ആദിവാസി സമൂഹത്തിനെ അവഹേളിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനം ശക്തമാകുന്നു. പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐയും ആദിവാസി നേതാവ് സികെ ജാനുവും രംഗത്തെത്തി. സുരേഷ് ഗോപിയുടെ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തത് എന്നാണ് സിപിഐയുടെ വിമർശനം. കേന്ദ്രമന്ത്രി ചാതുർവർണ്യത്തിൻ്റെ കുഴലൂത്തുകാരനായി. മന്ത്രിസഭയിൽ നിന്നും സുരേഷ് ഗോപിയെ പ്രധാനമന്ത്രി പുറത്താക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാണ് സിപിഐയുടെ ആവശ്യം.
ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂർവം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭ്യർത്ഥിച്ചു. ആദിവാസി വിരുദ്ധവും കേരളവിരുദ്ധവുമായ പ്രസ്താവനകൾ ചെയ്യുന്ന ഈ മന്ത്രിമാരുടെ നടപടികളെ കുറിച്ച് കേരളത്തിലെ ബിജെപിയുടെ പ്രതികരണം അറിയാൻ കേരള ജനതയ്ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമർശനവുമായി ആദിവാദി നേതാവ് സികെ ജാനു രംഗത്ത് വന്നു. വളരെ തരംതാണ പ്രസ്‌താവന എന്നാണ് സികെ ജാനു ഇതിനെ വിശേഷിപ്പിച്ചത്. ഈ കാലമത്രയും ആദിവാസി വിഷയങ്ങളിൽ ഇടപെട്ടതും തീരുമാനിച്ചതും ഒക്കെ സവർണർ തന്നെയാണ്. ഇതുവരെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ഈ കാര്യങ്ങളുടെ ഭാഗമാകുകയോ ഇടപെടുകയും ഒന്നും ചെയ്‌തിട്ടില്ലെന്നും സികെ ജാനു വിമർശിച്ചു. സവർണ ചിന്താഗതിയിൽ നിന്നും ഉയർന്നു വരുന്ന വാക്കുകളാണ് സുരേഷ് ഗോപിയുടേത്. അത് തരംതാഴ്ന്നതും വളെരെ മോശവുമാണ്. കേന്ദ്രമന്ത്രിക്ക് ഇപ്പോഴും യഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടില്ലെന്നും ജാനു കുറ്റപ്പെടുത്തി.
“ആദിവാസികളുടെ ജീവിതം ഇത്തരം മോശമായ അവസ്ഥയിലേക്ക് പോവുന്നുണ്ടെങ്കിൽ അതിന്റെ കുറ്റകരമായിട്ടുള്ള ഉത്തരവാദികൾ സുരേഷ് ഗോപിയെപ്പോലുള്ള ആളുകൾ തന്നെയാണ്. അയാൾ ഈ കാലമത്രയായിട്ടും ഈ കാര്യങ്ങൾ ഒന്നും മനസിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ. ഇങ്ങനെ സവർണ മനോഭാവം വച്ചുപുലർത്തുന്നത് ഒരിക്കലും നല്ല കാര്യമല്ല” – സികെ ജാനു പറഞ്ഞു.
ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണന്നാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അങ്ങനെയൊരു വകുപ്പ് വേണമെന്നാണ് തൻ്റെ ആവശ്യം. എങ്കിൽ മാത്രമേ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാവുള്ളൂ. അങ്ങനെയൊരു വകുപ്പ് വേണമെന്നാണ് തൻ്റെ ആവശ്യം. ഇക്കാര്യം താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യപരമായി അത്തരം മാറ്റങ്ങൾ കൊണ്ടുവരണം, തനിക്ക് ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമർശം.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഏകസ്വരത്തിൽ ഉയർത്തിയത്. ജോർജ് കുര്യൻ രാജിവച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ലെന്നും പരാമർശത്തിൽ ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രതികരിച്ചു.