PRAVASI

ഒരു തുലാമാസ വ്യസനം, നാറാണത്തു ഭ്രാന്തന്‍ വക

Blog Image

ഒരു മോഹഭംഗം എന്‍റെ മനസ്സില്‍ നിക്ഷേപിച്ചിട്ടാണ് തുലാമാസം കടന്നുപോയത്. വൃശ്ചികപ്പുലരിയുടെ ഇളംകുളിര്‍ ആസ്വദിച്ച് വരാന്തയില്‍ ഇരിക്കുമ്പോള്‍ ആ മോഹഭംഗം ഒരു ചെറിയ നൊമ്പരമാകുന്നു; ഓര്‍മ്മകള്‍ ചിറകടിച്ച് രായിരനെല്ലൂരിലെത്തുന്നു. ഈ വര്‍ഷമെങ്കിലും തുലാം ഒന്നാം തീയതി രായിരനെല്ലൂരില്‍ എത്തി ഭക്തന്മാരുടെ ആ മലകയറ്റം ഒന്നു കാണണമെന്ന് ആഗ്രഹിച്ചതാണ്. പത്തിരുപത് വര്‍ഷം പ്രായമുള്ള ഒരു ആഗ്രഹമാണത്. ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആയിരിക്കെ, ഒരു ഔദ്യോഗിക യാത്രയ്ക്കിടയിലാണ് രായിരനെല്ലൂരിനെ കുറിച്ചു കേട്ടറിഞ്ഞ് 2005-ല്‍ ആദ്യമായി ഞാന്‍ ആളൊഴിഞ്ഞ ആ മലമുകളില്‍ എത്തിയത്. മലമുകളിലുള്ള നാറാണത്തു ഭ്രാന്തന്‍റെ പ്രതിമയും, അദ്ദേഹത്തിന് ദര്‍ശനം നല്കിയ ശേഷം ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷയായ ദുര്‍ഗ്ഗാദേവിയുടെ കാല്‍പ്പാടുകളും അവിടെ ഞാന്‍ കണ്ടു. ഇവ കണ്ടു വണങ്ങാനാണ് തുലാം മാസം ഒന്നാം തീയതി ഭക്തര്‍ മലകയറുന്നത്.
നാറാണത്തു ഭ്രാന്തന്‍റെ അസംബന്ധദര്‍ശനം
  നാറാണത്തു ഭ്രാന്തനെ കുറിച്ചുള്ള ഐതിഹ്യം കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.   വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായിരുന്നു സര്‍വ്വശാസ്ത്ര പാരംഗതനായ വരരുചി. ഒരു അതിവിചിത്ര നിയോഗത്താല്‍ അദ്ദേഹം പഞ്ചമി എന്ന പറയി പെണ്ണിനെ കല്യാണം കഴിക്കാന്‍ ഇടയായി. അവര്‍ക്കുണ്ടായ 12 മക്കളെയാണ് പന്തിരുകുലം എന്നു വിളിക്കുന്നത്. .അവരില്‍ ഒരാളാണ് നാറാണത്തു ഭ്രാന്തന്‍. തിരുവേഗപ്പുറം മനയില്‍ നിന്ന് വേദങ്ങള്‍ അഭ്യസിച്ച ശേഷം അദ്ദേഹം ഈ മലയില്‍ വന്നുപെട്ടു. ദിവസവും രാവിലെ മലയുടെ അടിയില്‍നിന്ന് ഒരു വലിയ കല്ല് ഉരുട്ടി മലമുകളിലേക്ക് കയറ്റും; അവിടെ എത്തിക്കഴിയുമ്പോള്‍ അത് താഴേക്ക് തള്ളിയിട്ട് പൊട്ടിച്ചിരിക്കും - ഇതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതചര്യ. അങ്ങനെ ചെയ്യുന്ന ഒരാളെ ആളുകള്‍ ഭ്രാന്തന്‍ എന്നല്ലാതെ എന്താ വിളിക്കുക? 
  പക്ഷേ, വേദങ്ങളും മറ്റും പഠിച്ചതിനുശേഷം അദ്ദേഹം കണ്ടെത്തിയ ഒരു സത്യം ജനങ്ങളെ ബോധ്യപ്പെടുത്താ നായിരുന്നു നാറാണത്തിന്‍റെ ഈ ഭ്രാന്തന്‍ പ്രവൃത്തി. ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളെക്കുറിച്ചെല്ലാം പഠനവും മനനവും നടത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ചെന്നെത്തിയത് മനുഷ്യ ജീവിതത്തിന്‍റെ വ്യര്‍ത്ഥതയെയും മനുഷ്യ പ്രയത്നങ്ങളുടെ അര്‍ത്ഥശൂന്യതയെയും കുറിച്ചുള്ള ബോധ്യത്തിലായിരുന്നു. എത്ര അര്‍ത്ഥവത്തായ ദര്‍ശനം, അല്ലേ?
ക്യാമ്പസ് ചിന്തകള്‍ക്ക് തീ കൊളുത്തിയ തത്വചിന്തകള്‍
എന്നാല്‍, ഈ ദര്‍ശനം കൊണ്ട് മനുഷ്യന്‍റെ ചിന്താ ലോകത്തിനു തീകൊളുത്തിയ ഒട്ടേറെ ബുദ്ധിജീവികളുണ്ട്. തത്വചിന്തയിലും സാഹിത്യത്തിലും കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ പീലി വിടര്‍ത്തിയ അവരുടെ വേറിട്ട ചിന്തയ്ക്ക് എല്ലാ കാലത്തും ധാരാളം ആരാധകരുണ്ടായിരുന്നു. ഞാന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത്-ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും - നമ്മുടെ കോളേജ് ക്യാമ്പസുകളിലെ ബൗദ്ധിക വ്യായാമങ്ങളില്‍ മുന്നിട്ടുനിന്ന ആശയസംഹിതകള്‍ നക്സലിസവും എക്സിസ്റ്റന്‍ഷ്യലിസവും ആയിരുന്നു. അസ്തിത്വവാദ (Existentialism)  ത്തിന്‍റെ പിതാവായ കീര്‍ക്കെഗാര്‍ഡും (Soren Kierkegaard), യുക്തിരഹിതവും അര്‍ത്ഥശൂന്യവുമായ പ്രപഞ്ചത്തെ അംഗീകരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത് എന്നു പറഞ്ഞ് അസംബന്ധവാദം (Philosophy of Absurdism)  അവതരിപ്പിച്ച ആല്‍ബേര്‍ കമ്യൂവും (Albert Camus),ദൈവം മരിച്ചു കഴിഞ്ഞു എന്നു പ്രഖ്യാപിച്ച് ശൂന്യതാവാദം (Nihilism)  പ്രചരിപ്പിച്ച നീഷേയും (Friedrich Nietzsche), ഫെമിനിസത്തിനു തുടക്കം കുറിച്ച സിമോണ്‍ ദ ബോവറും (Simone de Beauvoir)  ക്യാമ്പസുകളിലെ ക്ഷുഭിതയൗവനത്തിന് വഴിവിളക്കുകള്‍ ആയിരുന്നു.  ഷോപ്പനോവര്‍ (Arthur Schopenhauer), , സാര്‍ത്ര് (Jean-Paul-Sartre), ടര്‍ഗനേവ് (Ivan Turgenev), ഹെയ്ഡിഗര്‍ (Martin Heideggar)  തുടങ്ങിയ ചിന്തകര്‍ ക്യാമ്പസ് ബുദ്ധിജീവികളുടെ ചര്‍ച്ചാവേദികളിലെ നക്ഷത്രങ്ങള്‍ ആയിരുന്നു. സാമ്പത്തികവും, സാമൂഹികവും, ആത്മീയവുമായി നശിച്ച യുദ്ധാനന്തര യൂറോപ്പില്‍ മതത്തിലും, ദൈവത്തിലും, മനുഷ്യന്‍റെ നന്മയിലും സംഭവിച്ച വിശ്വാസ തകര്‍ച്ചയായിരുന്നു ഈ ചിന്താധാരകളുടെയെല്ലാം വളര്‍ച്ചയ്ക്കുള്ള പശ്ചാത്തലം. ഒ.വി. വിജയനും, എം. മുകുന്ദനും മറ്റും ഏറെ വായിക്കപ്പെടുകയും, അതിലേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു, ഈ ക്യാമ്പസുകളില്‍. ڈകര്‍ത്താവിന്‍റെ സ്വരം അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നുڈ (സങ്കീര്‍ത്തനം 29:7) എന്ന ബൈബിള്‍ വാക്യത്തെ അനുകരിച്ചു പറയാം : ഇവരുടെയൊക്കെ സ്വരങ്ങള്‍ അന്നു ക്യാമ്പസുകളില്‍ അഗ്നിജ്വാലകള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരുന്നു. 
ഇങ്ങനെയൊരു ക്യാമ്പസ് പശ്ചാത്തലം ഉള്ളതുകൊണ്ട് രായിരനെല്ലൂര്‍ എനിക്ക് ചിന്തകളും സ്മരണകളും കൗതുകവും സമ്മേളിക്കുന്ന ഒരു ശാദ്വലഭൂമിയായി.
മിത്ത് ഓഫ് സിസിഫസ്
നാറാണത്ത് ഭ്രാന്തന്‍റെ ഭീമാകാരമായ ആ പ്രതിമയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ ഗ്രീക്ക് പുരാണങ്ങളിലുള്ള അദ്ദേഹത്തിന്‍റെ അപരന്‍چ  സിസിഫസിനെ ഞാന്‍ ഓര്‍മ്മിച്ചു പോയതു സ്വാഭാവികം. ഗ്രീക്ക് പുരാണങ്ങളിലെ ഒരു ദുരന്തകഥാപാത്രമാണ് സിസിഫസ്. ദൈവങ്ങളുടെ രാജാവായ സീയുസ് (Zeus),  തനിക്ക് അപ്രീതികരമായ പ്രവൃത്തികളുടെ പേരില്‍, അയാള്‍ക്കു കഠിനമായ ശിക്ഷ വിധിച്ചു - ഒരു വലിയ കല്ല് ഉരുട്ടി മലമുകളില്‍ എത്തിക്കുക; എന്നിട്ട് അതു താഴേക്കു ഉരുട്ടിയിടുക: ഈ പ്രവൃത്തി നിരന്തരം ചെയ്തു കൊണ്ടേയിരിക്കുക.
    നമ്മുടെ നാറാണത്തു ഭ്രാന്തന്‍റെ ഗ്രീക്ക് പതിപ്പ് തന്നെ സിസിഫസ്. എന്നാല്‍, അവര്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. സിസിഫസിനു അത് ഒരു ശിക്ഷയായിരുന്നു; നാറാണത്തിനാകട്ടെ, സ്വയംവരവും.
. 1942 -ല്‍ ആല്‍ബേര്‍ കമ്യൂ എഴുതിയ Myth of Sisyphus  എന്ന ഗ്രന്ഥം, അര്‍ത്ഥമോ ലക്ഷ്യമോ ഇല്ലാത്ത ജീവിതത്തോട് നമ്മള്‍ സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്ന് ചര്‍ച്ച ചെയ്യുന്നു. അത് സിസിഫസ് തന്‍റെ നിരന്തരമായ മലകയറ്റത്തിലൂടെ നമുക്കു പറഞ്ഞു തരുന്നുണ്ടത്രേ. ഭാവിയിലേക്കോ ഭൂതകാലത്തേക്കോ കണ്ണയക്കാതെ, താന്‍ ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തെയും അതിന്‍റെ അസംബന്ധ സ്വഭാവത്തോടെ തന്നെ സ്വീകരിച്ചും, നിരര്‍ത്ഥകവും ആവര്‍ത്തനവിരസവുമായ കര്‍മ്മത്തിന്‍റെ ഫലത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടാതെ, ചെയ്യുന്ന കര്‍മ്മം ആത്മാര്‍ത്ഥതയോടെ, ആസ്വദിച്ചു ചെയ്ത്, അതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തിയുമാണ് ജീവിതത്തിന്‍റെ അര്‍ത്ഥശൂന്യതയോട് പ്രതികരിക്കേണ്ടതെന്ന് സിസിഫസ് നമ്മോട് പറയുന്നു.
മധുസൂദനന്‍ നായരുടെ കവിത
     ആ ശില്പത്തിനു മുന്നില്‍ ഭ്രാന്തന്‍റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി കുറെ നേരം നിന്നപ്പോള്‍ എനിക്കു തോന്നി, അയാള്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടെന്ന്. വൈകാതെ ഞാന്‍ മനസ്സിലാക്കി - പ്രൊഫ. വി. മധുസൂദനന്‍ നായരുടെ പ്രസിദ്ധമായ കവിത  നാറാണത്ത് ഭ്രാന്തന്‍ ആണ് ആ ചുണ്ടുകളില്‍ നിന്ന് സമസ്ത ലോകത്തിനുമായി പ്രസരിക്കുന്നത്. 
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ, 
നിന്‍റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ڈ 
എന്നു തുടങ്ങുന്ന ആ കവിത കേവലം പറയിപെറ്റ പന്തിരുകുലത്തിന്‍റെയും അതിലൊരുവനായ നാറാണത്ത് ഭ്രാന്തന്‍റെയും കഥകളുടെ ഒരു പുനരാഖ്യാനമല്ല. ഉച്ചനീചത്വങ്ങളും അസമത്വങ്ങളും എല്ലാത്തരം വേര്‍തിരിവുകളും കൊണ്ട് മലീമസമായ സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള രോഷം കയ്പും കറുപ്പും നിറച്ച വരികളില്‍ വരച്ചിടുകയാണ് കവി. മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഭ്രാന്തന്‍ അല്പം അകലെ നിന്നു നോക്കുമ്പോള്‍ കാണുന്ന പൂര്‍ണ്ണമായ കാഴ്ചയാണ് വിഷയം. എല്ലാ മനുഷ്യമനസ്സുകളിലുമുള്ള ഈ ഭ്രാന്തന്‍ ഒരു നാള്‍ ഒരു പുതിയ മാനവനായി ഉയിര്‍ക്കുമെന്നും, 
അവനില്‍ നിന്നാദ്യമായ്  വിശ്വ സ്വയം പ്രഭാപടലം 
   ഈ മണ്ണില്‍ പരക്കും 
എന്നും കവി ഒരു നിമിഷം ആശിച്ചുപോകുന്നു. എന്നാല്‍, ഒക്കെ ഒരു വെറും ഭ്രാന്തന്‍റെ സ്വപ്നം  എന്ന് അദ്ദേഹം അടുത്ത നിമിഷം തിരിച്ചറിയുന്നു.
      1984-ല്‍ മധുസൂദനന്‍ നായര്‍ എഴുതിയ ഈ കവിതയില്‍ ڇനേരു ചികയുകയും മൂഢമായ് ഉരുകുകയുംڈ ചെയ്യുന്ന ഭ്രാന്തന്‍, സാധാരണ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സത്യത്തെ പൂര്‍ണമായി കാണുകയും, അത് വിളിച്ചു പറയുകയും ചെയ്യുന്നു-നൂറ്റാണ്ടുകള്‍ക്കു മുമ്പേ, നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടി മലമുകളില്‍ എത്തിച്ചിട്ട് താഴോട്ട് വീഴ്ത്തിയിരുന്ന څഅസംബന്ധ നാടകംچ പോലെ തന്നെ. 
       മിത്ത് ഓഫ് സിസിഫസും, ക്യാമ്പസ് സ്മരണകളും, മദുസൂദനന്‍ നായരുടെ കവിതയും എന്നില്‍ ഉണര്‍ത്തിയ കലഹമയമായ ചിന്തകളെ നാറാണത്ത് ഭ്രാന്തന്‍റെ പ്രതിമയ്ക്കു മുന്നില്‍ അന്ന് സമര്‍പ്പിച്ചു മടങ്ങുമ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു - ഒരിക്കല്‍ കൂടി ഇവിടെ വരണം : ഒരു തുലാം ഒന്നിനു വന്ന് ഭക്തരുടെ മലകയറ്റം കാണണം.
രണ്ടാം വരവ്
പാലക്കാട് ജില്ലയില്‍, പട്ടാമ്പി - പെരിന്തല്‍മണ്ണ റോഡില്‍, പട്ടാമ്പിയില്‍നിന്ന് 13 കിലോമീറ്റര്‍ ദൂരെ, കൊപ്പത്തിനടുത്താണ് രായിരനെല്ലൂര്‍ മല. എല്ലാ വര്‍ഷവും തുലാമാസം ഒന്നാം തീയതി ആയിരക്കണക്കിന് ഭക്തര്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തി, ഒന്നരമണിക്കൂര്‍ കൊണ്ട് 500 മീറ്റര്‍ ഉയരമുള്ള മലകയറി, ഭഗവതി ക്ഷേത്രത്തില്‍ പൂജ നടത്തി, പൂക്കളും പണവും താമ്പൂലവും ദീപങ്ങളും സമര്‍പ്പിച്ച്, നാറാണത്തു ഭ്രാന്തന്‍റെ പ്രതിമ വണങ്ങി, മടങ്ങുന്നു. രോഗശാന്തിക്കും സന്താന ലബ്ധിക്കും അനുഗ്രഹങ്ങള്‍ തേടിയാണ് അവരില്‍ ഏറെ പേരും എത്തുന്നത്. അവരുടെ ആ ഭക്തിപാരവശ്യം നേരില്‍ കണ്ട് അനുഭവിക്കാന്‍ അടുത്ത തുലാം ഒന്നുവരെ ഇനി കാത്തിരിക്കുക തന്നെ. 
ഞാന്‍ ഓര്‍മ്മിച്ചു പോകുകയാണ്, എന്‍റെ ഭാര്യ ജാന്‍സി വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍, ഇസ്രായേലില്‍, കൊറാസിം പീഠഭൂമി (Korazim Plateau യിലുള്ള ഗിരിപ്രഭാഷണ മല (Mount of Beatitudes)  യില്‍ എത്തിയപ്പോള്‍, യേശുവിന്‍റെ ഗിരിപ്രഭാഷണത്തിന്‍റെ സ്മരണയില്‍ ആവേശം പൂണ്ട്, സ്ഥലകാലബോധമില്ലാതെ, സുവിശേഷ ഭാഗ്യങ്ങൾ വിളിച്ചുകൂവിയ കഥ. അതുപോലെ, എന്നോ ഒരിക്കല്‍ രായിരനെല്ലൂര്‍ മലമുകളില്‍ എത്തുമ്പോള്‍, നാറാണത്തു ഭ്രാന്തന്‍റെ ശില്പത്തിനു മുമ്പില്‍ നിന്ന്, ചങ്ങമ്പുഴയുടെ  രമണൻ പോലെ കേരളം നെഞ്ചിലേറ്റുകയും, മലയാളികള്‍ ഉള്ളിടത്തെല്ലാം  അരങ്ങു  തകര്‍ക്കുകയും ചെയ്ത മധുസൂദനന്‍ നായരുടെ കവിത ഉറക്കെ ചൊല്ലണം എന്നൊരാശയും എന്‍റെ മനസ്സിലുണ്ട്- ഭ്രാന്തന് ഭ്രാന്തമായ ഒരു നൈവേദ്യം!

 ജയിംസ് ജോസഫ് കാരക്കാട്ട്      

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.