ഇരുപത് വര്‍ഷം മുന്നെ മരിച്ച ഏതെങ്കിലും ഒരാളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍, അതായത് കാഴ്ചയില്‍ എങ്ങനെയായിരുന്നു, ഉയരം, നിറം, ശബ്ദം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ഇവയൊക്കെ നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞല്ലോ എന്ന് നാം പരിഭവിക്കും. പക്ഷേ, അത് സ്വാഭാവികമാണ്, പ്രകൃതിയുടെ ഒരു രീതി.
രണ്ട് ദശാബ്ദങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും ഇന്നലെ സംഭവിച്ചതുപോലെ: വിവരം അറിഞ്ഞ നിമിഷം Sales Meeting-ല്‍ നിന്നും വേഗം ഇറങ്ങി വണ്ടിയില്‍ കയറുന്നത്, വഴിയില്‍ വന്ന ഓരോ ഫോണ്‍ വിളികള്‍, രണ്ടര മണിക്കൂറിനുശേഷം ജഡത്തിനു സമീപമെത്തുന്നത്. ഇവയൊക്കെ കരിയാത്ത വ്രണം പോലെ നീറ്റലോടെ മനസ്സില്‍ എങ്ങനെ ഇന്നും നിലനില്‍ക്കുന്നു എന്നുള്ള ചോദ്യത്തിനും ഉത്തരമുണ്ട്, സന്താനങ്ങളെ നഷ്ടപ്പെടുന്നത് പ്രകൃതിക്ക് വിപരീതമായുള്ള പ്രതിഭാസമാണ്, സര്‍ക്കാര്‍ ഓഫീസുകളില്‍ Seniority തെറ്റിച്ച് Promotion കൊടുക്കുംപോലെ, ഒരിക്കലും പൊറുക്കാനാവില്ല.
നര്‍മ്മത്തില്‍ പൊതിഞ്ഞ് ജീവിതസത്യങ്ങള്‍ വിളമ്പിയിരുന്ന Mark Twain പറയുന്നത് ഇങ്ങനെയാണ്: There are two days thats most important in our life. One is the day we are born and the second is when we realize why we are born.
പൂര്‍ണ്ണ ആരോഗ്യവാനായ ഒരു യുവാവ് അല്ലെങ്കില്‍ യുവതി, പൊടുന്നനെ ശ്വാസം വലിക്കല്‍ എന്നുള്ള ക്രിയ തുടരേണ്ടാ എന്നു തീരുമാനിക്കുന്നു. ഘടികാരം നിന്നുപോകും പോലെ സമയം നിശ്ചലമാകുന്നു. ചുമ്മാ, Simply പ്രത്യേകിച്ച് ആരെയും പഴി പറയാന്‍ ഒരു കാരണവും തരാതെ.
ഏത് നായീന്‍റെ മോനാണ് ഞങ്ങളുടെ മകന്‍ 23 വര്‍ഷം ജീവിച്ചാല്‍ മതി എന്നുള്ള തീരുമാനം എടുത്തത്? പരലോകത്ത് എത്തുമ്പോള്‍ എന്‍റെ ആദ്യത്തെ നടപടി ആ പഹയനെ കണ്ടുപിടിച്ച് കുനിച്ച് നിര്‍ത്തി ഇടിച്ച് ചതക്കലാണ്.
ANAND KAMICHERIL
പഴയ വേദാന്തങ്ങളില്‍ എവിടെയോ മേല്‍പ്പറഞ്ഞ ക്രൂരമായ തീരുമാനങ്ങള്‍ എടുക്കുന്ന വില്ലന്‍ ആരാണ് എന്നുള്ളതിന് ഇങ്ങനെയൊരു വിചിത്രമായ കാഴ്ചപ്പാട് കൊടുത്തിട്ടുണ്ട്.
കാലനാണ് നമ്മെ കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നത്, ശരിയാണ്. പക്ഷേ, പഴയ ഋഷികളുടെ യുക്തി അനുസരിച്ച് കാലനല്ല സാക്ഷാല്‍ കാലമാടന്‍, മറ്റൊരുവനാണ്. രണ്ടായിരത്തിയാറ് ആഗസ്റ്റ് 31-ാം തീയതി രാവിലെ സുമുഖനും മിതഭാഷിയുമായ ആനന്ദ് ജോസഫ് പോത്തന്‍ കാമിച്ചേരിയെ പോയി തട്ടിക്കോ, എന്നുള്ള ആജ്ഞ കാലന് കൊടുക്കുന്നത് കാലമാണ്.
വയലാര്‍ യേശുദാസിനെക്കൊണ്ട് പാടിപ്പിക്കുന്നത് ഇങ്ങനെയാണ്:
അഗാഥനീലിമയില്‍, അപാര ശൂന്യതയില്‍
കാലം കനകകിനാവുകളാലെ, കടലാസ്സു കോട്ടകള്‍ തീര്‍ക്കും
ഓരോ കടലാസു കോട്ടകള്‍ തീര്‍ക്കും
അറിയാതെ, അറിയാതെ അഭിലാഷങ്ങള്‍
അതിനുള്ളില്‍ മേഞ്ഞു നടക്കും
മോഹം മലര്‍ മന്‍ജന്‍ ഏറി നടക്കും
ഒരു കൊടുങ്കാറ്റത് തല്ലിത്തകര്‍ക്കും
ഇത് വിധിയുടെ മൗന വിനോദം
നാം പ്രായോഗികമായി ചിന്തിക്കണം, പോസിറ്റീവ് ആകണം. പോയത് പോയി, അതിനിപ്പോള്‍ ഒന്നും ചെയ്യാനില്ല. പഴയപടി ഉഷാറോടെയുള്ള ജീവിതത്തിലേക്ക് മടങ്ങണം. മരിച്ച വീടുകളില്‍ കേള്‍ക്കുന്ന പതിവ് സമാധാനിപ്പിക്കല്‍ അങ്ങനെയൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കുറ്റം പറയുന്നതും ശരിയല്ല. അല്ലാതെ പിന്നെ എന്താ പറയുക. എടോ മകനെ നഷ്ടപ്പെട്ട തന്തപ്പടി, താന്‍ പോയി ആത്മഹത്യ ചെയ്യുന്നതായിരിക്കും ബുദ്ധി, എന്നൊരു സത്യസന്ധമായ ഡയലോഗ് പറ്റില്ലല്ലോ.
Time is the great healer എന്ന് സായ്പ്പ് പറയുംപോലെ കുറെ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാലത്തിന്‍റെ നിഷ്ഠൂരത എന്നുള്ള പദപ്രയോഗത്തിലും ഉചിതം നിസ്സംഗത എന്നുള്ള വാക്കായി തോന്നിത്തുടങ്ങും. കാരണം, നമ്മളും അവിടെയെത്തും. നമ്മള്‍ സുല്ലിട്ട്, വിധിമഹിമ അലംഘനീയം എന്നൊക്കെയുള്ള നിലപാടിലേക്ക് മെല്ലെ എത്തുമ്പോള്‍ ഒരു പതിവ് അന്വേഷണം തുടങ്ങും. മകന്‍റെ അകാലമൃത്യു മുഖേന ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടായോ, എന്തെങ്കിലും?
നേരിയ രീതിയില്‍ ഇതിനൊരുത്തരം കിട്ടിയെന്നു തന്നെ പറയാം. രണ്ടു കാര്യങ്ങള്‍.
മക്കള്‍ മരിച്ച വീടുകള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ എന്നെ കാണുമ്പോള്‍ അവരില്‍ ഉളവാകുന്ന ഒരുതരം ആശ്വാസം, അല്ലെങ്കില്‍ കൂട്ടായ്മയെ, ഇങ്ങനെ വേണേല്‍ വര്‍ണ്ണിക്കാം; ഇതാ വന്നിരിക്കുന്നു. വളരെ ചുരുക്കം പേര്‍ക്ക് പ്രവേശനമുള്ള നമ്മുടെ Exclusive ക്ലബിലെ ഒരംഗം.
എനിക്കിപ്പോള്‍ ആനന്ദിനെ 24/7 avilable ആയി മാറി-എപ്പോഴും On line ഉണ്ട്. ഏത് നേരത്തും കാലത്തും ആള് എന്‍റെയൊപ്പമുണ്ട്. സംസാരിക്കാം, ആവശ്യങ്ങള്‍ ഉന്നയിക്കാം, തമാശ പറയാം, പരാതികള്‍ രേഖപ്പെടുത്താം, എന്തും. Two way dialogueകൂടിയാണെന്നു പറയാം. കാരണം ഇടയ്ക്കൊക്കെ പ്രകൃതിയെ ഉപയോഗിച്ച്, അതായത് പരുന്തുകള്‍, Humming birds, മാന്‍പേടകള്‍, ചിത്രശലഭങ്ങള്‍, റേഡിയോ പാട്ടുകള്‍ ഇവയൊക്കെ വഴി അവന്‍ എന്നെ കണ്ണ് ചിമ്മി കാണിക്കും. ഇതിനാണ് Sigmund
Freud˛-ന്‍റെ ആദ്യം assistant പിന്നീട് വിരോധി ആയി മാറിയ Carl Jung എന്ന Psychologist Synchronivity എന്നുള്ള പദം നിര്‍മ്മിച്ചത്. സരളമായ തര്‍ജ്ജമ ഇങ്ങനെയാണ്:
Nature winking at you

ജയന്ത് കാമിച്ചേരില്‍
ആഫ്രിക്കയില്‍ ജനനം, കുമരകത്ത് പ്രാഥമിക വിദ്യാഭ്യാസം, തൃശൂര്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം, FACT-യില്‍ ഇരുപത് വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഐക്യനാടുകളിലേക്ക് കുടിയേറി. കാല്‍ നൂറ്റാണ്ടായിട്ട് അമേരിക്കയില്‍ ഭക്ഷണ പദാര്‍ത്ഥ കമ്പനിയില്‍ വില്പന വിഭാഗത്തില്‍ ജോലി.
2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മലയാളത്തിലുള്ള രചനകള്‍ സമകാലിക മലയാളം, ജനനി, മലയാളം പത്രം, സംഗമം എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ട് പുസ്തകങ്ങള്‍ മാതൃഭൂമി ഇറക്കി.
ഇംഗ്ലീഷിലുള്ള കഥകളും ലേഖനങ്ങളും ഛുലി, Open, Notredane, Rosebud Descant,Krabar പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വന്നു.

