സസ്കാടൂൺ : സസ്കാടൂണിലെ ആദ്യ മലയാള ഭാഷ പഠനകേന്ദ്രം, സസ്കാടൂൺ മലയാളി അസോസിയേഷൻ (SMA) യുടെ നേതൃത്വത്തിൽ – "SMA പള്ളിക്കൂടം" ഉദ്ഘാടനം – 2025 സെപ്റ്റംബർ 13-ന് ഓണാഘോഷങ്ങളുടെ ഭാഗമായി ഔപചാരികമായി നടന്നു . പ്രവാസി മലയാളികൾ ഏറെ നാളായി ആഗ്രഹിച്ചിരുന്ന മാതൃഭാഷാ പഠനത്തിനുള്ള സമർപ്പിത വേദി എന്ന നിലയിൽ SMA പള്ളിക്കൂടത്തിന്റെ തുടക്കം ഒരു ചരിത്രനിമിഷമായി മാറി.
മലയാളം മിഷൻ ഡയറക്ടർ ശ്രീ. മുരുകൻ കാട്ടാക്കട അയച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ SMA പള്ളിക്കൂടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം പ്രഖ്യാപിച്ചു. പ്രവാസി സമൂഹത്തിൽ മാതൃഭാഷയും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള SMAയുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, സമൂഹം അഭിമാനത്തോടെ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. മലയാളം മിഷൻ കാനഡ കോ-ഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി ആശംസകൾ പങ്കുവെച്ചുകൊണ്ടു ഇന്നത്തെ ലോക ക്രമത്തിൽ മാതൃഭാഷ പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചു.
സസ്കാടൂൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് ആസ്റ്റർ ജോർജ്, SMA പള്ളിക്കൂടം കോർഡിനേറ്റർ കൃഷ്ണകുമാർ നായർ .പി . എൻ , SMA പള്ളിക്കൂടത്തിലെ അദ്ധ്യാപകർ എന്നിവർ കൂടി നിലവിളക്കു കത്തിച്ചു തുടക്കമായ "SMA പള്ളിക്കൂടത്തിലെ " പ്രവേശനോത്സവം 2025 സെപ്റ്റംബർ 20-ന് നടന്നു. ആദ്യദിവസം തന്നെ 22 കുട്ടികളും 1 മുതിർന്ന വിദ്യാർത്ഥിയും ചേർന്ന് പഠനം ആരംഭിച്ചത് സമൂഹത്തിന്റെ മികച്ച പ്രതികരണത്തെയും മാതൃഭാഷയോടുള്ള ആവേശത്തെയും തെളിയിക്കുന്നു.
കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ , SAIL, SIA എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ "SMA പള്ളിക്കൂടം" പ്രവർത്തിക്കുന്നു. 6 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിൽ സമഗ്ര പഠനത്തിനുള്ള അവസരം ഇവിടെ ഒരുക്കുന്നു. ഈ സംരംഭം ഈ പ്രദേശത്തുള്ള പ്രവാസി മലയാളികൾക്ക് തങ്ങളുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയും , കേരളീയ സംസ്കാരവും പകർന്നു നൽകാൻ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു .


.jpg)

