PRAVASI

കാരുണ്യത്തിന്റെ ഫ്‌ളോറിഡ സ്പര്‍ശം; നവ കേരളയുടെ മുന്‍ പ്രസിഡന്റുമാര്‍ക്ക് ആദരവ്

Blog Image

ആലപ്പുഴ: സമൂഹത്തിന് മാതൃകയായ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും പ്രശംസ നേടിയ സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവ കേരള മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാര്‍ക്ക് ആദരം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും 'എ' പ്ലസ് വാങ്ങിയ നിര്‍ധന വിദ്യാര്‍ത്ഥിനിയായ മഞ്ജിമയ്ക്ക് വേണ്ടി നവ കേരള മലയാളി അസോസിയേഷന്‍ നിര്‍മിച്ച വീടിന്റെ താക്കേല്‍ ദാന കര്‍മത്തില്‍ വച്ചായിരുന്നു ഇവരെ ആദരിച്ചത്.

സ്‌കൂള്‍ ഓഡിറ്റാറിയത്തില്‍ നടന്ന ചടങ്ങില്‍ ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരഞ്ജന്‍ നവകേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ മാത്യു വര്‍ഗീസ്, മുന്‍ പ്രസിഡന്റും ട്രഷററുമായ സുശീല്‍കുമാര്‍ നാലകത്ത്, മുന്‍ പ്രസിഡന്റ് ജെയിന്‍ വാത്തിയേലില്‍, മുന്‍ പ്രസിഡന്റും ഉപദേശ സമിതിയംഗവുമായ ജോസഫ് പാണികുളങ്ങര എന്നിവരെ, നവ കേരള മലയാളി അസോസിയേഷന്‍ നാളിതുവരെ ചെയ്തുവരുന്ന ജീവവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് പൊന്നാടയണിയിച്ചു. കേരളത്തിലെ പഠിക്കാന്‍ മിടുക്കരായ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നവ കേരള മലയാളി അസോസിയേഷന്റെ സല്‍പ്രവര്‍ത്തി മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.

തലചായ്ക്കല്‍ ഒരു വീട്എന്ന മഞ്ജിമയുടെയും കുടും ബത്തിന്റെയും ആ മോഹം സാധിച്ചുകൊടുത്തതിലൂടെ നവകേരള മലയാളി അസോസിയേഷന്‍ ജന്‍മനാടിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയായിരുന്നു. അമേരിക്കയിലെ മലയാളി മനസ്സുകളില്‍ നിറസാന്നിധ്യമാണ് ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്ന നവകേരള മലയാളി അസോസിയേഷന്‍. മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വര്‍ഷത്തില്‍ മൂന്ന് നിര്‍ധന കുട്ടികള്‍ക്ക് കൈത്താങ്ങ് ആവുകയാണ് ഏവര്‍ക്കും മാതൃകയായ ഈ സംഘടന. അതില്‍ ആദ്യത്തെ വീടാണ് മഞ്ജിമയ്ക്ക് സമ്മാനിച്ചത്.

അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉത്തരവാദിത്വവും കൈമുതലായി പ്രവര്‍ത്തിക്കുന്ന നവകേരള മയാളി അസോസിയേഷന്‍ ജന്മഭൂമിയിലും സൗത്ത് ഫ്ളോറിഡയിലെ മലയാളി സമൂഹത്തിലും അളവറ്റ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കൊടിയേന്തിയാണ് ജൈത്രയാത്ര തുടരുന്നത്. പ്രതിസന്ധികളെ തരണംചെയ്ത് സഹായം അര്‍ഹിക്കുന്നവരുടെ കണ്ണീരൊപ്പൊന്‍ ഈ സംഘടന അവര്‍ക്കൊപ്പം എന്നുമുണ്ടാവുമെന്ന് ആദരവ് ഏറ്റുവാങ്ങിയ മുന്‍ പ്രസിഡന്റുമാര്‍ വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.