പുതിയകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് അറിയുന്ന വ്യക്തിയാണ് ഷാഫി പറമ്പിൽ. അതുകൊണ്ടുതന്നെ വടകര എന്ന മണ്ഡലത്തിന് ഷാഫിയെപ്പോലെ ഒരു യുവ നേതാവിന്റെ നേതൃത്വം ആവശ്യമാണ്. തെറ്റിലേക്ക് വഴുതിപ്പോകുന്ന യുവത്വത്തെ നേരെ നടത്താനും, അവരുടെ വിദ്യാഭ്യാസവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താനും പിള്ളേരുടെ പൾസ് അറിയുന്ന ഷാഫിയെ പോലെയുള്ള നേതാക്കൾ കടന്നുവരണം. മോദി രാഷ്ട്രീയത്തിന്റെ ഇരകളായി പുതിയ തലമുറയിലെ കുട്ടികൾ മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, ചരിത്രത്തിൽ ഗാന്ധിയെ കൊന്നത് ഗോഡ്സെ ആണെന്ന് പറഞ്ഞു കൊടുക്കാൻ മാത്രം ബോധമുള്ള കോണ്ഗ്രസ് രാഷ്ട്രീയം വടകരയിൽ ഉണ്ടാവേണ്ടത് ചരിത്രത്തിന്റെ ആവശ്യകതയാണ്.
പാലക്കാട് ജില്ലയിൽ ചോദിച്ചാൽ അറിയാം അവർക്ക് ഷാഫി എന്തായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എന്നതിനേക്കാൾ മനുഷ്യരുടെ എന്തു പ്രശ്നങ്ങളേക്കും ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണ് ഷാഫി. മറ്റുള്ളവരുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട് തന്നെയാണ് ഷാഫി പറമ്പിൽ പ്രവർത്തിക്കാനുള്ളത്. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട അവകാശങ്ങൾ നേടിയെടുക്കാനും, അവരെ ചൂഷണം ചെയ്യുന്ന സർവ്വകലാശാലകൾക്കെതിരെ സമരം ചെയ്യാനും, അധികാര വർഗ്ഗം അവരെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ മുൻപിൽ നിൽക്കാനും ഷാഫി ഉണ്ടായിരുന്നു എന്നത് ചരിത്ര സത്യം തന്നെയാണ്. ഒരു കോൺഗ്രസുകാരന്റെ ജീവിതം സമരങ്ങളിൽ നിന്നും സമരങ്ങളിലേക്ക് നീണ്ടു പോകുന്നതാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരുടെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ വേണ്ട എല്ലാവിധ വഴികളും ഷാഫി പറമ്പിൽ നടപ്പിലാക്കാറുണ്ട്. വടകരയിലെ കോൺഗ്രസിന്റെ രാഷ്ട്രീയവും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. എന്തുകൊണ്ട് ഷാഫി എന്ന് ചോദിച്ചാൽ നാടിനു വേണം ഒരു പുതിയ മുഖം എന്ന് തന്നെയാണ് പറയാനുള്ളത്.
പാലക്കാട് നിന്ന് വടകരയിലേക്ക് മത്സരിക്കാൻ ഷാഫി പോകുന്നു എന്നറിഞ്ഞപ്പോൾ വളരെ വികാരഭരിതമായി തന്നെയാണ് പാലക്കാട്ടുകാർ പ്രതികരിച്ചത്. സ്വന്തം സഹോദരനെ പോലെയാണ് ആ നാട്ടിലെ മനുഷ്യർ ഷാഫി പറമ്പിലിനെ കണ്ടിരുന്നത്. അതിൽ പാർട്ടി വ്യത്യാസം ഉണ്ടായിരുന്നില്ല. എല്ലാവർക്കും ഒരുപോലെ സ്വീകര്യാനാവുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് ഷാഫി പറമ്പിൽ തെളിയിച്ചതാണ്. യുവത്വത്തിന്റെ ആവേശം ഷാഫി വടകരയിൽ വന്നിറങ്ങിയപ്പോൾ കണ്ടതാണ്. ഇടത് സ്ഥാനാർഥികൾക്ക് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് ഷാഫിക്ക് ലഭിച്ചത്. യുവാക്കളും യുവതികളും ആയിരുന്നു ഷാഫിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാൻ വടകരയിലെ ടൗണിൽ എത്തിയത്. ആ ജനക്കൂട്ടം വിളിച്ചുപറയുന്നുണ്ട് ഈ നാടിന് ഷാഫിയെ പോലൊരു നേതാവിനെ ആവശ്യമുണ്ടെന്ന്.അതുകൊണ്ട്
ലോക മലയാളികൾ ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുകയും തങ്ങളുടെ കുടുംബങ്ങളെ അതിനായി സജ്‌ജമാക്കുകയും വേണം .ഇനിയുള്ള മണിക്കൂറുകൾ അതിനായി മാറ്റിവെയ്ക്കുവാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു .
ജെയിംസ് കൂടൽ
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്