ചിക്കാഗോ: ക്നാനായ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ചിക്കാഗോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയ സ്ഥാപനത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. 2006ലെ മെയ് വുഡ് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൻ്റെ തുടക്കം ക്നാനായ റീജിയനിലെ മറ്റ് സമൂഹങ്ങൾക്കും ദൈവാലയങ്ങൾ സ്ഥാപിക്കുന്നതിനും വളരുന്നതിനും പ്രചോദനമായി. ക്നാനായ വിശ്വാസവും തനതായ പാരമ്പര്യങ്ങളും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള ഈ ദൈവാലയത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്.
ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്‌നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാലിൻ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വാർഷികാഘോഷ സമ്മേളനം നടന്നു. കഴിഞ്ഞ ഒരുവർഷമായി ഇടവകയെ നയിച്ചുകൊണ്ടിരിക്കുന്ന വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ഉദ്ഘാടന സമ്മേളനത്തിനു സ്വാഗതമേകി. ക്നാനായ റീജിയൻ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെ. മേരീസ് പള്ളി അസിക വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ ആശംസയർപ്പിച്ചു സംസാരിച്ചു.
ഇടവക ട്രസ്റ്റി കോർഡിനേറ്റർ തോമസ് കുന്നുംപുറത്ത് നന്ദി അറിയിച്ചു. ഇടവകയിലെ ട്രസ്‌റ്റിമാരായ തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽ കരോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ ഏകോപിപ്പിച്ചത്.
ഇടവകാംഗമായ ജോബി ഓളിയിൽ രചിച്ച് അനിൽ മറ്റത്തിക്കുന്നേൽ സംഗീതസംവിധാനംനിർവഹിച്ച് സജി മാലിത്തുരുത്തേൽ ആലപിച്ച ഭക്തിഗാനത്തിൻ്റെ പ്രകാശനവും അതേ വേദിയിൽ നടന്നു.
ക്നാനായ കത്തോലിക്കർക്കായി കോട്ടയം അപ്പസ്തോലിക് വികാരിയാത്ത് പ്രത്യേകമായി സ്ഥാപിക്കാൻ അനുമതി നൽകിയതിലൂടെ, ക്നാനായ സമൂഹത്തിന്റെ വിശ്വാസവും തനതായ പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാനത്തിന് ശക്തമായ അടിത്തറ പാകിയ വി. പത്താം പീയൂസിൻ്റെ തിരുനാളും ഭക്തിപൂർവ്വം അന്നേ ദിവസം ആഘോഷിച്ചു..
ഇടവകയുടെ ഏറ്റവും പ്രധാന ശുശ്രൂഷാമേഖലയായ വിശ്വാസപരിശീലന ക്ലാസ്സുകളുടെ തുടക്കവും അന്നേദിവസമായിരുന്നു. റിലീജിയസ് എഡ്യുക്കേഷൻ ഡയറക്ടർ കൊളീൻ കീഴങ്ങാട്ടിലിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും കുട്ടികളും വിശ്വാസ പതാകയേന്തിയാണ് വി.കുർബാനയ്ക്ക് എത്തിയത്.
ഈ ഇടവക സമൂഹത്തിന്റെ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി ഓണാഘോഷവും അന്ന് സംഘടിപ്പിച്ചു.
അന്നേ ദിവസത്തെ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു..
തുടർന്നു നടത്തപ്പെട്ട എൻ്റർടെയ്ൻമെൻ്റ് പരിപാടികൾക്ക് നിയ ജെയ്സ് നേതൃത്വം നൽകി.

