PRAVASI

പാര്‍ട്ടിക്ക് ജനങ്ങളുമായി ബന്ധമില്ല

Blog Image

സി.പി.എമ്മിന്റെ സംസ്ഥാനത്തിലെ ഉന്നതസമിതിയിലെ പ്രിയങ്കരനായ ഒരു നേതാവിനെ അവിടെ പാര്‍ട്ടിചിഹ്‌നത്തില്‍ മത്സരിപ്പിച്ചിട്ടു പോലും വിജയിപ്പിക്കാൻ കഴിയാത്തത് പാർട്ടി സംഘടനാ സംവിധാനത്തിൻ്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കുറേ വര്‍ഷങ്ങളായി സി.പി.എം എന്ന പാര്‍ട്ടി സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് അകന്നുപോയി എന്നതിന്റെ സൂചനയാണിത്. മണ്ഡലത്തിലെ ജനങ്ങളുടെ മനസ് അറിയാനോ, അവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനോ പ്രാദേശിക പാര്‍ട്ടി മെഷിനറികള്‍ക്ക് കഴിഞ്ഞില്ല എന്നാണ് പ്രാഥമികമായി ഇടതുമുന്നണിയും സി.പി.എം നേതൃത്വവും നടത്തുന്ന വിലയിരുത്തല്‍.

പി.വി. അന്‍വറിനെ തീര്‍ത്തും അവഗണിക്കാമെന്ന് പാര്‍ട്ടി കമ്മറ്റികൾ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശരിയായില്ല എന്നും കണക്കുകൂട്ടലുണ്ട്. സര്‍ക്കാര്‍ വിരുദ്ധ വികാരം എന്നതിനോട് സി.പി.എം യോജിക്കുന്നില്ല. അവിടെ പ്രകടമായി അത്തരമൊന്നും ഉണ്ടായിരുന്നില്ല. അതേസമയം അന്‍വറിനെ അവഗണിച്ചത് തിരിച്ചടിയായി എന്നാണ് നിഗമനം. ഒപ്പം നിന്ന അന്‍വര്‍ ചോര്‍ത്തിയതു മുഴുവന്‍ ഇടതു വോട്ടുകളാണ് എന്നാണ് വ്യക്തമാകുന്നത്. അന്‍വര്‍ ഉണ്ടാക്കാനിടയുള്ള കോട്ടങ്ങൾ മനസിലാക്കാന്‍ കഴിയാത്തത് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടാണ്. മാത്രമല്ല അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങൾ അവഗണിച്ച്, അദ്ദേഹത്തെ പുകച്ചു ചാടിച്ചതാണെന്ന വികാരം പാര്‍ട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ തന്നെ പാര്‍ട്ടി സംവിധാനങ്ങളിലെ ഈ പോരായ്മകള്‍ പ്രകടമായിരുന്നു എങ്കിലും അത് മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുഭാഗത്തുനിന്നും ഉണ്ടായില്ല. മുന്‍കാലങ്ങളില്‍ ബൂത്ത് കമ്മിറ്റികള്‍ നല്‍കുന്ന കണക്കുകള്‍ അടിസ്ഥാനമാക്കി സി.പി.എം എത്തുന്ന നിഗമനങ്ങള്‍ കൃത്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി അതുള്‍പ്പെടെ പാളുകയാണ്. നിലമ്പൂരില്‍ തന്നെ പാര്‍ട്ടി നടത്തിയ വിലയിരുത്തല്‍ അമ്പേ പരാജയപ്പെട്ടു. സ്വരാജിന് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളിലൊന്നും അതുണ്ടായില്ല. മാത്രമല്ല, അന്‍വറിനെ ആ കണക്കുകളില്‍ അവഗണിക്കുക കൂടിയായിരുന്നു. ഇതാണ് തിരിച്ചടിക്ക് കാരണം.
ഒരു ഉപതെരഞ്ഞെടുപ്പ് എന്നതിനുപരി അഭിമാന പോരാട്ടമായി കണ്ട് മുഖ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചത് ശരിയായില്ലെന്ന് അഭിപ്രായമുണ്ട്. അതിനുപരിയായി രാഷ്ട്രീയ വിഷയങ്ങളും വികസനങ്ങളും പറഞ്ഞ് ആരംഭിച്ച പ്രചാരണം, ഒടുവില്‍ യു.ഡി.എഫ് ഉദ്ദേശിച്ച തരത്തില്‍ വര്‍ഗ്ഗീയതയിലേയ്ക്ക് പോയി. അവര്‍ കുഴിച്ച കുഴിയില്‍ സി.പി.എം വീണു. തൃക്കാക്കര തിരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസിനും ലീഗിനുമൊപ്പം, വർഗീയ ശക്തികൾ കൈകോർക്കുന്നു എന്നും സി.പി.എം കണക്കുകൂട്ടുന്നു. കഴിഞ്ഞ കുറേ നാളുകളായി പ്രചാരണത്തിന്റെ വിഷയങ്ങള്‍ നിശ്ചയിക്കുന്നത് യു.ഡി.എഫ് ആണെന്ന നിലയുണ്ട്. ഇത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്നുണ്ട്.
ഇത്തരത്തില്‍ വളരെ സങ്കീര്‍ണ്ണമായ നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് മുന്നണിയെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളെപ്പോലും അകറ്റുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത്. വോട്ടെടുപ്പിന്റെ തൊട്ടുതലേദിവസം മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിൽ എം.വി. ഗോവിന്ദന്‍ നടത്തിയ ആർഎസ്എസ് ബന്ധം സംബന്ധിച്ച പരാമർശം വലിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗോവിന്ദന്‍ സെക്രട്ടറിയായ ശേഷം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന് വേണ്ട ഊർജം ഉണ്ടാക്കാനായില്ലെന്ന വിമര്‍ശനവും മുമ്പേയുണ്ട്. ഇതിലൊക്കെ പിണറായിക്ക് കടുത്ത അതൃപ്തിയുമുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പിന് ഇനി വെറും പത്തു മാസത്തില്‍ താഴെയാണുള്ളത്. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പും ഉണ്ടാകും. ഈ രണ്ടു തിരഞ്ഞെടുപ്പുകളും ഇടതു മുന്നണിക്കും സി.പി.എമ്മിനും നിര്‍ണ്ണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലീംവിഭാഗത്തിന്റെ വോട്ടുകളാണ് ഇടതുമുന്നണിയെ രക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ലീഗും ഒരുമിച്ച് യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ അത് പ്രതീക്ഷിക്കുക ബുദ്ധിമുട്ടാകും. പുറമെ ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം മുസ്ലിം ന്യൂനപക്ഷത്തിനിടെ ഭാവിയിലും ഉണ്ടാക്കാനിടയുള്ള ക്ഷീണവും കണക്കുകൂട്ടണം.
ബി.ഡി.ജെ.എസും മറ്റും ചേര്‍ന്ന് ഇടതുമുന്നണിയുടെ ഭൂരിപക്ഷവിഭാഗ വോട്ടുകളിലും വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട് എന്ന് മുമ്പേ സിപിഎം വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് പ്രതീക്ഷിച്ചത്ര അനായാസമാകില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം, പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള നീക്കങ്ങൾ കൂടി ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ സി.പി.എമ്മിന് വാട്ടര്‍ലൂ ആയി മാറും. അത് ഇടതുമുന്നണിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലും ആക്കിയേക്കാം. അതുവഴി മൂന്നാം ടേം സ്വപ്നമായി അവശേഷിക്കാനുള്ള സാധ്യതയുമാണ് നിലമ്പൂരിൻ്റെ പശ്ചാത്തലത്തിൽ തെളിയുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.