PRAVASI

സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീകുമാരൻ തമ്പി; ‘എന്നെക്കാൾ ചെറുപ്പം, മറവിരോഗത്തിൽ നിന്ന് രക്ഷപ്പെടട്ടെ..!

Blog Image

പാർലമെന്റിൽ ആവേശത്തോടെ പാട്ടുപാടിയെങ്കിലും ഗാനരചയിതാവിന്റെ പേര് വിട്ടുകളഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റിയതിൽ സന്തോഷം പ്രകടിപ്പിച്ച് സഭയിൽ ‘കേരളം കേരളം…’ എന്ന് തുടങ്ങിയ പ്രശസ്ത ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു. എന്നാൽ ഈ വരികൾ എഴുതിയ തന്റെ പേര് പരാമർശിക്കാൻ തയ്യാറാകാത്ത മന്ത്രിയുടെ നടപടിയിൽ കടുത്ത അതൃപ്തിയും പരിഹാസവുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങില്ലായിരിക്കാമെന്നും, പാട്ടിനു മുൻപ് വയലാറിന്റെയും ദേവരാജന്റെയും പേരുകൾ പറഞ്ഞതുകൊണ്ട് ഈ ഗാനവും വയലാർ എഴുതിയതാണെന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് സുരേഷ് ഗോപി കരുതിക്കാണുമെന്നും ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി.

തന്നെ ‘ഒരു മഹാകവി’ എന്ന ലേബലിൽ ഒതുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. താൻ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയതും, ആദ്യമായി നായകനാക്കിയതുമായ പഴയ കാല ഓർമ്മകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു. താൻ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ വില്ലനാക്കിയതും, ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ നിർബന്ധിച്ച് നായകനാക്കിയതും അദ്ദേഹം എടുത്തുപറഞ്ഞു.

‘അക്ഷരത്തെറ്റ്’ റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ തന്നെ വിളിച്ച് കുടുംബത്തിന്റെ നന്ദി അറിയിച്ചത് ഇന്നും ഓർക്കുന്നുണ്ടെന്നും, എന്നാൽ ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കേണ്ടതില്ലെന്ന സത്യം തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു” എന്ന് പറഞ്ഞ അദ്ദേഹം, തന്റെ മറ്റു ചില പ്രശസ്തമായ വരികളും സുരേഷ് ഗോപി ഇനി പാടുമ്പോൾ ഓർക്കണമെന്ന് പരിഹസിച്ചു.

സിനിമാലോകത്തെ പഴയകാല ബന്ധങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും തമ്മിലുള്ള പോര് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.