PRAVASI

എസ്.എം. കൃഷ്ണ: ആധുനിക ബെംഗളുരുവിന്‍റെ ശില്പി

Blog Image

വാഷിങ്ടണ്‍ ഡിസി: ഡിസംബര്‍ 10-ന് ചൊവ്വാഴ്ച രാവിലെ 2.45-ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും രണ്ടാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം. കൃഷ്ണ അന്തരിച്ചുവെന്ന വാര്‍ത്ത വന്നതിന് 3 മണിക്കൂറിനുള്ളില്‍ ഗൂഗിള്‍ ട്രെന്‍ഡ്സ് കണക്കുപ്രകാരം 50,000-ല്‍പരം സേര്‍ച്ചുകളാണ് ഗൂഗിള്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടത്. പണ്ടത്തെ ബാംഗ്ലൂരിനെ, ഇന്നത്തെ ബെംഗളൂരു, ഇന്ത്യയുടെ ടെക്ക് സിറ്റി അല്ലെങ്കില്‍ സിലിക്കോണ്‍ വാലിയാക്കി മാറ്റിയ ദീര്‍ഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവ്, രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ വിദേശകാര്യമന്ത്രി എന്ന നിലയില്‍ 'ഇന്ത്യന്‍ ഡിപ്ലോമസി'ക്ക് നല്കിയ സംഭാവനകള്‍ എന്ന നിലകളിലായിരിക്കാം അദ്ദേഹത്തിന്‍റെ വേര്‍പാട് ലോകശ്രദ്ധയാകര്‍ഷിച്ചത്.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ജനിച്ച എസ്.എം. കൃഷ്ണ നിയമബിരുദത്തിനു ശേഷം ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെ ഉപരിപഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 1962-ല്‍ മഥൂര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് കര്‍ണാടക നിയമസഭയിലെത്തിയതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം. പിന്നീട് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി ജയപ്രകാശ് നാരായണന്‍റെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1968-ല്‍ പ്രജാ സോഷ്യലിസ്റ്റിന്‍റെ ലേബലില്‍ മത്സരിച്ച് മാണ്ഡ്യാല മണ്ഡലത്തില്‍ നിന്നും ലോക്സഭയിലെത്തി. 1971-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1989-ല്‍ മഥൂരില്‍ നിന്നും നിയമസഭയിലെത്തി. 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായപ്പോഴാണ് ബാംഗ്ലൂരിന്‍റെ മുഖചിത്രം മാറുന്നത്. കര്‍ണാടകയുടെ വികസനം, ബെംഗളൂരുവിലൂടെയാണെന്ന് വിശ്വസിച്ച അദ്ദേഹം ബെംഗളൂരു അഡ്വാന്‍സ്മെന്‍റ് ഫോഴ്സ് രൂപീകരിച്ചു. പിന്നീട് ബെംഗളൂരുവിന്‍റെ വളര്‍ച്ച ചരിത്രം. വര്‍ഷങ്ങള്‍ക്കുള്ളില്‍ ബെംഗളൂരു ഇന്ത്യയുടെ ഐ.ടി ഹബ് അല്ലെങ്കില്‍ സിലിക്കോണ്‍വാലി ആയി മാറി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹൈദരാബാദിനെ എങ്ങനെ വളര്‍ത്തിയോ അതിലും മികച്ച സാങ്കേതിക മികവോടെ ബെംഗളൂരുവിനെ രാജ്യത്തിന്‍റെ ഐടി തലസ്ഥാനമാക്കി മാറ്റിയത് എസ്.എം. കൃഷ്ണയുടെ ഭരണനേട്ടമാണ്. ഒരു ടെക്ക് കമ്പനിയുടെ സിഇഒയെ പോലെയായിരുന്നു അദ്ദേഹത്തിന്‍റെ വികസനമോഡല്‍.
2009 മുതല്‍ 2012 വരെ എസ്.എം. കൃഷ്ണ മന്‍മോഹന്‍ സിംഗിന്‍റെ രണ്ടാം മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രി ആയിരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലെ വര്‍ഷങ്ങള്‍ നീണ്ട എല്‍ടിടിഇ-ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷം ശ്രീലങ്കയുടെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ഇന്ത്യ നല്കിയ 500 കോടി എയ്ഡ് പാക്കേജിനും 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്കാനും ഇന്ത്യയുടെ സംഭാവനയ്ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. ജഫ്ന 30 വര്‍ഷങ്ങള്‍ക്കു ശേഷം സന്ദര്‍ശിക്കുന്ന ആദ്യത്തെ കാബിനറ്റ് മന്ത്രി എസ്.എം. കൃഷ്ണയായിരുന്നു.
യുഎസ് പ്രസിഡണ്ട് ഒബാമയുടെ കാലത്ത് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഹിലാരി ക്ലിന്‍റണുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന എസ്.എം. കൃഷ്ണ മൂന്നുവട്ടം ഇന്ത്യ-യുഎസ് സ്ട്രാജിക് ഡയലോഗിന്‍റെ കോ-ചെയറുമായിരുന്നു. ഇന്ത്യയെ അമേരിക്കയുടെ സ്ട്രാജിക് പാര്‍ട്ണര്‍ ആയി വിശേഷിപ്പിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. പാക്കിസ്ഥാന്‍റെ വിദേശകാര്യ മന്ത്രിയായിരുന്ന ഹിന റബ്ബാനി ഖാറുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും എസ്.എം. കൃഷ്ണയ്ക്ക് കഴിഞ്ഞത് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലെ മഞ്ഞുരുക്കലിനും കാരണമായി.
2011-ല്‍ അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂവസന്തം (അറബ് സ്പ്രിങ്) ആഞ്ഞടിച്ചപ്പോള്‍ പ്രത്യേകിച്ച് ഈജിപ്റ്റിലെയും ലിബിയയിലെയും ഭരണമാറ്റം നടക്കുന്നതും എസ്.എം. കൃഷ്ണ വിദേശകാര്യമന്ത്രി ആയിരിക്കുമ്പോഴാണ്. ആഭ്യന്തര വിപ്ലവകാലത്ത് ലിബിയയില്‍ കുടുങ്ങിയ 16,000 ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതും എസ്.എം. കൃഷ്ണയുടെ മേല്‍നോട്ടത്തിലായിരുന്നു.
2009 മുതല്‍ 2012-ല്‍ വിദേശകാര്യ മന്ത്രിസ്ഥാനം ഒഴിയുന്നതുവരെ അദ്ദേഹം വാഷിങ്ടണിലെത്തിയിരുന്ന അവസരങ്ങളിലാണ് എനിക്ക് അദ്ദേഹവുമായി സുഹൃദ്ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റിലും ഇന്ത്യന്‍ അംബാസഡറുടെ വസതിയിലും നടന്ന വിരുന്നുസല്‍ക്കാരങ്ങളില്‍ പങ്കുചേരാനും എനിക്കായി. ഇ-മെയിലുകള്‍ക്ക് കൃത്യമായി മറുപടി നേരിട്ട് എഴുതി അയയ്ക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു.
എംഎല്‍എ, സ്പീക്കര്‍, ലോക്സഭാംഗം, രാജ്യസഭാംഗം, മുഖ്യമന്ത്രി, മഹാരാഷ്ട്ര ഗവര്‍ണര്‍, വിദേശകാര്യമന്ത്രി എന്നീ നിലകളില്‍ ശോഭിച്ച അദ്ദേഹത്തിന് 2023-ല്‍ രാഷ്ട്രം പത്മപുരസ്കാരം നല്കി ആദരിച്ചു. നവ ബെംഗളൂരുവിന്‍റെ ശില്പി എന്ന നിലയിലായിരിക്കും കാലം അദ്ദേഹത്തെ സ്മരിക്കുക. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്‍റെ ആദരാഞ്ജലികള്‍!

ബിനോയ് തോമസ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.