PRAVASI

ലോക കേരളസഭയും ഒരു സാഹിത്യ സമ്മേളനവും

Blog Image

എന്നാലും ഇതൊരു വല്ലാത്ത 'വിസ്മയ'മായിപ്പോയി എന്‍റെ പൊന്നു സതീശാ! അധികാരത്തില്‍ കയറിയിട്ട് നൂറു ദിവസം കഴിഞ്ഞതല്ലേയുള്ളൂ? താങ്കളെന്താ പിണറായിക്കു പഠിക്കുകയാണോ? കണ്ണില്‍ ചോരയില്ലാത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ കൂടി പരിഗണിക്കേണ്ടേ?
ഇനി ഞാന്‍ എന്‍റെ ഭാര്യയുടെ മുഖത്ത് എങ്ങനെ നോക്കും? അല്ലെങ്കില്‍ത്തന്നെ അടുത്ത കാലത്തായി അവള്‍ക്ക് എന്നോടുള്ള മതിപ്പ് കുറഞ്ഞുവരുന്നുണ്ടോയെന്ന് എനിക്കൊരു സംശയമുണ്ട്.
വാര്‍ത്ത കണ്ടുകൊണ്ടിരുന്ന വര്‍ക്കിച്ചന്‍ പെട്ടെന്ന് വെടികൊണ്ട പന്നിയെപ്പോലെ വെറളിപിടിച്ച് ഓടി നടക്കുന്നു.
'എന്തു പറ്റി മനുഷ്യാ നിങ്ങള്‍ക്ക്?'
വര്‍ക്കിച്ചന്‍ വെപ്രാളപ്പെട്ട് ഓടിനടക്കുന്നതു കണ്ട് കൊച്ചമ്മിണി കാര്യം തിരക്കി. എന്തു പറഞ്ഞാലും കഴുത്തില്‍ താലി കെട്ടിയവനല്ലേ? അങ്ങേരു തട്ടിപ്പോയിട്ടു വേണം, കിട്ടുന്ന ഇന്‍ഷ്വറന്‍സ് കാശുകൊണ്ട് ലോകമൊന്നു ചുറ്റിക്കറങ്ങാന്‍. അതാണ് കൊച്ചമ്മിണിയുടെ മോഹം.
രാവിലെ ഒരു 'സ്മോള്‍' ചെല്ലാത്തതിന്‍റെ വിറയലായിരിക്കുമെന്നാണ് കൊച്ചമ്മിണി ആദ്യം കരുതിയത്. എന്നാല്‍, കാര്യം അതുക്കും മേലേ ഗൗരവമുള്ളതാണ്.
'ലോക കേരളസഭ' ഇനി തുടരേണ്ട എന്ന തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു.
ടി.വി.യില്‍ എഴുതിക്കാണിക്കുന്ന വാര്‍ത്ത കൊച്ചമ്മിണിയുടെ ശ്രദ്ധയില്‍പ്പെട്ടു.
'കണക്കായിപ്പോയി.' കൊച്ചമ്മിണി പറഞ്ഞതിന്‍റെ പൊരുള്‍ പൂര്‍ണ്ണമായും വര്‍ക്കിക്ക് ഉള്‍ക്കൊള്ളാനായില്ല.
'ലോക കേരളസഭയിലേക്ക് എന്നെ വീണ്ടും തെരഞ്ഞെടുത്തു' എന്നു പറഞ്ഞ് കൊച്ചമ്മിണിയുടെ മുന്നില്‍ക്കൂടി ഗമയില്‍ ഒരു നടപ്പുണ്ടായിരുന്നു. പങ്കെടുക്കുന്നവരെ തന്നെയാണ് വീണ്ടും വീണ്ടും പങ്കെടുപ്പിക്കുന്നത് എന്നൊരു വിസ്മയം ഈ  ലോക കേരളസഭയ്ക്കുണ്ടായിരുന്നു. എന്തായിരിക്കും അതിന്‍റെ ഗുട്ടന്‍സ്. മിക്കവാറും മന്ത്രിമാരുടെ പെട്ടിതാങ്ങികള്‍ക്കാണ് മുന്‍ഗണന.
സംഗതി പട്ടി ചന്തയ്ക്കു പോയതു പോലെയുള്ള ഒരു ഉഡായിപ്പ് ഏര്‍പ്പാട് ആണെന്നറിയാമെങ്കിലും പോകുന്നതിനു മുന്‍പ് വിദ്യാഭ്യാസ യോഗ്യതയും ഉന്നത ഉദ്യോഗപദവിയും മറ്റും കാണിച്ച് പത്രത്തില്‍ ഒരു ഫോട്ടോ പടം കൊടുക്കാം. താനൊരു സംഭവമാണെന്ന് നാലാളറിയുന്നത് ഒരു നിസ്സാര സംഗതിയല്ലല്ലോ! 
സർക്കാർ  ചെലവില്‍ യാത്ര, താമസസൗകര്യം, വരാല്‍ കറി കൂട്ടി മൂന്നുനേരം മൃഷ്ടാഹ്ന ഭക്ഷണം. ഭാര്യ കൂടെയില്ലാത്തതിനാല്‍ സ്വന്തം ചെലവില്‍ ഒരു 'സുഖചികിത്സ'യുമാകാം.
ലോക കേരളസഭയില്‍ പോയി മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചിട്ടു കാര്യമില്ല. അവിടെയുള്ള മന്ത്രിമാര്‍ 'മൂലക്കുരു' ചികിത്സയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കക്കാണ് വരുന്നത്. ഭരണം പോയതോടു കൂടി 'നാടന്‍ ചികിത്സയല്ലോ സുഖപ്രദം' എന്ന മട്ടിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്.
പിന്നെ അമേരിക്കന്‍ മലയാളികളുടെ യാത്രാക്ലേശം! എന്തു ക്ലേശം? ടിക്കറ്റെടുക്കുക, മതിയായ രേഖകള്‍ കൈയില്‍ കരുതുക. സംഗതി ഫ്രീ ആയതുകൊണ്ട് ഒരു 'വീല്‍ ചെയര്‍' സൗകര്യം കൂടി വേണമെങ്കില്‍ ഉപയോഗിക്കാം.
ലോക കേരളസഭയില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ മലയാളികളുടെ വായ Duct Tape വെച്ച് ഒട്ടിച്ചാണ് അകത്തോട്ട് പ്രവേശിപ്പിക്കുന്നത്. കമാന്നൊരക്ഷരം മിണ്ടാന്‍ അനുവാദമില്ല. ഇനി വല്ല വിവരദോഷികളും എന്തെങ്കിലും ചോദിച്ചാല്‍ തന്നെ 'വീട്ടില്‍ പോയിട്ട് ചോദിക്കടാ' എന്ന മറുപടിയായിരിക്കും കിട്ടുന്നത്.
ഇതിനു മൂര്‍ത്തമായ സമയത്ത് മൂര്‍ത്തമായ മറുപടി കൊടുക്കണം. ഏതായാലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി.സതീശന്‍ അമേരിക്കക്ക് വരാതിരിക്കില്ല. അന്ന് ആ പീക്കിരി പിള്ളേര്‍ ഉയര്‍ത്തിയ ബാനര്‍ ഉണ്ടല്ലോ-'പോടാ മോനേ! സതീശാ' എന്നുള്ളത്. അത് ഉയര്‍ത്തിക്കാട്ടി വേണം അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ വെച്ച് വരവേല്‍ക്കേണ്ടത്.
വായനക്കാരുടെ മനോഭാവം മാറണം: അമേരിക്കയില്‍ വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണെന്നുള്ള ഒരു ആരോപണം കാലാകാലങ്ങളായി നിലവിലുണ്ട്. ഇത് ശുദ്ധ അസംബന്ധമാണ്.
വായനക്കാര്‍ വായിക്കുന്നതു കൊണ്ടാണല്ലോ, ഇവിടെ വായനക്കാരില്ലെന്ന് വായിക്കുന്നവര്‍ തന്നെ പറയുന്നത്. ഇവിടെ ജനിക്കുന്ന കൃതികള്‍ക്കൊന്നും ഒരു മണവും ഗുണവുമില്ലെന്നാണ് ചില മണക്കൂസുകള്‍ പറഞ്ഞു പരത്തുന്നത്.
ഒരു കഥയുമില്ലാത്ത ചെറുകഥകള്‍, കാമ്പും കുഴമ്പുമില്ലാത്ത ലേഖനങ്ങള്‍, അന്തവും കുന്തവുമില്ലാത്ത, വായിച്ചാല്‍ മനസ്സിലാകാത്ത കവിതകള്‍, ഇക്കിളിയിട്ടാല്‍ പോലും ചിരിവരാത്ത ഹാസ്യകൃതികള്‍.. ഒന്നും ഒരു വകയ്ക്കും കൊള്ളില്ല.
ഈ ആരോപണങ്ങള്‍ കേട്ട് സാഹിത്യകാരന്മാര്‍ വെറുതേയിരുന്നില്ല. ആദ്യം ഈ വിഷയം താഴെത്തട്ടിലുള്ള ലോക്കല്‍ സാഹിത്യ സംഘടനകളല്‍ ചര്‍ച്ച ചെയ്തു.
ഇവിടുത്തെ സാഹിത്യ സൃഷ്ടികള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. കുറ്റം വായനക്കാരുടേതാണെന്ന് അവര്‍ വിലയിരുത്തി.
'എഴുത്തുകാരെ മാറ്റാന്‍ ശ്രമിക്കരുത്
വായനക്കാരുടെ മനോഭാവമാണ് അടിയന്തരമായി മാറ്റേണ്ടത്.
നമ്മുടെ കൃതികള്‍ മനസ്സിലാകുന്നില്ലെങ്കില്‍
വായനക്കാരന്‍ വീണ്ടും വായിക്കണം' എന്ന പ്രമേയം കൈയടിച്ചു പാസ്സാക്കി.
അമേരിക്കന്‍ മലയാളികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ പ്രശ്നം ചര്‍ച്ച ചെയ്യുവാന്‍ ഒരു വിശാല സാഹിത്യസമ്മേളനം നടത്തുവാന്‍ തീരുമാനമായി. അവിടെ ആര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയാം.
ഇവിടെയുള്ള 'ലോക്കല്‍' സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ ഒന്നുകൂടി മെച്ചപ്പെടുത്തുവാനുള്ള ചില പൊടിക്കൈകള്‍ പഠിപ്പിച്ചു തരുവാന്‍ നാട്ടില്‍ നിന്നുമുള്ള സാഹിത്യ പ്രതിഭകളേയും ക്ഷണിച്ചിട്ടുണ്ട്.
'ഏതായാലും നിലവിലുള്ള 'ലോക്കല്‍" എഴുത്തുകാര്‍
അവരുടെ ശൈലി മാറ്റുവാന്‍ ഉദ്ദേശിക്കുന്നില്ല.
പ്രശ്നം അവരുടെ എഴുത്തിലല്ല
വായനക്കാരുടെ നിലവാരത്തിലാണ്.
രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.