PRAVASI

നിലമ്പൂരിന്റെ സ്റ്റാറായി ചാണ്ടി ഉമ്മൻ റീലും ഷോയും കൊണ്ട് കാര്യമില്ലെന്ന് മുന്നറിയിപ്പ് ; യുവ നേതാക്കൾ രണ്ടുതട്ടിൽ

Blog Image

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടെ കോണ്‍ഗ്രസിൽ അസ്വസ്ഥതകൾ രൂക്ഷമാകുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും പുതിയ അധികാര കേന്ദ്രങ്ങളായി മാറുകയാണെന്നും അവരുടെ തണൽപറ്റി നീങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തീർത്തും അപക്വമായാണ് പ്രവർത്തിക്കുന്നത് എന്നും വിമര്‍ശനം ഉയരുന്നു. നിലമ്പൂരിൽ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുതേടിയ ചാണ്ടി ഉമ്മൻ എംഎൽഎ നേടുന്ന പ്രശംസ ഇവർക്കുള്ള മുന്നറിയിപ്പാണ്. റീലും ഷോ ഓഫും കൊണ്ട് വോട്ട് നേടാനാകില്ലെന്നും, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടേ കാര്യമുള്ളൂവെന്നും ആണ് പലരും പറയാൻ ഉദ്ദേശിക്കുന്നത്.

“ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നതാണ് ഉമ്മൻ ചാണ്ടി സാറിന്റെ രീതി. മകൻ ചാണ്ടി ഉമ്മൻ എംഎൽഎ നിലമ്പൂരിൽ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളിൽ. കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവർത്തകർ… അച്ഛന്റെ വഴിയിലൂടെ മകനും… ആര്യാടൻ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മൻ നടത്തിയ പ്രവർത്തനം നിലമ്പൂരിന്റെ മനസ്സ് കവർന്നു എന്നായിരുന്നു ടി സിദ്ദിഖിന്റെ ഫേസ്ബുക് പോസ്റ്റ്.

“നിലമ്പൂരിലെ പ്രചരണ രംഗം വ്യത്യസ്തമാക്കിയത് ചാണ്ടി ഉമ്മൻ്റെ പ്രവർത്തന ശൈലിയായിരുന്നു. കലർപ്പില്ലാതെ, ചടുലതയോടെ ഹൃദ്യമായി ജനങ്ങൾക്കിടയിൽ നീങ്ങിയിരുന്ന ഉമ്മൻ ചാണ്ടി സാറിനെയായിരുന്നു എനിക്ക് വ്യക്തിപരമായി ചാണ്ടിയുടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ കാണുവാൻ കഴിഞ്ഞത്…. ആര്യാടൻ സാറിൻ്റെ പ്രിയപുത്രൻ നമ്മുടെയെല്ലാം പ്രിയ ബാപ്പുട്ടിക്കയുടെ വിജയത്തിനായി എല്ലാ UDF പ്രവർത്തകരും ഒരു മെയ്യായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഈ വേളയിൽ വിജയം സുനിശ്ചിതം.” -ഇങ്ങനെയാണ് കോൺഗ്രസിൻ്റെ യുവനിരയിലെ പ്രമുഖനായ ഡീൻകുര്യാക്കോസ് പോസ്റ്റു ചെയ്തത്.


നിലമ്പൂരിൽ നിന്നുള്ള ഷോർട്സും റീലുകളുമായി സോഷ്യൽ മീഡിയയിലും, കൂടാതെ ടിവി ചാനലുകളിലും നിറഞ്ഞുനിന്ന ഷാഫിയുടെയും രാഹുലിൻ്റെയും ശൈലിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ, ചാണ്ടിയെ മാത്രം പേരെടുത്ത് പ്രകീർത്തിച്ചുള്ള ഈ നിലപാടുകൾ വ്യക്തമായ സൂചനയാണ്. ചാണ്ടി ഉമ്മനാകട്ടെ വിഡി സതീശൻ ക്യാമ്പിനൊപ്പം നിൽക്കുന്ന നേതാവുമല്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ടും നിലവിലെ ഔദ്യോഗിക പക്ഷത്തിനൊപ്പം ചേരാതെ വഴിമാറി നടക്കുകയായിരുന്നു ചാണ്ടി. എന്നാൽ നിലമ്പൂർ പ്രകടനത്തോടെ ചാണ്ടി കൂടുതൽ സ്വീകാര്യനാകുന്നു എന്ന സ്ഥിതി വരുന്നുണ്ട്.

കെപിസിസിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ്മാരുടെ ശൈലിയിൽ തലമുതിർന്ന നേതാക്കൾക്കും പരാതിയുണ്ട്. വിവിധ വിഷയങ്ങളിൽ സര്‍ക്കാരിനെ ആക്രമിച്ച് പ്രതിരോധത്തിലാക്കി മുന്നിൽ നിന്ന മാത്യു കുഴല്‍നാടനെ പോലെയുള്ളവരെ പുനസംഘടനയില്‍ തഴഞ്ഞു എന്ന ആക്ഷേപവും നേരത്തെ തന്നെയുണ്ട്. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട റോജി എം ജോണ്‍, ഹൈബി ഈഡൻ എന്നിവർക്ക് പുറമെ, സിആര്‍ മഹേഷ്, കെ എസ് ശബരിനാഥൻ, കെ എം അഭിജിത്, അലോഷ്യസ് സേവ്യര്‍, അബിന്‍ വര്‍ക്കി തുടങ്ങിയവർ പരിഗണിക്കപ്പെടേണ്ടവർ ആയിരുന്നുവെന്നും പലർക്കും അഭിപ്രായമുണ്ട്.

ഷാഫിയുടെയും വിഷ്ണുനാഥിന്റെയും രാഹുലിന്റെയും എല്ലാ അപക്വമായ രീതികൾക്കും വിഡി സതീശന്‍ കുടപിടിക്കുകയാണ് എന്നും ഒരുപറ്റം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തേണ്ടിടത്തും, രാഷ്ട്രീയം പറയേണ്ടടിത്തും അതെല്ലാം വിട്ട് സോഷ്യൽ മീഡിയയിലെ കളികളിൽ ഇവർ പാർട്ടിയെ തളച്ചിട്ടുവെന്ന ആക്ഷേപം പലർക്കുമുണ്ട്. വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത് പോലെയുള്ള പ്രവൃത്തികൾ പാർട്ടിയെ പ്രതിരോധത്തിലാക്കി. പാർട്ടിയിലെ ചില തല തൊട്ടപ്പന്മാരുടെ പിന്തുണയോടെ കടന്നുവന്ന അധികാര കേന്ദ്രങ്ങൾ കെപിസിസിയെ പോലും സമ്മർദ്ദത്തിലാക്കുകയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട് .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.