PRAVASI

പുകവലിക്കാത്തതിന്റെ കാരണം പറഞ്ഞ് കുഞ്ചാക്കോ ബോബൻ; അപ്പൻ ചെയിൻ സ്മോക്കർ ആയിരുന്നു, ഭവിഷ്യത്ത് നേരിട്ട് കണ്ടു, ‘തീവണ്ടി’ വേണ്ടെന്ന് വെച്ചു

Blog Image

പുകവലിക്കാത്തതിന്റെയും മദ്യപിക്കാത്തതിന്റെയും കാരണം വ്യക്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. തന്റെ അപ്പൻ സ്ഥിരമായി പുകവലിക്കുന്ന ആളായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിയതുകൊണ്ടാണ് ഇതൊന്നും ഉപയോഗിക്കാത്തതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പുകവലിയുടെ ഏറ്റവും മോശമായ അവസ്ഥ നേരിട്ട് കണ്ടനുഭവിച്ചത് തന്നെയാണ് പ്രധാന കാരണമെന്നും, താൻ ഒരിക്കൽ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിലും അതിന്റെ രസം എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയ്ക്കായി പുക ഉള്ളിലേക്ക് വലിച്ചെടുത്താൽ അഞ്ച് മിനിറ്റോളം തലകറങ്ങി നിൽക്കേണ്ടി വരുമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതുകൊണ്ട് തന്നെ ഷോട്ടുകളിൽ വെറുതെ പുക ഊതിവിടുക മാത്രമാണ് ചെയ്യാറുള്ളതെന്നും, ഉള്ളിലേക്ക് വലിച്ചെടുത്ത് ചെയ്യണമെങ്കിൽ ആ ഷോട്ട് ആദ്യമേ ശരിയാകണമെന്നും, ഇല്ലെങ്കിൽ പത്ത് മിനിറ്റ് കഴിഞ്ഞേ അടുത്ത ഷോട്ട് എടുക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തീവണ്ടി’ എന്ന സിനിമയുടെ കഥ തന്നോട് പറഞ്ഞിരുന്നതാണെങ്കിലും, അതിൽ തുടർച്ചയായി സിഗരറ്റ് വലിക്കേണ്ടി വരുമെന്നതിനാലാണ് വേണ്ടെന്ന് വെച്ചതെന്നും താരം വെളിപ്പെടുത്തി. ഉള്ളിലേക്ക് വലിച്ചെടുത്ത് ചെയ്യുന്നത് പ്രയാസമായതുകൊണ്ടും, അങ്ങനെ ചെയ്താൽ സിനിമ തീരാൻ ഒരു വർഷമെടുക്കുമെന്ന് തോന്നിയതുകൊണ്ടുമാണ് പിന്മാറിയതെന്നും മദ്യത്തിന്റെ മണം പോലും തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ തൊട്ടുനോക്കിയിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹൈ സ്പോർട്സ്, സംഗീതം, ഡ്രൈവിങ്, പ്രകൃതിയിലേക്ക് ഇറങ്ങുക, സിനിമകൾ എന്നിവയിലൂടെയാണ് താൻ സന്തോഷവും ആവേശവും കണ്ടെത്തുന്നതെന്ന് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. മറ്റുള്ളവർക്കും സ്വന്തം ആരോഗ്യത്തിനും മനസ്സിനും ഒരു ദോഷവും വരുത്താത്ത രീതിയിലുള്ള ആനന്ദമാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.