PRAVASI

മഞ്ജുവിനെതിരായ നീക്കം അപലപനീയം;സനൽ കുമാർ ശശിധരനെതിരെ വി. ശിവൻകുട്ടി

Blog Image


സെക്രട്ടേറിയറ്റിന് മുന്നിൽ എട്ടുദിവസമായി നിരാഹാരസമരം തുടരുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ വിമർശനവുമായി സി.പി.എം നേതാവും മുൻമന്ത്രിയുമായ വി. ശിവൻകുട്ടി. നടി മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്നത് തരംതാണ കോപ്രായങ്ങളാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിതവും നിലപാടുകളും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിൽ ഇടപെടാനോ വ്യാജ ആരോപണങ്ങളിലൂടെ നീതിയെ ചോദ്യം ചെയ്യാനോ ആർക്കും അവകാശമില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും മഞ്ജുവിന്റെ വർഷങ്ങളായുള്ള കഠിനാധ്വാനത്തെ തകർക്കാനുള്ള ശ്രമം വ്യക്തിഹത്യയും മാനസിക പീഡനവുമാണെന്നും അദ്ദേഹം ആരോപിച്ചു. കലാകാരിയുടെ ആത്മാഭിമാനത്തിനെതിരായ നീക്കത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം നിലകൊള്ളണമെന്നും സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്. സർക്കാർ സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ തന്റെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്നാണ് സംവിധായകൻ നേരത്തെ പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ അരികിൽവെച്ചാണ് അദ്ദേഹം നിരാഹാരം തുടരുന്നത്. ഇതിനിടെ മഞ്ജു വാര്യർ സംവിധായകനെതിരെ കോടതിയെ സമീപിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിലെ ഒപ്പ് മഞ്ജുവിന്റേതല്ലെന്നാണ് സനൽ കുമാർ ശശിധരന്റെ പ്രതികരണം.

സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരും രംഗത്തെത്തിയിരുന്നു. മഞ്ജുവിനൊപ്പം കുടുംബം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രതികരണം. അതേസമയം, മഞ്ജുവിനെതിരായ ആരോപണങ്ങളും സനൽ കുമാർ ശശിധരന്റെ സമരവും സംബന്ധിച്ച വിഷയത്തിലാണ് ഇപ്പോൾ വി. ശിവൻകുട്ടിയുടെ പരസ്യ പ്രതികരണവും ഉണ്ടായിരിക്കുന്നത്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.