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്വർണ്ണപ്പാളിയുടെ കാര്യത്തിൽ ഏതാണ്ട് 500 കോടിക്കടുത്തുള്ള ഒരു ഇടപാടാണ് നടന്നിരിക്കുന്നത്.
ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിക്കുന്ന സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു. ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വന്തമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ അറസ്റ്റിലായവർ ഈ കേസിലെ വെറും സഹപ്രതികൾ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളുമുള്ള മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിൻ്റെ പരിധിയിൽ വന്നിട്ടില്ല.
അമേരിക്കയിൽ നിന്ന് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്ക് നേതൃത്വം നൽകിയിരുന്ന സുഭാഷ് കപൂർ സംഘത്തിൻ്റെ രീതികളുമായി ശബരിമലയിലെ മോഷണ സംഘത്തിൻ്റെ രീതികൾക്ക് സാമ്യമുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തിൻ്റെ ഗൗരവം ചെന്നിത്തല എഡിജിപിക്ക് കൈമാറിയ കത്തിൽ എടുത്തുപറഞ്ഞു.
ഈ വിവരങ്ങൾ തനിക്ക് കൈമാറിയ വ്യക്തി പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ, പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴി നൽകാനും അദ്ദേഹം തയ്യാറാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്തിനകത്തു തന്നെയുള്ള ചില വ്യവസായികളും സംഘടിത റാക്കറ്റുകളും ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും, അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ട് കൊണ്ടുപോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

