കാമ്പസുകൾ തൂത്തുവാരി എസ് എഫ് ഐ
വി ഡി സതീശൻ സർക്കാറിന് പുതിയ തലമുറയുടെ പിന്തുണ ഇല്ലെന്ന് കൃത്യമായി വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് നടന്ന വിവിധ കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ നേടിയിരിക്കുന്നത് വമ്പൻ വിജയമാണ്. സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോളജ് , പോളിടെകനിക്ക്, ഐടിഐ യൂണിയനുകളിൽ വരെ എസ് എഫ് ഐെയുടെ തേരോട്ടമാണ് സംഭവിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ, തകർപ്പൻ വിജയം നേടാൻ യുഡിഎഫിനെ സഹായിച്ച ആളുകളുടെ വീടുകളിലുള്ള വിദ്യാർത്ഥികൾ പോലും, സി.പി.എമ്മിൻ്റെ വിദ്യാർത്ഥി വിഭാഗമായ എസ് എഫ് ഐക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ഉൾപ്പെടെയുള്ള ലീഗ് കോട്ടകളിൽ പോലും, അവരുടെ വിദ്യാർത്ഥി വിഭാഗമായ എം എസ് എഫിന് കനത്ത പരാജയമാണ് സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ ക്രോക്രോച്ച് പാർട്ടിയായി ജെൻസികൾ കാണുന്നത് എസ് എഫ് ഐയെ ആണ് എന്ന ഒരു പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഡൽഹിയിലെ ജെൻസി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എസ് എഫ് ഐ നേതാവ് ഐഷി ഘോഷിൻ്റെ കേരള സന്ദർശനവും, വിദ്യാർത്ഥി സമൂഹത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാറിൻ്റെ കാവിവൽക്കരണവും, പി. എം ശ്രീ പദ്ധതി നടപ്പാക്കേണ്ടി വരുമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രഖ്യാപനവും എല്ലാം തന്നെ, വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള പ്രധാന വിഷയങ്ങളാണ്.
ഇതിനെതിരെ പ്രക്ഷോഭം നടത്തിയ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് ലാത്തിചാർജുകളും, മർദ്ദനങ്ങളും വലിയ ക്യാംപയിനായാണ് എസ് എഫ് ഐ ഉയർത്തി കൊണ്ടു വന്നിരിക്കുന്നത്. കണ്ണിന് പരിക്കേറ്റ് ചോരയൊലിപ്പിച്ച് കൊണ്ടിരുന്ന എസ് എഫ് ഐ പ്രവർത്തകയുടെ ചിത്രവും, കാമ്പസുകളിൽ വലിയ വികാരമാണ് സൃഷ്ടിച്ചിരുന്നത്. ഈ വികാര പ്രകടനം കൂടിയാണ് വോട്ടെടുപ്പിൽ ഇപ്പോൾ നമ്മൾ കണ്ടിരിക്കുന്നത്.
ഇതിൻ്റെ ഒപ്പം ചേർത്ത് പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അത് പൊലീസിൻ്റെ വേട്ടയാണ്. വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകിയ എസ് എഫ് ഐ നേതാക്കളെ പിടികൂടാൻ, പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ച് വളഞ്ഞിട്ട് പിടിക്കുകയാണ് ഉണ്ടായത്. എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്, തിരുവനന്തപുരത്ത് നിന്നും പോയ പൊലീസ് സംഘമാണ്. വിദ്യാർത്ഥി നേതാക്കളെ കൈവിലങ്ങ് അണിയിച്ച് കൊണ്ടു പോയ ചിത്രവും, വിദ്യാർത്ഥികളുടെ മനസ്സിനെ മുറിവേൽപ്പിച്ച സംഭവമാണ്. ഇതൊക്കെ, ഭരണകൂട ഭീകരതയായി ചിത്രീകരിക്കാൻ എസ് എഫ് ഐക്ക് പ്രത്യേകിച്ച് ഒരു പ്രചരണവും നടത്തേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല.
പുറത്ത് വന്ന കണക്കുകൾ വച്ച് പരിശോധിച്ചാൽ, സ്‌കൂൾ പാർലമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 699 ൽ 604 സ്‌കൂളുകളിലും എസ് എഫ് ഐയാണ് വിജയിച്ചിരിക്കുന്നത്. അതു പോലെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പോളി ടെക്കനിക്കുകകളിലും ഐ ടി ഐ കളിലും മൃഗീയ മേധാവിത്വത്തിൽ തന്നെ എസ് എഫ് ഐ വിജയിച്ചതിനാൽ, ഇനി നടക്കാനിരിക്കുന്ന ഇൻ്റർ പോളി, സംസ്ഥാന ഐ ടി ഐ യൂണിയനുകളിലും എസ് എഫ് ഐ ഭരണമാണ് ഇത്തവണയും വരാൻ പോകുന്നത്.
അതുപോലെ തന്നെ സംസ്ഥാന വ്യാപകമായി കോളജ് കാമ്പസുകളിൽ എസ് എഫ് ഐ വമ്പൻ വിജയം നേടിയ പശ്‌ചാത്തലത്തിൽ, ഇതിനു ശേഷം നടക്കാൻ പോകുന്ന മുഴുവൻ സർവ്വകലാശാലാ യൂണിയനുകളും ഭരിക്കാൻ പോകുന്നതും എസ് എഫ് ഐയാണ്. എം എസ് എഫ് – കെ എസ് യു മുന്നണി ഭരിക്കുന്ന കാലിക്കറ്റ് സർവ്വകലാശാലാ യൂണിയനിൽ പോലും ഭരണം എസ് എഫ് ഐ പിടിക്കാനാണ് സാധ്യത.
വിദ്യാർത്ഥികൾക്ക് ഒരു വിഷയം വന്നാൽ, അവിടെ അവർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ഏക സംഘടന എന്ന നിലയിലേക്ക് എസ് എഫ് ഐ വളർന്നിട്ട് കാലം കുറേ ആയി. ആ വിശ്വാസ്യത ഒന്നു കൂടി ശക്തമായി ഊട്ടിഉറപ്പിക്കാനുള്ള അവസരമായാണ് പുതിയ തലമുറ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനെ ഇപ്പോൾ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പൂക്കികളുടെ മുഖ്യമന്ത്രിയായി ചിത്രീകരിക്കപ്പെടുന്ന വി ഡി സതീശൻ അധികാരത്തിൽ വന്നശേഷം നടന്ന ആദ്യ കാമ്പസ് തിരഞ്ഞെടുപ്പുകളിൽ തന്നെ, അതേ പൂക്കികളും ജെൻസികളും ചേർന്ന് ഒന്നാംന്തരം പണിയാണിപ്പോൾ മുഖ്യമന്ത്രിക്കും യു ഡി എഫിനും നൽകിയിരിക്കുന്നത്.
ബിജെപിയെ സംബന്ധിച്ചും, എസ് എഫ് ഐയുടെ ഈ വൻ വിജയം, വൻ തിരിച്ചടി തന്നെയാണ്, സി.പി.എം തകർന്നാൽ, ആ ഗ്യാപ്പിൽ, കേരള രാഷ്ട്രീയത്തിൽ സ്ഥാനം ഉറപ്പിക്കാം എന്ന കാവിപ്പടയുടെ സ്വപ്നങ്ങൾക്ക് മേലുകൂടിയാണ് എസ് എഫ് ഐ ഇപ്പോൾ കരിനിഴൽ പടർത്തിയിരിക്കുന്നത്.
ഇടതുപക്ഷത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന വിജയമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് ശേഷം, അവരുടെ ഒരു വർഗ്ഗ ബഹുജന സംഘടന, ഇത്തരം ഒരു ആധിപത്യം ആധികാരികമായി കലാലയങ്ങളിൽ സ്ഥാപിക്കുക എന്നു പറഞ്ഞാൽ അത് സി.പി.എം അണികൾക്കും അനുഭാവികൾക്കും നൽകുന്ന ആവേശം വളരെ വലുതാണ്.
എസ് എഫ് ഐയിൽ നിന്നാണ് ഡിവൈഎഫ്ഐയിലേക്ക് റികൂട്ട്മെൻ്റ് നടക്കുന്നത്, അവിടെ നിന്നാണ് പിന്നെ സി.പി.എം കേഡർമാരും നേതാക്കളും സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രക്രിയക്കും ഇനി വേഗതയേറും. വിദ്യാർത്ഥി നേതാക്കളെ എത്രമാത്രം പ്രാധാന്യത്തോടെ സി.പി.എം കാണുന്നുണ്ട് എന്നതിൻ്റെ സൂചനയാണ്, കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ വിപുലീകരണം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെയും പ്രസിഡൻ്റിനെയും സംസ്ഥാന കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കുക വഴി, വിദ്യാർത്ഥി നേതാക്കൾക്ക് പാർട്ടി നേതൃത്വത്തിലേക്കുള്ള വാതിലാണ് യഥാർത്ഥത്തിൽ ഇപ്പോൾ സി.പി.എം തുറന്നിട്ടിരിക്കുന്നത്.
ഇനി വരുന്ന നാളുകൾ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ആയിരിക്കും. അതിനുള്ള കരുത്ത് കൂടിയാണ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലൂടെ എസ് എഫ് ഐ ഇപ്പോൾ നേടിയിരിക്കുന്നത്. വി ഡി സതീശൻ സർക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇനി എസ് എഫ് ഐയിൽ നിന്നായിരിക്കും.
ഡൽഹിയിൽ, നരേന്ദ്ര മോദി സർക്കാർ ചരിത്രത്തിൽ ആദ്യമായി എവിടെയെങ്കിലും പിറകോട്ടടിച്ചിട്ടുണ്ടെങ്കിൽ, മുട്ടുമടക്കിയിട്ടുണ്ടെങ്കിൽ അത്, വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിലാണ് എന്നതും, നാം ഓർക്കേണ്ട കാര്യമാണ്. ഡൽഹിയിലെ ആ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച എസ് എഫ് ഐയെ, അതുകൊണ്ടു തന്നെ, വി ഡി സതീശൻ സർക്കാർ ഭയക്കണം.

