കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ, അവസരങ്ങളുടെ മഹാഭൂമികയായ അമേരിക്കയിലേക്ക് മലയാളികൾ ചേക്കേറിയ ചരിത്രത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധകോണുകളിലേക്ക് ജോലിക്കും ജീവനോപാധിക്കും വേണ്ടി കാൽനടയായി നടന്നു , പായി കപ്പലിൽ കയറിയും പോയ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, തികച്ചും നിയമപരമായ കുടിയേറ്റ നിയമങ്ങളുടെയും തൊഴിൽപരമായ ആവശ്യകതകളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം വേരുറപ്പിച്ചത്.അമേരിക്കൻ സംസ്കാരം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വലിയ പ്രാധാന്യം നൽകുന്നു. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്ത ഒരു സാമൂഹിക വ്യവസ്ഥ ഇവിടെയുണ്ട്. ഒരാൾക്ക് തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇത് ഉറപ്പുനൽകുന്നു.രാജ്യത്ത് ശക്തമായ നിയമവാഴ്ച നിലനിൽക്കുന്നുണ്ട്. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ബോധത്തിലും ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസും സംവിധാനങ്ങളും കർശനമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു.കഴിവുകൾക്കും കഠിനാധ്വാനത്തിനും അർഹമായ അംഗീകാരവും പ്രതിഫലവും ലഭിക്കുന്ന തൊഴിലിടങ്ങളാണ് അമേരിക്കയിലുള്ളത്. പശ്ചാത്തലമോ മുൻകാലങ്ങളോ നോക്കാതെ, ആർക്കും സ്വന്തം പ്രയത്നം കൊണ്ട് മുന്നേറാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും സാധിക്കുന്ന തുല്യ അവസരങ്ങൾ ഇവിടെ ലഭ്യമാണ്.
അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നിർണ്ണായകമായ ഏട് തുറക്കപ്പെടുന്നത് 1965-ലെ 'ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട്' (Immigration and Nationality Act of 1965) പ്രാബല്യത്തിൽ വന്നതോടുകൂടിയാണ്. അതുവരെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് പ്രവേശനം നൽകിയിരുന്ന കർശനമായ ക്വാട്ട സമ്പ്രദായങ്ങൾ ഈ നിയമത്തിലൂടെ ലഘൂകരിക്കപ്പെട്ടു. അമേരിക്കൻ പൗരന്മാരുടെ ബന്ധുക്കൾക്കും, രാജ്യത്തിന് ആവശ്യമായ വിദഗ്ദ്ധ തൊഴിലുകളുള്ളവർക്കും കുടിയേറ്റത്തിനുള്ള പുതിയ വാതിലുകൾ തുറക്കപ്പെട്ടു. ഈ നിയമപരമായ മാറ്റമാണ് കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരുടെ കുടിയേറ്റത്തിന് അടിത്തറ പാകിയത്.
ആദ്യകാലത്ത്, അതായത് 1950-കളിലും 60-കളുടെ തുടക്കത്തിലും, ചുരുക്കം ചില മലയാളി വൈദികരും ദൈവശാസ്ത്ര വിദ്യാർത്ഥികളും (Theology Students) ഉപരിപഠനാർത്ഥം അമേരിക്കയിലെ സെമിനാരികളിൽ എത്തിയതായിരുന്നു തുടക്കം. എന്നാൽ, ജനസംഖ്യാടിസ്ഥാനത്തിലുള്ള വലിയ കുടിയേറ്റ തരംഗത്തിന് തിരികൊളുത്തിയത് നഴ്സിംഗ് രംഗമാണ്.
1960-കളുടെ അവസാനത്തിലും 1970-കളിൽ അമേരിക്കൻ ആശുപത്രികളിൽ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. അക്കാലത്ത് കേരളത്തിൽ മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിലുള്ള മികച്ച നഴ്സിംഗ് സ്കൂളുകളും നിലവിലുണ്ടായിരുന്നു. അമേരിക്കൻ ആശുപത്രി മാനേജ്മെന്റുകൾ കേരളത്തിലും ഡൽഹിയിലും മറ്റും റിക്രൂട്ട്മെന്റ് നടത്തി. അങ്ങനെ അമേരിക്കയിലേക്ക് കൂട്ടമായി കുടിയേറിയ ആദ്യത്തെ മലയാളി സംഘം നഴ്സുമാരായിരുന്നു. ഇത് കേരളത്തിലെ യുവതലമുറയ്ക്ക് പുതിയൊരു കരിയർ പാത വെട്ടിത്തുറന്നു കൊടുത്തു.
തുടക്കത്തിൽ എത്തിയ നഴ്സുമാരും പ്രൊഫഷണലുകളും അമേരിക്കയിലെ പ്രധാന മെട്രോ നഗരങ്ങളായ ന്യൂയോർക്ക്, ചിക്കാഗോ, ഹൂസ്റ്റൺ, ഡാളസ്, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളിലാണ് കേന്ദ്രീകരിച്ചത്. വലിയ ആശുപത്രികളും തൊഴിലവസരങ്ങളും നിലനിന്നിരുന്ന ഈ മെട്രോ സിറ്റികളാണ് മലയാളികളുടെ ആദ്യകാല ആസ്ഥാനങ്ങളായി മാറിയത്.
തുടർന്ന് വന്ന നിയമപരമായ 'കുടുംബ പുനരേകീകരണ' (Family Reunification) വ്യവസ്ഥകൾ പ്രകാരം, അമേരിക്കയിൽ സ്ഥിരതാമസമാക്കിയവർക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുട്ടികളെയും നിയമപരമായി രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിച്ചു. ഇത് 'ചെയിൻ മൈഗ്രേഷന്' (Chain Migration) വഴിയൊരുക്കി. ഒരു കുടുംബത്തിൽ നിന്ന് ഒരാൾ വഴിതുറന്നപ്പോൾ, പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ആ വഴിയിലൂടെ ഒഴുകിയെത്തി. കേരളത്തിന് പുറത്ത് മലയാളികൾക്ക് സാംസ്കാരികമായും സാമൂഹികമായും വലിയ സ്വാധീനമുള്ള ഒരു 'അഞ്ചാം പ്രവിശ്യ' പോലെയാണ് ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം വളർന്നു പന്തലിച്ചിരിക്കുന്നത്.
തൊഴിൽ തേടി എത്തിയ ആദ്യ തലമുറയുടെ കഠിനാധ്വാന ഇന്ന് അമേരിക്കൻ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ മലയാളികൾ തിളങ്ങിനിൽക്കുന്നു. ന്യൂജേഴ്സിയിലെ ടീനക്ക് നഗരത്തിന്റെ മേയറായി സേവനമനുഷ്ഠിച്ച മലയാളി,
ജോൺ എബ്രഹാമിന്റെ കാലാവധി 1992 മുതൽ 1993 വരെ ആയിരുന്നു. അമേരിക്കയിൽ ഒരു പ്രധാന നഗരത്തിന്റെ മേയർ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വംശജരിൽ ഒരാളാണ് അദ്ദേഹം. സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, പൊതുരംഗം തുടങ്ങി എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. നിയമത്തിന്റെ വഴിയിലൂടെ ആരംഭിച്ച്, കുടുംബബന്ധങ്ങളുടെ ദൃഢതയിലൂടെയും കൂട്ടായ്മയിലൂടെയും വളർന്ന ഈ കുടിയേറ്റ ചരിത്രം ഏതൊരു പ്രവാസി മലയാളി സമൂഹത്തിനും അഭിമാനകരമായ ഒരു ഏടാണ്.
തുടക്കകാലത്ത് ഔദ്യോഗിക തൊഴിൽ വിസകളിലൂടെയും കുടുംബബന്ധങ്ങളിലൂടെയും മാത്രം ഒഴുകിയെത്തിയ കുടിയേറ്റ പ്രവാഹത്തിൽ പിന്നീട് ചില വ്യതിചലനങ്ങൾ ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. തൊഴിൽ-നഴ്സിംഗ് വിസകൾക്ക് പുറമെ സ്റ്റുഡന്റ് വിസകളിലൂടെയും വിസിറ്റിംഗ് വിസകളിലൂടെയും അമേരിക്കയിൽ എത്തി പിന്നീട് അനുയോജ്യമായ രേഖകളില്ലാതെ തുടരേണ്ടി വന്ന സാഹചര്യങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
എങ്കിലും, അമേരിക്കൻ ഭരണകൂടം വിവിധ കാലഘട്ടങ്ങളിൽ നടപ്പിലാക്കിയ ചരിത്രപരമായ പൊതുമാപ്പുകൾ (Amnesties) ഇതിനൊരു പരിഹാരമായി. 1986-ൽ റൊണാൾഡ് റീഗൻ പ്രസിഡന്റായിരുന്ന കാലത്ത് പാസാക്കിയ 'ഇമിഗ്രേഷൻ റിഫോം ആൻഡ് കൺട്രോൾ ആക്ട്' (IRCA) ഉൾപ്പെടെയുള്ള നിയമങ്ങളും, പിന്നീട് 1990-കളിൽ നടപ്പിലാക്കിയ സെക്ഷൻ 245(i) പോലുള്ള വ്യവസ്ഥകളും ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പദവി നിയമവിധേയമാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും അവസരമൊരുക്കി. ഇത്തരം അവസരങ്ങൾ അക്കാലത്ത് പലർക്കും ഒരു 'ക്ലീൻ സ്ലേറ്റ്' ആയി മാറി ഔദ്യോഗികമായി ജീവിതം പടുത്തുയർത്താൻ സഹായകമായി തീർന്നു.
എന്നാൽ, ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി മാറിയ സെപ്റ്റംബർ 11 (9/11) ഭീകരാക്രമണം ലോകത്തിന്റെ സുരക്ഷാ സങ്കൽപ്പങ്ങളെയാകെ മാറ്റിമറിച്ചു. അതിനുശേഷം അമേരിക്ക തന്റെ ദേശീയ സുരക്ഷയ്ക്കും അതിർത്തികളുടെ സംരക്ഷണത്തിനും അങ്ങേയറ്റത്തെ മുൻഗണനയാണ് നൽകിതുടങ്ങിയത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും പൊതുസമൂഹത്തിന്റെ സുരക്ഷിതത്വവും മുൻനിർത്തി ഇമിഗ്രേഷൻ നടപടികൾ കൂടുതൽ സങ്കീർണ്ണവും കർശനവുമാക്കി മാറ്റാൻ ഇത് കാരണമായി. ഇന്നത്തെ കാലത്ത് വിസ പരിശോധനകളും പശ്ചാത്തല പരിശോധനകളും കൃത്യതയും അതുകൊണ്ടുതന്നെ വളരെ നിർണ്ണായകമാണ്. 1990-ൽ പാസാക്കിയ 'ഇമിഗ്രേഷൻ ആക്ട്' (Immigration Act) പ്രകാരം 1991 ഒക്ടോബർ 1 മുതലാണ് H-1B വിസ ഔദ്യോഗികമായി ഇഷ്യൂ ചെയ്യാൻ തുടങ്ങിയത്. യുഎസിലെ കമ്പനികൾക്ക് സ്വന്തം രാജ്യത്ത് ലഭ്യമല്ലാത്ത, ഉയർന്ന സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനാണ് ഈ വിസ സംവിധാനം കൊണ്ടുവന്നത്. ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. യുഎസിലെ ടെക്നോളജി മേഖലയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് ഇത് വലിയ അവസരങ്ങൾ നൽകി. നിയമവിരുദ്ധമായി അമേരിക്കയിൽ കഴിയുന്ന ആളുകളുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിൽ കൃത്യമായ തിട്ടപ്പെടുത്തൽ ബുദ്ധിമുട്ടാണെങ്കിലും, പ്യൂ റിസർച്ച് സെന്റർ (Pew Research) പോലെയുള്ള പ്രമുഖ ഏജൻസികളുടെ പഠനപ്രകാരം അമേരിക്കയിൽ രേഖകളില്ലാതെ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഏകദേശം 2,20,000 മുതൽ 7,00,000 വരെ വരും.ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവരും, മറ്റു മാർഗ്ഗത്തിലൂടെ എത്തിയവരും .മൊത്തം ഇന്ത്യൻ കുടിയേറ്റക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഭൂരിഭാഗം പേരും നിയമപരമായ മാർഗ്ഗങ്ങളിലൂടെ എത്തിയവരാണ്. എങ്കിലും അനധികൃതമായി എത്തുന്നവരുടെ എണ്ണത്തിലും ഇന്ത്യക്കാർ ഇപ്പോൾ മുൻപന്തിയിലുള്ള ചില രാജ്യങ്ങളിൽ ഒന്നാണ്.2025ല്‍ ഇന്ത്യയില്‍ ഏകദേശം 14,55,255 നോണ്‍-ഇമിഗ്രന്റ് വിസ അപേക്ഷകള്‍ ലഭിച്ചതായാണ് കണക്ക്. എന്നാൽ മാനുഷിക പരിഗണനകൾ പരിഗണിച്ച് ഇതേസമയം, 2021 ഓഗസ്റ്റിൽ അഫ്ഗാൻ പ്രതിസന്ധിയെത്തുടർന്ന് സ്പെഷ്യൽ ഇമ്മിഗ്രന്റ് വീസകളും (SIV) പ്രത്യേക പരോളും വഴി 1,80,000-ത്തധികം അഫ്ഗാൻ പൗരന്മാരെയും, 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന് ശേഷം 'യൂണൈറ്റിംഗ് ഫോർ യുക്രെയ്ൻ' (U4U) പദ്ധതിയിലൂടെ ഏകദേശം 2,20,000-ത്തിലധികം യുക്രെയ്ൻ പൗരന്മാരെയും അമേരിക്ക പുനരധിവസിപ്പിച്ചു. അമേരിക്കയിൽ നിലവിലുള്ള വിദേശത്ത് ജനിച്ച കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതലുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടിക താഴെ നൽകുന്നു:
മെക്സിക്കോ (ഏകദേശം 1.11 കോടി)
ഇന്ത്യ (ഏകദേശം 32 ലക്ഷം)
ചൈന (ഏകദേശം 30 ലക്ഷം)
ഫിലിപ്പീൻസ് (ഏകദേശം 21 ലക്ഷം)
ക്യൂബ (ഏകദേശം 17 ലക്ഷം)
എൽ സാൽവഡോർ (ഏകദേശം 16 ലക്ഷം)
ഗ്വാട്ടിമാല (ഏകദേശം 14 ലക്ഷം)
ഡൊമിനിക്കൻ റിപ്പബ്ലിക് (ഏകദേശം 14 ലക്ഷം)
കൊളംബിയ (ഏകദേശം 12 ലക്ഷം)
ഹോണ്ടുറാസ് (ഏകദേശം 11 ലക്ഷം)
ഒരു രാജ്യത്ത് ജീവിക്കുമ്പോൾ അവിടത്തെ നിയമപരമായ മാറ്റങ്ങളെയും വ്യവസ്ഥകളെയും ഉൾക്കൊണ്ട് ജീവിക്കേണ്ടത് ഓരോ പൗരന്റെയും അല്ലെങ്കിൽ പ്രവാസിയുടെയും ഉത്തരവാദിത്തമാണ് . വീടോ വിലാസമോ മാറുമ്പോൾ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അതത് വകുപ്പുകളെ (ഡ്രൈവിംഗ് ലൈസൻസ്, ടാക്സ്, സോഷ്യൽ സെക്യൂരിറ്റി തുടങ്ങിയവ) കൃത്യസമയത്ത് അറിയിക്കണമെന്ന നിയമങ്ങൾ പാലിക്കുന്നത് സുഗമമായ പ്രവാസ ജീവിതത്തിന് അത്യാവശ്യമാണ്.
മാറുന്ന ലോകസാഹചര്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളെയും നിയമപരമായ മാറ്റങ്ങളെയും മാനിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോഴാണ് പ്രവാസലോകത്ത് നമ്മുടെ വ്യക്തിത്വവും വിജയവും കൂടുതൽ അർത്ഥവത്താകുന്നത്.
(ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്‍റെ "മാറുന്ന കുടിയേറ്റ നിയമങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മീറ്റിങ്ങിൽ, ചർച്ചയ്ക്കായി വന്ന പ്രധാന പോയൻസ് ആണ് മുകളിൽ ചേർത്തിരിക്കുന്നത്)

സണ്ണി മാളിയേക്കൽ

