PRAVASI

എസ് പി ബി വിടവാങ്ങിയിട്ട് ആറ് വർഷം

Blog Image

ഒരിക്കലും പൊഴിഞ്ഞുതീരാത്ത  ഒരു പുഞ്ചിരിയുണ്ട് മുഹമ്മദ് റഫിയുടെ മുഖത്ത്. ചുണ്ടിലൂറുന്ന ചിരിയല്ല; ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വച്ഛന്ദമായി ഒഴുകിവരുന്ന ചിരി.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മുഖത്തുമുണ്ടായിരുന്നു അതേ ചിരി; പാട്ടിലും. വെറുതെയല്ല അദ്ദേഹം റഫി സാഹിബിന്റെ അടിയുറച്ച ഭക്തനായി മാറിയത്. "പാട്ടിൽ റഫി സാഹിബ് ചിരിക്കുമ്പോൾ ഞാൻ കരഞ്ഞുപോകും."-- എസ് പി ബി ഒരിക്കൽ പറഞ്ഞു. "കശ്മീർ കി കലി"യിൽ റഫിയും ആശാ ഭോസ്ലെയും ചേർന്ന്  അനശ്വരമാക്കിയ "ദീവാന ഹുവാ ബാദൽ" എന്ന വിഖ്യാത പ്രണയഗാനത്തിന്റെ ചരണത്തിലെ "യേ ദേഖ്കെ ദിൽ ജൂമാ" എന്ന വരി പാടുമ്പോൾ അറിയാതെ വിതുമ്പിപ്പോകുന്ന എസ് പി ബിയെ എത്രയോ തവണ ടെലിവിഷനിൽ കണ്ടിരിക്കുന്നു.

 "അലൗകിക സൗന്ദര്യമുള്ള ആ ജൂമാ എനിക്കെന്നല്ല ലോകത്ത് മറ്റാർക്കും പാടി ഫലിപ്പിക്കാനാവില്ല. റഫി സാഹിബിന് വേണ്ടി സൃഷ്ടിക്കപ്പെട്ട വാക്കാണത്..." -- ഇടറുന്ന ശബ്ദത്തിൽ അദ്ദേഹം പറയും.  "ഗൈഡ്" എന്ന സിനിമയിലെ  "ദിൻ ഢൽ ജായേ" ക്ക് പിന്നാലെ വരുന്ന റഫിയുടെ "ഹായ്"ക്ക് പകരം വെക്കാൻ ഇന്ത്യൻ സിനിമാസംഗീത ചരിത്രത്തിൽ തന്നെ മറ്റൊരു ഹായ്  ഇല്ലെന്ന് വിശ്വസിച്ചു അദ്ദേഹം.  റഫിയെ ഗന്ധർവനായി കണ്ട ഒരു ആരാധകന്റെ സാക്ഷ്യമാണത്.  "വീട്ടിലിരുന്ന് റഫിയുടെ പാട്ടുകൾ പാടുന്നത് ഭാര്യ വിലക്കുക വരെ ചെയ്തിട്ടുണ്ട് ഒരിക്കൽ. എന്റെയീ കരച്ചിലാണ് കാരണം." -- എസ് പി ബിയുടെ വാക്കുകൾ. "കുളിമുറിയുടെ ഏകാന്തതയിൽ ചെന്നുനിന്ന് കരച്ചിൽ മുഴുമിക്കേണ്ടി വന്നു പലപ്പോഴും.."

റഫിയും എസ് പി ബിയും. രണ്ടു തലമുറകളുടെ പ്രതിനിധികൾ. വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ജനിച്ചു വളർന്നവർ. പക്ഷേ ഹൃദയം കൊണ്ട് ഇരുവരേയും ഇണക്കിനിർത്തിയ ഘടകങ്ങൾ നിരവധി. സംഗീതം ഒരു ജനകീയ കലയാണെന്ന ഉത്തമ  ബോധ്യത്തോടെ വേദികളിൽ നിറഞ്ഞവരാണ് രണ്ടു പേരും. സദസ്സുമായി വൈകാരികമായ അടുപ്പം കാത്തുസൂക്ഷിച്ചവർ. സകലചരാചരങ്ങളോടും സ്നേഹത്തിന്റെ ഭാഷയിൽ  മാത്രം സംസാരിച്ചവർ. കണക്കുപറഞ്ഞു പ്രതിഫലം വാങ്ങുന്നതിനപ്പുറത്ത് മറ്റു പല നന്മകളും ഉൾച്ചേർന്നതാണ്  യഥാർത്ഥ "പ്രൊഫഷണലിസ"മെന്ന്  സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചവർ. പിന്നാലെ വന്ന തലമുറയെ അനസൂയ വിശുദ്ധമായ മനസ്സോടെ  അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചവർ.  വാക്കുകൾ കൊണ്ടുപോലും ആരുടേയും മനസ്സ് നോവിക്കാതിരിക്കാൻ ശ്രമിച്ചവർ. അതുകൊണ്ടുതന്നെ  മരണശേഷവും സാധാരണക്കാരന്റെ ഓർമ്മകളിൽ  പൂർവാധികം ജ്വലിച്ചുനിൽക്കുന്നവർ. 

രണ്ടു തവണയേ നേരിൽ കണ്ടിട്ടുള്ളു എസ്  പി ബിയെ. കൂടുതലും സംസാരിച്ചിട്ടുള്ളത് ഫോണിലാണ്. സുദീർഘമായ ആ സംഭാഷണങ്ങളിൽ റഫി സാഹിബ് കയറിവരാത്ത ദിവസങ്ങൾ അത്യപൂർവം. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത തന്റെ മാനസഗുരു മുഹമ്മദ് റഫിയാണെന്ന് വിശ്വസിച്ചു അദ്ദേഹം. "റഫി സാഹിബിന്റെ "കൽ രാത് സിന്ദഗി സേ  മുലാഖാത് ഹോഗയീ" എന്ന ഒരൊറ്റ പാട്ട് ദിവസവും പത്തു തവണയെങ്കിലും കേൾക്കാൻ ശ്രമിക്കും ഞാൻ. എന്നെ സംബന്ധിച്ച് ഒരു സർവകലാശാലയാണ്  ആ പാട്ട്. ആലാപനത്തിന്റെ സമസ്ത ഭാവങ്ങളെയും സ്പർശിച്ചു പോകുന്ന ഒന്ന്. ഓരോ തവണയും റഫി സാഹിബിന്റെ ശബ്ദത്തിൽ ആ പാട്ട് കേൾക്കുമ്പോൾ ഇത്രയും നിഗൂഢതകൾ ഒരൊറ്റ പാട്ടിൽ എങ്ങനെ ഒളിച്ചുവെക്കാനാകും ഒരു ഗായകന് എന്ന് അത്ഭുതപ്പെടാറുണ്ട്."

"പാൽക്കി"യിൽ നൗഷാദ് ചിട്ടപ്പെടുത്തിയ ആ വിഷാദപ്രണയഗീതം  എസ് പി ബി എങ്ങനെ മറക്കാൻ? സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം തേടി തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ മാസ്റ്റർ വേണുവിനെ കാണാൻ ചെന്നപ്പോൾ പാടിക്കേൾപ്പിച്ച പാട്ടാണത്.  "നൗഷാദ് സാബിനൊപ്പം കുറച്ചുകാലം ജോലി ചെയ്തിട്ടുള്ള ആളാണ് വേണു സാർ. അതുകൊണ്ട് വളരെ കരുതലോടെയാണ് പാടിയത്. പാട്ട് മുഴുവൻ കണ്ണടച്ച് കേട്ടിരുന്ന ശേഷം  അദ്ദേഹം പറഞ്ഞു: ബാലു, ഈ പാട്ടിന്റെ പല്ലവി ആവർത്തിച്ചു കേട്ട് ഹൃദിസ്ഥമാക്കണം നീ. എന്നിട്ട് ഒരു തവണയെങ്കിലും പൂർണ്ണതയോടെ അതെന്നെ പാടിക്കേൾപ്പിക്കണം. എന്നാലേ ഞാൻ നിന്നെക്കൊണ്ട് സിനിമയിൽ പാടിക്കൂ."
 
ചിരിച്ചുകൊണ്ട് എസ് പി ബിയുടെ മറുപടി: "അങ്ങനെയെങ്കിൽ ഒരിക്കലും അങ്ങെനിക്ക് അവസരം തരില്ല. കാരണം റഫി സാഹിബ് പാടിയ പോലെ ഈ പാട്ട് മറ്റാർക്കും പാടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല." അതേ മാസ്റ്റർ  വേണുവിന് വേണ്ടി പിൽക്കാലത്ത്  തെലുങ്കിൽ മനോഹര ഗാനങ്ങൾ  പാടി എസ് പി ബി എന്നോർക്കുക. 

സ്റ്റേജിൽ പാടി വളർന്നത് റഫിയുടെ പാട്ടുകളാണ്.  സിനിമയിലേക്ക്  വഴി തുറന്നതും ആ ഗാനങ്ങൾ തന്നെ. 1964 ൽ ഒരു തെലുഗു സാംസ്കാരിക സംഘടന  അമച്വർ ഗായകർക്ക് വേണ്ടി ചെന്നൈയിൽ നടത്തിയ ഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു തുടക്കം. അന്ന് പാടിയത് "ദോസ്തി"യിലെ ജാനേവാലോ സരാ മുഡ്‌ കേ ദേഖോ മുജേ, "മേരെ മെഹബൂബി"ലെ മേരെ മെഹബൂബ് തുജേ മേരി മൊഹബ്ബത് കി കസം എന്നീ റഫിപ്പാട്ടുകൾ. മത്സരത്തിലെ വിധികർത്താക്കളിൽ ഒരാളായിരുന്ന സംഗീത സംവിധായകൻ കോതണ്ഡപാണിയുടെ മനസ്സിൽ എന്നന്നേക്കുമായി പതിഞ്ഞുപോയിരിക്കണം കൗമാരക്കാരന്റെ  ആലാപനം. രണ്ടു വർഷത്തിന് ശേഷം ഓഡിഷൻ ടെസ്റ്റിന് വേണ്ടി  അതേ കോതണ്ഡപാണിയെ കാണാൻ  ചെന്നപ്പോൾ എസ് പി ബി പാടിയത് "ദോസ്തി"യിലെ പാട്ട് തന്നെ.
 
"ഒരു പാട്ട് പാടാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അന്നും ഇന്നും  പെട്ടെന്നു നാവിൽ വരിക തെലുങ്കു പാട്ടല്ല; റഫി സാഹിബിന്റെ ഹിന്ദി പാട്ടാണ്. ജാനേവാലോ സരാ എന്ന പാട്ടിന്റെ പല്ലവി ചെറിയൊരു മനോധർമ്മ പ്രകടനത്തിന്റെ അകമ്പടിയോയോടെയാണ് ഞാൻ പാടിയത്. അത് കോതണ്ഡപാണി ഗാരുവിന് ഇഷ്ടപ്പെട്ടിരിക്കണം. അതേ വരികൾ എന്നെക്കൊണ്ട് ആവർത്തിച്ചു പാടിച്ചു അദ്ദേഹം." അധികം വൈകാതെ  "ശ്രീ ശ്രീ മര്യാദ രാമണ്ണ" എന്ന പടത്തിൽ കോതണ്ഡപാണിയുടെ സംഗീത സംവിധാനത്തിൽ എസ് പി ബി പിന്നണി ഗായകനായി അരങ്ങേറുന്നു.

മുഹമ്മദ് റഫിയുടെ ആലാപനത്തിലെ പല സൂക്ഷ്മ ഘടകങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് തുറന്നു  പറയാൻ മടിച്ചിട്ടില്ല എസ് പി ബി. ഏറ്റവും പ്രധാനം  അറിഞ്ഞോ അറിയാതെയോ ഗാനങ്ങളിൽ റഫി  സന്നിവേശിപ്പിച്ചിരുന്ന ഭാവാഭിനയത്തിന്റെ നുറുങ്ങുകൾ  തന്നെ. "റഫി സാഹിബിന്റെ പല പാട്ടുകളിലും നിശബ്ദമായ ഒരു ചിരിയുണ്ട്. പൊട്ടിച്ചിരിയല്ല. മനസ്സിൽ നിന്ന് ഊറിവരുന്ന ചിരി.  സിനിമയിലെ ഗാനരംഗത്തിന്റെ പിന്തുണയില്ലാതെ തന്നെ ആ ചിരി നമുക്ക് സങ്കല്പിക്കാനാകും. എന്റെ പാട്ടുകളിൽ കടന്നുവരാറുള്ള ചിരിയെ കുറിച്ച് പലരും പറഞ്ഞുകേൾക്കുമ്പോൾ ഓർമ്മവരിക റഫി സാഹിബിനെയാണ്."

മുഹമ്മദ് റഫിയെ  ഒരേയൊരിക്കൽ നേരിൽ കാണാൻ ഭാഗ്യമുണ്ടായ കഥ എസ് പി ബി വിവരിച്ചു കേട്ടിട്ടുണ്ട്. എൻ ടി രാമറാവു നായകനായ  "ആരാധന" (1976) എന്ന തെലുങ്കു ചിത്രത്തിന്റെ റെക്കോർഡിംഗ് പ്രസാദ് ഡീലക്സ് സ്റ്റുഡിയോയിൽ നടക്കുന്നു. ഹിന്ദി ഹിറ്റ് ചിത്രമായ "ഗീതി"ന്റെ റീമേക്കായ "ആരാധന"യിൽ ഹനുമന്തറാവുവാണ് സംഗീത സംവിധായകൻ. പാട്ടുകൾ പാടുന്നത് സാക്ഷാൽ മുഹമ്മദ് റഫിയും. 
 
അതേ സ്റ്റുഡിയോയിൽ  മറ്റൊരു സിനിമയുടെ റെക്കോർഡിംഗിന്  ചെന്നപ്പോഴാണ് റഫി സാഹിബ് തൊട്ടടുത്തുള്ള  കാര്യം എസ് പി  ബി  അറിയുന്നത്. "എന്റെ പാട്ട് പെട്ടെന്ന് തീർത്ത് അങ്ങോട്ടോടി. എങ്ങനെയും റഫി സാഹിബിനെ കാണുക, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുക എന്നതായിരുന്നു ലക്‌ഷ്യം. റഫി സാഹിബ് പാടിക്കൊണ്ടിരിക്കുകയാണ്. കുറച്ചു നേരം പുറത്തു കാത്തുനിന്ന ശേഷം ടേക്ക് തീർന്നയുടൻ വോയ്സ്  ബൂത്തിൽ കടന്നുചെന്ന് അദ്ദേഹത്തിന്റെ കാലിൽ വീണു. കിടന്നകിടപ്പിൽ തലയുയർത്തി നോക്കി തൊഴുത് നമസ്കാരം സാർ എന്ന് പറയുകയും ചെയ്തു. റഫി സാഹിബ് വാത്സല്യത്തോടെ എന്നെ നോക്കിയത് ഓർമ്മയുണ്ട്.  പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല ഞാൻ. ഉടനടി  എഴുന്നേറ്റ് സ്ഥലം വിട്ടു.  ആരാധനാപാത്രമായ ഗായകനെ  അപ്രതീക്ഷിതമായി അത്രയും അടുത്ത് കണ്ടതിന്റെ ടെൻഷൻ ഉള്ളിലുണ്ടായിരുന്നു. ഇന്നും ആ നിമിഷങ്ങൾ ഓർക്കുമ്പോൾ ജാള്യം തോന്നും. റഫി സാഹിബിനെ കയ്യെത്തും ദൂരെ കിട്ടിയിട്ടും ഒന്നും സംസാരിച്ചില്ലല്ലോ എന്ന ദുഃഖവും.."

റഫിയെപ്പോലെ  സിനിമാലോകത്തെ കെട്ടുകാഴ്ചകളിൽ നിന്നും പൊയ്മുഖങ്ങളിൽ നിന്നും എന്നും സുരക്ഷിതമായ  അകലം പാലിച്ചു എസ് പി ബി. പാടുന്ന പാട്ടുകൾക്കെല്ലാം ഹൃദയവും ആത്മാവും പകർന്നു നൽകി. സ്വന്തം കഴിവുകളിൽ  അഹങ്കരിക്കാതെ ആരാധകർക്ക് മുന്നിൽ എന്നും വിനയാന്വിതനായി. 
 
"നമുക്ക് മുൻപ് പാടിപ്പോയവരുടെ പാട്ടുകൾ കേൾക്കുമ്പോഴാണ്  നമ്മൾ എത്ര ചെറിയവർ എന്ന് മനസ്സിലാകുക. ആ തിരിച്ചറിവുള്ളതു കൊണ്ട്  ഒരിക്കലും അഹങ്കരിക്കാൻ തോന്നിയിട്ടില്ല. വല്ല അഹങ്കാരവും തോന്നിപ്പോയാൽ തന്നെ മനസ്സിൽ നിന്ന് അത് നിമിഷാർദ്ധം കൊണ്ട് തുടച്ചുനീക്കാൻ റഫി സാഹിബിന്റെ ഏതെങ്കിലുമൊരു പാട്ട് കേട്ടാൽ മതി..'' --  സംഗീതസപര്യയിലെന്ന പോലെ ജീവിതത്തിലും സുതാര്യത കാത്തുസൂക്ഷിച്ച യഥാർത്ഥ എസ് പി ബിയെ നാം കണ്ടുമുട്ടുന്നു ഈ വാക്കുകളിൽ. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.