PRAVASI

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

Blog Image

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ (102 )അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ഓർമകളിലെ ജ്വലിക്കുന്ന പ്രചോദനമാവും.ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌ടി ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം 3.20 ഓടെയാണ് മരണം.നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകൻ്റെ വസതിയായ 'വേലിക്കകത്ത് വീട്ടിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് പൂർണവിശ്രമത്തിലായിരുന്നു അദ്ദേഹം.ഭാര്യ:കെ വസുമതി.മക്കൾ വി എ അരുൺകുമാർ, ഡോ വി ആശ മരുമക്കൾ: രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്

ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11കാലത്താണ് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1980മുതൽ 1991വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.1923ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരന്റെയും അക്കമ്മ എന്ന കാർത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് വി എസ് അച്യുതാന്ദൻ ജനിച്ചത്. പുന്നപ്ര പറവൂർ ഗവ.സ്‌കൂളിലും കളർകോട് സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിന്റെ ബാല്യകാലം

നന്നേ ചെറുപ്പത്തിൽ,നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു വസൂരി ബാധിച്ചതിനെ തുടർന്നായിരുന്നു അമ്മയുടെ മരണം ഏഴാം ക്ലാസിൽ പഠിക്കവെ അച്ഛനും മരിച്ചു. അതോടെ പഠനം നിർത്തി ജ്യേഷ്‌ഠൻ്റെ തുണിക്കടയിൽ സഹായിയായി പിന്നീട ആലപ്പുഴ ആസ്‌പിൻ വാൾ കയർ കമ്പനിയിൽ തൊഴിലാളിയായി. മൂന്നുകൊല്ലം അവിടെ പണിയെടുത്തു.

17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്.വി എസിലെ സംഘടനാപാടവം കണ്ടെത്തി,കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിലേക്ക് പാർടി വളർത്താൻ വി എസിന് പ്രചോദനം നൽകിയത് പി കൃഷ്‌ണപിള്ളയായിരുന്നു പുന്നപ്ര വയലാർ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിൻ്റെ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തു

1943ൽ കോഴിക്കോട്ട് നടന്ന കമ്യൂണിസ്‌റ്റ് പാർടിയുടെ സമ്മേളനത്തിൽ ആലപ്പുഴയിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു പുന്നപ്ര- വയലാർ സമര കാലത്ത് പാർടി നിർദേശത്തെ തുടർന്ന് അദ്ദേഹം ഒളിവിൽ പോയി കോട്ടയത്തെ പൂഞ്ഞാറിൽ ഒളിവിൽ കഴിയവെ അറസ്റ്റിലായി. ക്രൂരമായ പൊലീസ് മർദനത്തിരയായ വി എസ് മരിച്ചുവെന്ന് കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകവെ ജീവനുള്ളതായി കണ്ട് തിരികെ കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആശുപത്രിയിൽ നിന്നിറങ്ങിയ വി എസ് ജനകീയ പോരാട്ടങ്ങളുടെ മുന്നണിയിൽ നിലയുറപ്പിച്ചു. അഴിമതിക്കും ഭരണകൂട ഭീകരതയ്ക്കും എതിരെ വിട്ടുവീഴ്ച‌യില്ലാതെ നിലകൊണ്ടു. 1956ൽ പാർടി സംസ്ഥാന കമ്മിറ്റി അംഗവും 57ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി 58ൽ നാഷണൽ കൗൺസിൽ അംഗമായി. 1964/10 അവിഭക്ത പാർടിയിൽ നിന്ന് പുറത്തുവന്ന 32നാഷണൽ കൗൺസിൽ അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏഴു പേരിൽ ഒരാളായിരുന്നു വി എസ്. 1964ൽ കൊൽക്കത്തയിൽ ചേർന്ന പാർടി കോൺഗ്രസിൽ വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1985ൽ പിബി അംഗമായി. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിൽ ഭരണപരിഷ്‌കാര കമീഷൻ ചെയർമാനായി വി എസിനെ നിയമിച്ചു .
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.