ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഇനി ക്നാനായ ഉത്സവത്തിന്‍റെ ദിനങ്ങള്‍. നടവിളിയുടെ ആരവങ്ങളും മാര്‍ഗ്ഗംകളിയുടെ പദവിന്യാസങ്ങളും പുരാതനപ്പാട്ടിന്‍റെ അലയൊലികളും ശബ്ദമുഖരിതമാക്കിയ ക്നായിതൊമ്മന്‍ നഗറിലെ നിറഞ്ഞുകവിഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി 15-ാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
സാന്‍ അന്‍റോണിയോ: ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഇനി ക്നാനായ ഉത്സവത്തിന്‍റെ ദിനങ്ങള്‍. നടവിളിയുടെ ആരവങ്ങളും മാര്‍ഗ്ഗംകളിയുടെ പദവിന്യാസങ്ങളും പുരാതനപ്പാട്ടിന്‍റെ അലയൊലികളും ശബ്ദമുഖരിതമാക്കിയ ക്നായിതൊമ്മന്‍ നഗറിലെ നിറഞ്ഞുകവിഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി 15-ാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സാമുദായിക ഐക്യം കാത്തുസൂക്ഷിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്ന് 15-ാമത് കെസിസിഎന്‍എകൺവെൻഷൻ്റെ രണ്ടാം ദിവസത്തെ ഓപ്പണിംഗ് സെറിമണിയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.
മധ്യപൂര്‍വ്വ ദേശത്തുനിന്ന് ഒത്തുതിരിച്ചവര്‍ വടക്കേ അമേരിക്കയില്‍ ഒത്തുചേരുകയാണ്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത ക്നാനായ ജനത അവരുടെ തനിമയും ഒരുമയും ആഘോഷിക്കുന്നു. പതിനേഴ് നൂറ്റാണ്ടിന്‍റെ ഇരമ്പുന്ന സ്മരണകള്‍ ക്നാനായ സമൂഹത്തിന്‍റെ പൊതുബോധത്തിന്‍റെ സവിശേഷതയാണ്. വളരെ ഭംഗിയോടെ ചിട്ടയായി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച പ്രസിഡണ്ട് ഷാജി എടാട്ടിന്‍റെ നേതൃത്വത്തെ മാര്‍ മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു.
കെ.സിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്‍റെ സാന്നിദ്ധ്യം കണ്‍വന്‍ഷന് പുത്തന്‍ ഉണര്‍വ് നല്കിയിരിക്കുന്നതായി ഷാജി എടാട്ട് ചൂണ്ടിക്കാട്ടി. മിസ്സൂറി സിറ്റി മേയറും കെസിവൈഎല്‍എന്‍എയുടെ പ്രഥമ പ്രസിഡണ്ടുമായ റോബിന്‍ ഇലക്കാട്ട്, ചലച്ചിത്ര നടന്‍ ലാലു അലക്സ്, സാന്‍ അന്‍റോണിയോ കൗൺസിൽ മെമ്പർ മെലീസ , കൺവൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമാക്കിൽ, റീജിയണൽ വൈസ് പ്രസിഡൻ്റുമാരായ സ്റ്റീഫൻ കിഴക്കേക്കുറ്റ് ( ചിക്കാഗോ ) , അനൂപ് മ്യാൽക്കരപ്പുറത്ത് (ഹ്യൂസ്റ്റൺ),ഹൂസ്റ്റൺ കെ. സി. എസ് പ്രസിഡൻ്റ് സിറിൾ തൈപ്പറമ്പിൽ, ചിക്കാഗോ കെ.സി. എസ് പ്രസിഡൻറ് ജെയിൻ മാക്കീൽ,കെ സി സി എൻ എ ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമറത്ത് എന്നിവർ പ്രസംഗിച്ചു. സാൻ അൻ്റോണിയോ പ്രസിഡന്റ് ഷീജ വടക്കേപ്പറമ്പിൽ സ്വാഗതം പറഞ്ഞു. ജോബിൻ കക്കാട്ടിൽ, നയോമി മാന്തുരുത്തിൽ എന്നിവർ എം സി മാരായിരുന്നു .