PRAVASI

ഉദ്യാനഭംഗി (കവിത )

Blog Image

പൂങ്കുലകൾ വിടർന്നുനില്ക്കുമൊരു 
പൂങ്കാവനമൊന്നിൽ
പടർന്നു പുണർന്നാടീടുന്നു കുസുമലതാദികൾ
മധ്യാഹ്നത്തിൽ വിരുന്നെത്തിയൊരു മന്ദസമീരൻ
കുളിരും സുഗന്ധവുമായിട്ടങ്ങനെ
തഴുകി തളിർമേനി
പുൽത്തകിടികളിലുരുണ്ടു കളിക്കുന്നു
ഉല്ലാസഭരിതരായ് ബാലവൃന്ദം
കൽപ്പടവുകളിലൊരു മെയ്യായി
കവിളുകളുരുമ്മുന്നു യുവമിഥുനങ്ങൾ
ആൽമരച്ചില്ലയിലന്തിനേരത്തു
കൂടണയും കിളികൾതൻ കൂജനം 
സംഗീതസാന്ദ്രസുന്ദരം
പകലവനാഴിയിൽ മറഞ്ഞനേരം ഭൂവിൽ 
പാൽനിലാവൊഴുക്കീടുന്നു
മേഘത്തുണ്ടുകൾക്കിടയിലമ്പിളി
നയനാനന്ദദായകം
രജനിതന്നിരുളിനെ ലജ്ജതൻ
പുതപ്പണിയിക്കുന്നുവോ
മാസ്മരപ്രഭയുതിർക്കും വർണ്ണവിളക്കുകൾ
അതിൻശോഭയിൽ
ചാരുതയോടെ കുണുങ്ങീടുന്ന
ബൊഗൈൻവില്ലചെടികളിലേതോ
പ്രഗത്ഭ ശില്പകലാകാരനൊരുക്കിയ
ജീവൻ തുടിക്കും നാനാരൂപങ്ങൾ
ഈറക്കാടുകൾതൻ നടുവിലായതാ
ചെങ്കല്ലുചുവപ്പിച്ച നടപ്പാതയിൽ
നിളയുടെ കുളിരിലലിയാൻ
നടന്നിറങ്ങുന്ന പ്രണയപുഷ്പങ്ങളെ
ഇഴയടുപ്പിക്കുന്നു 
കാറ്റിൻ കുസൃതികൾ
കഠിനദിനങ്ങൾ നൽകിയോരാലസ്യ
ത്തിൻ കയ്പ്പിറക്കുവാൻ
അധികദൂരങ്ങൾ താണ്ടിയെത്തുന്നു
അശാന്തമനസ്സുമായ്
മനുജവൃന്ദങ്ങൾ
പ്രകൃതിതൻ നവരസങ്ങളാൽ
വിടർന്നു വിലസുന്നു ആരാമസുന്ദരി 
കനിഞ്ഞവർക്കേകുന്നു ആത്മശാന്തി
അതിമോദമോടെ ഞാനേകിടുന്നു
ഉദ്യാനശില്പികൾതൻ കരവിരുതിനായ്
ഹൃദയപുഷ്പത്തിനാൽ തീർത്തൊരാ 
അനുമോദനത്തിൻ പൂച്ചെണ്ടുകൾ

മോഹൻദാസ് വടക്കുംപുറം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.