ജോർജ് കുര്യന് പിന്നാലെ മറ്റൊരു കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയുടെ പരാമർശവും വിവാദത്തിൽ. ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണന്നാണ് വിവാദ പ്രസ്താവന. എങ്കിൽ മാത്രമേ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാവുള്ളൂ. അങ്ങനെയൊരു വകുപ്പ് വേണമെന്നാണ് തൻ്റെ ആവശ്യം. ഇക്കാര്യം താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യപരമായി അത്തരം മാറ്റങ്ങൾ കൊണ്ടുവരണം, തനിക്ക് ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമർശം.
കേന്ദ്ര ബജറ്റിൽ തുടര്‍ച്ചയായി കേരളത്തിനെ അവഗണിക്കുന്നു എന്ന ആരോപണങ്ങൾക്കെതിരെ സുരേഷ് ഗോപി നടത്തിയ പ്രതികരണവും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബജറ്റിൽ പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കേരളം നിലവിളിക്കുകയല്ല വേണ്ടത്. കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
“ബജറ്റ് പൂർണമായും തൃപ്തികരമാണ്. പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി. പണം ലഭിച്ചില്ലെന്ന് ആരോപിച്ച് കേരളം നിലവിളിക്കുകയല്ല വേണ്ടത്. കേന്ദ്രബജറ്റിൽ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കണം.താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്, എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു” -സുരേഷ് ഗോപി പറഞ്ഞു.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഏകസ്വരത്തിൽ ഉയർത്തിയത്. ജോർജ് കുര്യൻ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ലെന്നും പരാമർശത്തിൽ ജോർജ്ജ് കുര്യൻ മാപ്പ് പറയണമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രതികരിച്ചു.
കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ബജറ്റിൽ ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ ലഭിക്കും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമൂഹ്യ- അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന് സമ്മതിക്കണം. അപ്പോൾ കമ്മിഷന്‍ അത് പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൊടുക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞത് .