വത്തിക്കാന്‍: ആഗോള സഭയില്‍ ക്രിസ്തുജയന്തിയുടെ മഹാജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി, സീറോമലബാര്‍ സഭയ്ക്ക് പ്രത്യേകം നിയോഗിക്കപ്പെട്ട ദിവസമായിരുന്നു മെയ് 13 ചൊവ്വാഴ്ച. സെന്‍റ് പീറ്റേഴ്സ് ബസിലിക്കായില്‍ നടത്തപ്പെട്ട സമൂഹബലിയില്‍ കാല്‍ഡിയന്‍ സഭാ പാത്രിയര്‍ക്കീസ് മാര്‍ ലൂയിസ് സാക്കോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്കി. എല്ലാ സഭകളും കൂടുതല്‍ ഐക്യത്തിലും പരസ്പര വിശ്വാസത്തിലും സഹകരണത്തിലും മുന്നോട്ടു പോകണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ബോധിപ്പിച്ചു. സീറോമലബാര്‍ സമൂഹത്തിന് ആഗോളതലത്തില്‍ കൂടുതല്‍ വളരുവാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും നിലവിലുണ്ട്. ദൈവവിശ്വാസത്തിലും പരസ്പര സ്നേഹത്തിലും ഉറച്ച നിലപാടുമായി ക്രൈസ്തവജീവിതം കരുപ്പിടിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് തട്ടില്‍ പിതാവ് വിശ്വാസിസമൂഹത്തെ ഓര്‍മ്മിപ്പിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചിക്കാഗോ സീറോമലബാര്‍ രൂപത ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, കല്യാണ്‍ ബിഷപ് മാര്‍ തോമസ് ഇലവനാല്‍, കാനഡ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ തുടങ്ങിയവര്‍ സമൂഹബലിയില്‍ സഹകാര്‍മ്മികരായിരുന്നു.
ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ രൂപതയില്‍ നിന്നും ബിഷപ് മാര്‍ ജോയി ആലപ്പാട്ടിന്‍റെ നേതൃത്വത്തില്‍ 50-ല്‍പ്പരം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തു. പൗരസ്ത്യസഭാ കാര്യാലയത്തിന്‍റെ പ്രീഫക്റ്റ് കാര്‍ഡിനല്‍ ക്ലാവുഡിയോ ഗുജറോത്തിയെ സമൂഹബലിക്കു ശേഷം സെന്‍റ് പീറ്റേഴ്സ് ബസിലിക്കായില്‍ വെച്ച് ബിഷപ് മാര്‍ ജോയി ആലപ്പാട്ട് സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

