PRAVASI

പ്രണയ ദിന ഓര്‍മ്മകള്‍

Blog Image

ഫെബ്രുവരി 14 ാം തീയതി ആഗോളതലത്തില്‍ പ്രണയ ദിനം ആഘോഷിക്കുന്നു. ഒരു സംശയം ഈ പ്രണയം എന്നു പറയുന്നത് മനുഷ്യന് മനുഷ്യനോടു മാത്രം  തോന്നുന്ന സ്നേഹം ആണോ? അതോ ഏതെങ്കിലും ഒരു വസ്തുവിനോട് തോന്നുന്ന അടുപ്പത്തേയും പ്രണയം എന്നു വിളിക്കാമോ? 
സ്നേഹം ആദ്യം  തോന്നി പിന്നീട് അത് പ്രണയമായി മാറി. എവിടെ പോയാലും ഈ ഇഷ്ടതാരം എന്നോട് ഒപ്പം ഉണ്ട്. എന്നെ സന്തോഷിപ്പിക്കാനുള്ള എല്ലാ വിദ്യയും അവന്‍റെ  കൈയ്യില്‍ ഉണ്ട്. ചൂട് വേണമെന്ന് തോന്നിയാല്‍ ചൂട് തരും. തണുപ്പ് വേണമെങ്കില്‍ അതും തരും. ഒരു നിമിത്തം എന്നതു പോലെ അവനെ കിട്ടിയത് ഒരു പ്രണയ ദിനത്തിലാണ്.. 
കോവിഡ് കൊടുംപിരി കൊണ്ടു നില്‍ക്കുന്ന കാലം. വാര്‍ദ്ധക്യത്തില്‍ എത്തി നില്‍ക്കുന്ന കാര്‍ പലവിധ അസുഖങ്ങളും കാണിച്ചു തുടങ്ങി. ആഡംബര  കാര്‍ തന്നെ വാങ്ങണമെന്ന് ഒരു കൂട്ടര്‍ ഉപദേശിക്കുന്നു. ഉപയോഗിക്കുന്ന വാഹനം നോക്കിയാണ് ആളുകള്‍ നമ്മളെ വിലയിരുത്തുന്നത്. എന്തു കൊണ്ട് ഇലക്ട്രിക്ക് കാര്‍ ആയ ടെസല വാങ്ങികൂടാം എന്നു മറ്റൊരു കൂട്ടര്‍.  ടെസലാ ഒരു ഇലക്ട്രിക്ക് കാര്‍ ആയതുകൊണ്ട് അത് ലക്ഷ്വറി അല്ല എന്നു പറയുന്നവരും ഉണ്ട്. ഒരുപാട് ആലോചനക്കു ശേഷം ടെസല തന്നെ വാങ്ങാം എന്ന തീരുമാനത്തിലെത്തി.
ഡീലര്‍ഷിപ്പില്‍ പോയി നോക്കാം. ഒരു കാര്‍ ഡീലര്‍ഷിപ്പ് എന്നു പറഞ്ഞാല്‍ അവര്‍ വില്‍ക്കുന്ന അവരുടെ കാറുകള്‍ എല്ലാം ആ കെട്ടിടത്തിന്‍റെ വെളിയില്‍ നിരന്നു കിടപ്പുണ്ടായിരിക്കും. അതില്‍ ഇഷ്ടപ്പെട്ടവ ഓടിച്ചു നോക്കാനുള്ള അവസരം തരും. ടെസലയുടെ ഡീലര്‍ഷിപ്പില്‍ ചെന്നപ്പോള്‍ അവിടെ ഒരു വണ്ടി പോലും കാണുവാന്‍ സാധിച്ചില്ല.  ചെറിയ ഓഫീസ് പോലെ തോന്നിപ്പിക്കുന്ന ഒരു മുറി  അതിന്‍റെ ഉള്ളില്‍ രണ്ട് ടെസല കിടപ്പുണ്ട്. എനിക്ക് വേണ്ടത് ടെസല വൈ മോഡല്‍ ആണ്. അവര്‍ ഉള്‍ഭാഗം തുറന്നു കാണിച്ചു തന്നു. ഉള്ളിലേക്ക് തല ഇട്ട് ഒന്നു നോക്കി. ഫോണ്‍ വെറുതെ വച്ചാല്‍ മതി ചാര്‍ജ് ആയി കൊള്ളും. ഒരു വലിയ മോണിറ്ററും കണ്ടു. കടുതലായി ഒന്നും അവര്‍ പറഞ്ഞു തന്നില്ല. ഞാന്‍ ഒരു ചോദ്യം മാത്രം ചോദിച്ചു  എവിടെ കുത്തിയാണ് ചാര്‍ജ് ചെയ്യുന്നത്?  അത് അവര്‍ കാണിച്ചു തന്നു. 
250 ഡോളര്‍ മുന്‍കൂര്‍ തുക അടച്ച് അവരുടെ ഓഫീസില്‍ വച്ചു തന്നെ ടെസല മോഡല്‍ വൈ ബുക്ക് ചെയ്തു. തിരിച്ചു വീട്ടിലേക്ക് പോരുന്ന വഴിയില്‍ പലതും ആലോചിച്ചു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഈ ഇലക്ട്രിക്ക് കാര്‍ സ്വന്തമാകും. ബാറ്ററി ചാര്‍ജ് ചെയ്ത് ഓടിക്കുന്ന വാഹനം ഇന്നുവരെ ഉപയോഗിച്ചിട്ടില്ല.  ഓടിച്ചു നോക്കുവാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇലക്ട്രിക്ക് കാറുമായി മുന്‍ പരിചയം ഇല്ലാത്തതിനാല്‍  പരീക്ഷണ ഓട്ടം നടത്തുവാന്‍ ഒരു ഭയം. എന്തായാലും സ്വന്തമായതിനു ശേഷം മാത്രം ഓടിച്ചു പഠിച്ചാല്‍ മതി എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നു. 
കാത്തിരുപ്പിന്‍റെ കാലയളവില്‍ അവനെ കുറിച്ചു മാത്രം ചിന്തിച്ചു കൊണ്ടിരുന്നു. എത്രപേരുടെ കൈയ്യുകള്‍ ആയിരിക്കും അവനെ പൂര്‍ണ്ണ വളര്‍ച്ചയില്‍ എത്തിക്കാന്‍ സാഹായിക്കുന്നത്? അവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആരാണ് അവനെ തൊടുന്നത്? എത്ര പേര്‍ ഉണ്ടാകും? . ഇതൊന്നും അറിയില്ല മറ്റൊരു അര്‍ത്ഥത്തില്‍ ഇതൊക്കെ എന്തിന് അറിയണം? അവന്‍ എവിടം വരെ വളര്‍ന്നിട്ടുണ്ടാകും? ഇങ്ങിനെയൊക്കെയുള്ള ചിന്തകളാല്‍ ദിനരാത്രികള്‍ കഴിച്ചു കൂട്ടി. ദിവസങ്ങള്‍ കഴിയും തോറും ചിന്തകള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ തുടങ്ങി  
കാര്‍ റെഡിയായി കഴിയുമ്പോള്‍ അവര്‍ എന്നെ വിളിക്കും അപ്പോള്‍ ഡീലര്‍ഷിപ്പില്‍ നിന്ന് ആര് കാര്‍ ഡ്രൈവ് ചെയ്ത് എന്‍റെ താമസസ്ഥലത്ത് എത്തിക്കും? വീട്ടീല്‍ ഉള്ള ആര്‍ക്കും ഇലക്ട്രിക്ക് കാര്‍ ഓടിച്ച് പരിചയവും ഇല്ല. ഇങ്ങനത്തെ കൂറെ ചിന്തകള്‍  എന്നെ അലോസരപ്പെടുത്തി കൊണ്ടേയിരുന്നു. 
ആറു മാസം കഴിഞ്ഞപ്പോള്‍ പണം അടക്കുവാനുള്ള അറിയിപ്പ് കിട്ടി. പണം അടച്ചു കഴിഞ്ഞപ്പോള്‍ അടുത്തത് കാര്‍ അവര്‍ വീട്ടീല്‍ എത്തിച്ചു തരും എന്ന് അറിയുവാന്‍ സാധിച്ചു. അത്  എനിക്ക് വലിയ ആശ്വാസം തന്നു. ഏതു ദിവസം കാര്‍ കൊണ്ടു വരണം എന്ന് അവരെ അറിയിച്ചാല്‍ മതി.
കലണ്ടറില്‍ നോക്കി അവധി ദിവസം കണ്ടുപിടിച്ചു. കാത്തു കാത്തിരുന്ന ടെസല വീട്ടില്‍ വരുന്ന ദിവസം എത്തി. ബുക്കും പേനയും റെഡിയാക്കി ഇരിക്കുകയാണ് കാരണം ഈ കാറിനെ കുറിച്ചുള്ള ഒരുപാട് സംശയങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. കാറുമായി വരുന്ന വ്യക്തിയോട് ഇതെല്ലാം ചോദിച്ചു മനസിലാക്കണം. കൂടെ കൊണ്ടു നടക്കുന്നവനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നുള്ളത് അറിഞ്ഞിരിക്കണമല്ലോ. പത്തു മിനിറ്റിനുള്ളില്‍ വാഹനം വീട്ടീല്‍ എത്തുമെന്നുള്ള സൂചന ലഭിച്ചു. ഞാന്‍ ജനാലയില്‍ കൂടി നോക്കി കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതാ വരുന്നു വെളുത്ത നിറമുള്ള കഴിഞ്ഞ ആറു മാസമായി മനസില്‍ താലോലിച്ചു കൊണ്ടു നടന്ന എന്‍റെ പ്രണയത്തിന് തിരി കൊളുത്തിയവന്‍ വീടിന്‍റെ ഡ്രൈവ് വേയില്‍ എത്തി നില്‍ക്കുന്നു. വീടിന്‍റെ വെളിയിലേക്ക് ഓടി ചെന്നു. ആ മനുഷ്യന്‍  ഒന്നു നോക്കുക പോലും ചെയ്യാതെ അവനെ കൊണ്ടു പോകുവാന്‍ വേണ്ടി വന്ന ഊബറിന്‍റെ അടുത്തേക്കു നടക്കുന്നു. സാര്‍ എനിക്ക് ചില ചോദ്യങ്ങള്‍ ഉണ്ട്. പരിഭ്രമം കലര്‍ന്ന എന്‍റെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍  അതൊന്നും അവന്‍റെ ഉത്തരവാദിത്വത്തില്‍പെട്ടതല്ല എന്ന ആംഗലേയ ഭാഷ കാണിച്ചു കൊണ്ട് അവിടെ കാത്തു കിടന്ന വാഹനത്തില്‍ കയറി അവന്‍ സ്ഥലം കാലിയാക്കി.   
വണ്ടി കൈപറ്റി എന്നുള്ള ഒരു പേപ്പറില്‍ പോലും ഒപ്പു വയ്ക്കാതെ ആ മനുഷ്യന്‍ കടന്നു കളഞ്ഞു. വെറുതെ ഒരു ദിവസം അവധി എടുത്ത് ബുക്കു പേനയും  കൈയ്യില്‍ വച്ച് കാത്തിരുന്നതു വെറും പാഴ് വേലയായി പോയി.  മാസങ്ങളോളം പ്രണയിച്ച ആ വെളുത്ത സുന്ദരന്‍ ദേ  ഇവിടെ നിശബ്ദമായി കിടക്കുന്നു. പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയതു മാതിരി എന്തു ചെയ്യണമെന്നറിയാതെ അവനെ തുറിച്ചു നോക്കി നിന്നു. എവിടെ നിന്നു തുടങ്ങണം എന്ന ഒരു സന്ദേഹത്തില്‍ ഞാനും നില്‍ക്കുന്നു. 
 ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ തമ്മില്‍ അടുത്തു കാണുന്നത്. അവന്‍ എന്നോടു പറയുന്നതു പോലെ തോന്നി. എന്നെ സ്പര്‍ശിക്കുക, എന്‍റെ ഉള്ളിലോട്ടു കയറുക, എന്നിലുള്ള നല്ല സ്വഭാവത്തെ നീ തൊട്ടറിയുക, ഞാന്‍ ഒരു ഉപദ്രവകാരനല്ല. ആദ്യം എന്നെ മനസിലാക്കാന്‍ ശ്രമിക്കുക. എന്നില്‍ ഒരുപാട് കഴിവുകള്‍ ഒളിഞ്ഞിരുപ്പുണ്ട്. എന്നെ ഇഷ്ടപ്പെട്ടതില്‍ പ്രണയിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്.
നമ്മള്‍ ഇന്നു മുതല്‍ ഒന്നിച്ചു യാത്ര ചെയ്യേണ്ടവര്‍ ആണ്. ഇനിയുള്ള നിന്‍റെ എല്ലാം യാത്രകളിലും ഞാനാണ് നിന്‍റെ കൂടെ ഉണ്ടാവുക. നീ എന്നെ ഉപയോഗിക്കുമ്പോള്‍ അങ്ങേയറ്റം സൂഷ്മതയോടെ ആയിരിക്കണം അല്ലയെങ്കില്‍ നമ്മുടെ രണ്ടു പേരുടേയും ജീവിതം അപകടത്തില്‍ ചെന്ന് അവസാനിക്കും. എന്നെ സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ ഞാന്‍ നിനക്ക് എല്ലാംവിധ സന്തോഷവും തരും. പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നു.  ഞാന്‍ തൊട്ടാല്‍ മാത്രമേ അവന്‍ ഉണരുകയുള്ളു. അല്ലങ്കില്‍ അവനെ വെറുതെ ഇങ്ങിനെ നിശ്ചലനായി കിടക്കും. പതുക്കെ അവന്‍റെ അടുത്തേക്ക് നീങ്ങി. ആദ്യം ഡോറിന്‍റെ പിടിയില്‍ വലിച്ചു നോക്കി. തുറക്കുന്നില്ല. ഇനി എന്തു ചെയ്യും? വാതിലുകള്‍ തുറക്കുവാനുള്ള ഒരു ശ്രമം കൂടി നടത്തി നോക്കി  ഒരു ശ്രമവും വിജയിച്ചില്ല. എന്‍റെ ശരീരം തളരുന്നതു പോലെ തോന്നി. തിരിച്ചു വീട്ടീല്‍ കയറിയിരുന്നു. എന്താണ് ചെയ്യേണ്ടത്? ഞാന്‍ ഓര്‍ത്തെടുത്തു. 
ഒരു വണ്ടി തുറക്കണമെങ്കില്‍ ആദ്യം വേണ്ടത് താക്കോല്‍ ആണല്ലോ. പറഞ്ഞു കേട്ടിരിക്കുന്നത് ടെസലയുടെ താക്കോല്‍  ഫോണ്‍ തന്നെയാണ് പെട്ടെന്ന് ഫോണ്‍ തപ്പിപിടിച്ച് വീണ്ടും കാറിന്‍റെ അടുക്കല്‍ ചെന്നു. വാതില്‍ തുറക്കുവാനുള്ള ശ്രമം നടത്തി ഒരു പ്രശ്നവും കൂടാതെ ഡോര്‍ തുറന്നു കിട്ടി.  അകത്തു കയറി ഇരുന്നു. ആശ്വാസം. അകത്തു കടക്കുവാന്‍ സാധിച്ചല്ലോ, അതിനു ശേഷം  അവന്‍റെ ഓരോ ഭാഗവും പഠിക്കുവാന്‍ തുടങ്ങി ഇരിക്കുന്ന സീറ്റ്, കണ്ണാടി, എല്ലാം ഉപയോഗിക്കാന്‍ പാകത്തിന് അഡ്ജസ്റ്റ് ചെയ്തു. ഒന്നും മിണ്ടാതെ എന്‍റെ ഇഷ്ടത്തിന് അവന്‍ എല്ലാം വഴങ്ങി തന്നു. വളരെ അനുസരണയുള്ള ഒരു കുട്ടിയെ പോലെ..
അവനെയും കൊണ്ട് അയല്‍പക്കത്തു കൂടി ചെറുതായി ഒന്നു വലം ചുറ്റി. അവന്  ഭയങ്കര പിക്കപ്പ് ആണെന്ന് മനസ്സിലായി. മൂന്നു തരം ബ്രേക്ക് സിസ്റ്റം ആണ് അവനുള്ളത്.  അത് എനിക്ക് തിരഞ്ഞെടുക്കാം. ഒന്ന് സാധരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന രീതിയില്‍ തന്നെ ചവിട്ടി നിര്‍ത്തുന്നു. പിന്നെ കാല് മാറ്റി ആക്സലേറ്റര്‍ കൊടുക്കുന്നു. രണ്ടാമത്തേത് ചവിട്ടിയാല്‍ മാത്രം നില്‍ക്കും  പക്ഷെ അതിനു ശേഷം കാല് മാറ്റിയാലും അവന്‍ അനങ്ങുകയില്ല. പിന്നീട് വണ്ടി മുന്നോട്ടു എടുക്കുവാന്‍ വേണ്ടി വീണ്ടും ചവിട്ടുക. എനിക്ക് ഇഷ്ടപ്പെട്ടത് മൂന്നാമത്തെ ഓപ്ഷന്‍ ആണ് അതായത് ബ്രേക്കില്‍ കാല് അമര്‍ത്താതെ നിര്‍ത്തേണ്ട സ്ഥലം മനസില്‍ കണ്ട്  സ്ലോ ചെയ്താല്‍ ക്യത്യമായി എവിടെ ആണോ നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അവിടെ നിന്നിരിക്കും. കാല് ബ്രേക്കില്‍ നിന്ന് എടുക്കാം വീണ്ടും ആക്സലേറ്ററില്‍ അമര്‍ത്തിയാല്‍ മാത്രമേ കാര്‍ അനങ്ങുകയുള്ളു.  
അവനെ കിട്ടിയതിന്‍റെ ആദ്യ രാത്രി എനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല, കാരണം ഞാനും അവനും കൂടി ആദ്യമായി നാളെ എന്‍റെ ജോലി സ്ഥലത്തേക്ക് പോവുകയാണ്. ഉറങ്ങുന്നതിനു മുന്‍മ്പ് ചാര്‍ജ് ചെയ്യുവാന്‍ മറന്നില്ല. രാവിലെ നോക്കിയപ്പോള്‍ അവന്‍ ഫുള്‍ ചാര്‍ജ് ആയി എന്നേയും പ്രതീക്ഷിച്ചു കിടക്കുന്നതു പോലെ തോന്നി. 
ചാര്‍ജ് ചെയ്യുവാന്‍ വേണ്ടി അവന്‍റെ ശരീരത്തില്‍ കുത്തി വച്ചിരിക്കുന്ന വയര്‍ വിടുവിക്കാന്‍ നോക്കി. ഒരു രക്ഷയുമില്ല. അവനെ ഘടിപ്പിച്ചിരിക്കുന്ന വയര്‍ എത്ര ബലം കൊടുത്തിട്ടും ഊരിയെടുക്കുവാന്‍ സാധിക്കുന്നില്ല. അത് എടുത്തു മാറ്റാതെ അവനെയും കൊണ്ട് എനിക്ക് പോകുവാന്‍ സാധിക്കുകയില്ലല്ലോ. എന്തു ചെയ്യും?.
തിരിച്ച് വീട്ടില്‍ കയറി ഫോണ്‍ എടുത്തു വണ്ടിയുടെ അടുത്തു വന്നു ഗൂഗീളില്‍ തിരഞ്ഞു നോക്കാം എന്നു കരുതി അവന്‍റെ  അരികിലേക്ക് ചെന്നു. ഒരു പരീക്ഷണം കൂടി നടത്തി നോക്കി. ഭാഗ്യം ഒരു കുഴപ്പവും കൂടാതെ അവനെ ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജര്‍ അവന്‍റെ ശരീരത്തില്‍ നിന്ന് വിട്ടു കിട്ടി. ഫോണ്‍ അവന്‍റെ താക്കോല്‍ ആണല്ലോ താക്കോല്‍ അവന്‍റെ സമീപത്ത് ഉണ്ടങ്കില്‍ മാത്രമേ വിട്ടു കിട്ടുകയുള്ളു എന്ന തിരിച്ചറിവ് കിട്ടി. ഇനിയും എത്രയോ അറിയാത്ത കാര്യങ്ങള്‍ അവനില്‍ ഒളിഞ്ഞിരുപ്പുണ്ട്.
ഞങ്ങളുടെ യാത്ര വളരെ സന്തോഷത്തോടു കൂടി തന്നെ മുന്നോട്ടു പോകുന്നു. അവന്‍റെ സ്വഭാവം കുറയൊക്കെ ഞാന്‍ പഠിച്ചു കഴിഞ്ഞു. വഴക്കും പിണക്കവും ഇല്ലാതെ ഞങ്ങളുടെ യാത്ര തുടരുന്നു. ചാര്‍ജ് ഇല്ലങ്കില്‍ മാത്രമേ അവന്‍ എന്നോടു പിണങ്ങുകയുള്ളു. നല്ല രീതിയില്‍ അവനെ കൈകാര്യം ചെയ്തില്ലയെങ്കില്‍ എന്‍റെ സേഫ്റ്റി സ്ക്കോര്‍ കുറയുകയും അത് ഇന്‍ഷ്വറന്‍സ് റേറ്റ് കൂട്ടുകയും ചെയ്യും. അതുപോലെ പെട്ടെന്ന് ബ്രേക്കില്‍ കാല് ചവുട്ടിയാല്‍ അവന് അത് ഇഷ്ടപ്പെടുകയില്ല. അതു മന:പൂര്‍വ്വം ചെയ്യുന്നതല്ല മറ്റുള്ളവര്‍ അവന്‍റെ മുമ്പിലേക്ക് ചാടുമ്പോള്‍ അവനെ രക്ഷിക്കാന്‍ വേണ്ടി അമര്‍ത്തി ചവിട്ടുന്നതാണ്.
ഒരു ദിവസം അവന്‍ എന്നെ ഒരു ലൈബ്രറിയുടെ വാതുക്കല്‍ ഇറക്കി വിട്ടു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് ഞാന്‍ കാറിന്‍റെ അടുക്കല്‍ വന്നു പതിവു പോലെ  വാതില്‍ തുറന്ന് അകത്തു കടക്കാന്‍ ശ്രമിച്ചു. അകത്തേക്ക് കടക്കാന്‍ എന്നെ അനുവദിക്കുന്നില്ല. എന്‍റെ കൈയ്യില്‍ തുറക്കാനുള്ള ഫോണ്‍ ഉണ്ട്. കാര്‍ എന്‍റേത് തന്നെയാണ് എന്ന് ഉറപ്പും വരുത്തി. പിന്നെ എന്താണ് അവന്‍ എനിക്ക് തുറന്നു തരാത്തത്?  ഇവന്‍റെ സ്വഭാവം അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്നു ചുറ്റുപാടു നോക്കി. ആരേയും കണ്ടില്ല. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമത്തോടെ തിരിച്ചു ലൈബ്രറിയിലേക്കു നടന്നു.  ഒരു വെളിപാടു പോലെ എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ അവന്‍റെ അടുക്കലേക്ക് ഓടി ചെന്നു കതകില്‍ കൈയ്യ് വച്ചു. ഒരു കുഴപ്പവും കൂടാതെ കതക് തുറന്നു കിട്ടി. കാരണം ലൈബ്രറിയില്‍ വച്ച് വീഡിയോ എടുക്കുന്നതിനു വേണ്ടി ഫോണില്‍ എയര്‍ പ്ലെയിന്‍ മോഡ് ഓണാക്കി വച്ചിരിക്കുകയായിരുന്നു.  കുറ്റം എന്‍റേതു തന്നെയായിരുന്നു. പക്ഷെ കുറച്ചു നേരത്തേക്ക് അവനെ കുറിച്ച് വേണ്ടാത്ത കൂറെ കാര്യം  ചിന്തിച്ചു കൂട്ടി. മൗനമായി അവനോട് ഒരു മാപ്പ് പറഞ്ഞു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ഞങ്ങള്‍ പ്രണയിച്ചു തുടങ്ങിയിട്ട് ഈ ഫെബ്രുവരി 14 ന് മൂന്നു വര്‍ഷം തികയുന്നു. പ്രണയിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകുക. അത് വസ്തു ആയാലും മനുഷ്യന്‍ ആയാലും കൈകാര്യം ചെയ്യുതനുസരിച്ചാണ് സന്തത സഹചാരിയില്‍ നിന്ന് സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് കിട്ടുന്നത്.  എല്ലാംവര്‍ക്കും ഒരു  ഹാപ്പി വാലന്‍റയിന്‍സ് ഡേ ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു. 

ലാലി ജോസഫ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.