കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണം ബീഹാറിന് വേണ്ടി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ബാഹുല്യം കൊണ്ടാണ്. പല സംസ്ഥാനങ്ങളും വികസന കാര്യത്തില്‍ അവഗണിക്കപ്പെട്ടപ്പോള്‍ ബീഹാര്‍ മുന്നോട്ട് കുതിക്കുന്ന കാഴ്ചയാണ് ബജറ്റില്‍ കണ്ടത്. ഈ വർഷം നവംബറിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബീഹാര്‍ ബജറ്റിലെ മുന്‍ഗണനാ ലിസ്റ്റില്‍ വന്നു. നിലവില്‍ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമാണ് ബീഹാറില്‍ ഉള്ളത്. പദ്ധതികളുടെ രത്നചുരുക്കം ഇങ്ങനെ:
പുതിയ മഖാന ബോർഡ്: താമര വിത്ത് എന്നറിയപ്പെടുന്ന മഖാനയുടെ ഉത്പാദനം, സംസ്കരണം, മൂല്യവർദ്ധന, വിപണനം എന്നിവ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ബോർഡ് രൂപീകരിച്ചത്. മഖാന കർഷകർക്ക് കൈത്താങ്ങും പരിശീലനവും നൽകും. എല്ലാ സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രവർത്തിക്കും. സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെൻ്റ് എന്നിവ ലഭിച്ചു. കിഴക്കൻ മേഖലയിലെ മുഴുവൻ ഭക്ഷ്യ സംസ്കരണ പ്രവർത്തനങ്ങൾക്കും പിന്തുണയായി ഈ സ്ഥാപനം മാറും.
ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ വികസനത്തിനും പണം ലഭിക്കും. പട്ന എയർപോർട്ടിൻ്റെയും ബ്രൗൺഫീൽഡ് എയർപോർട്ടിൻ്റെയും ശേഷി വർധിപ്പിക്കുന്നതിന് പുറമേയാണ് ഈ സഹായം.
പശ്ചിമ കോശി കനാൽ പദ്ധതി: മിഥിലാഞ്ചൽ മേഖലയിലെ കോസി നദീതടത്തിലെ ജലസേചന പദ്ധതിയായ പശ്ചിമ കോശി കനാൽ പദ്ധതിക്ക് ബീഹാറിന് സാമ്പത്തിക സഹായം ലഭിക്കും. 50,000 ഹെക്ടറിൽ കൂടുതൽ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതി വഴി ഗുണം ലഭിക്കും