PRAVASI

ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം..! എൽഡിഎഫ് സർക്കാരിനെതിരെസിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Blog Image

ഇടതുപക്ഷത്തിന്റെ സ്വന്തം ആളുകൾ തന്നെ എന്തുകൊണ്ട് അകന്നു എന്ന ചോദ്യം ഉയർത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും വേണ്ടത്ര പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയിടങ്ങളിലെ ഇടതുപക്ഷ തോൽവികൾ പരിശോധിക്കുമ്പോൾ, സ്വന്തം പ്രവർത്തകരുടെ ആവശ്യങ്ങൾ കേട്ടോ, ഗൗരവമായി പരിഗണിച്ചോ എന്ന ചോദ്യം ഉയർത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോട്ടയം വൈക്കത്ത് കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ബന്ധുക്കളും സഖാക്കളും തങ്ങളിൽനിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും അവർക്കുവേണ്ടി ചെയ്തുകൊടുത്തോ എന്ന് ചിന്തിക്കണമെന്നും, തോൽവിയുടെ കാരണം പഠിക്കുമ്പോൾ സ്വന്തം ഭാഗത്തെ വീഴ്ചകളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ തോൽക്കാൻ പാടില്ലായിരുന്നുവെന്നും, തോൽവി തോൽവിയും വീഴ്ച വീഴ്ച തന്നെയുമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബാറുകൾക്ക് 50 മീറ്റർ ദൂരപരിധി നിശ്ചയിച്ചിരിക്കെ കള്ളുഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധി ഏർപ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇത് അന്യായമാണെന്നും ഈ വിഷയം ഇടതുപക്ഷം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനറായിരുന്ന ടി.പി. രാമകൃഷ്ണന് ഇക്കാര്യം അറിയാമെന്നും, എല്ലാ യോഗങ്ങളിലും സിപിഐ പ്രതിനിധികൾ വിഷയം ഉന്നയിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

കള്ള് വ്യവസായത്തെ സംരക്ഷിക്കേണ്ട രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണെന്നും ന്യായമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗങ്ങളിൽ വിഷയം ഉന്നയിച്ചപ്പോഴെല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ അഞ്ചുകൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. അതുകൊണ്ടുതന്നെ ‘ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.