PRAVASI

വയലാർ അനുസ്മരണവും ഗാനസന്ധ്യയും നാഷ്‌ വില്ലിൽ അരങ്ങേറി

Blog Image
കേരളത്തിന്റെ ജനകീയ കവിയായ ശ്രീ.വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം മുൻനിർത്തി കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും, നാഷ്‌വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം  അവതരിപ്പിച്ചു

നാഷ്‌വിൽ: കേരളത്തിന്റെ ജനകീയ കവിയായ ശ്രീ.വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം മുൻനിർത്തി കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും, നാഷ്‌വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം  അവതരിപ്പിച്ചു. വയലാർ സ്‌മൃതി: സംഗീതത്തിന്റെ സൗരഭ്യം എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും, കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറുമായിരുന്ന ശ്രീ. കെ ജയകുമാർ IAS മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന്  വയലാർ കവിതകളും, സിനിമ ഗാനങ്ങളും, ശ്രീ. കെ ജയകുമാർ രചിച്ച സിനിമ ഗാനങ്ങളും കോർത്തിണക്കി അതിമനോഹരമായ ഗാനസന്ധ്യയും അരങ്ങേറി.

1970 ൽ ശ്രീ. കെ ജയകുമാർ അദ്ദേഹത്തിന്റെ കവിത ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തിൽ  രചിച്ച "എന്റെ ആയിഷ" എന്ന കവിതയെ അനുമോദിച്ചു കൊണ്ട് ശ്രീ.വയലാർ രാമവർമ്മ അയച്ച സന്ദേശത്തിൽ സൂചിപ്പിച്ച  'ആഖ്യാന കവിതാ മണ്ഡലത്തിലേക്ക് ആദ്യ പുഷ്പവുമായി കയറി വരുന്ന അനാഗത ശ്‌മശ്രുവായ അനുജനെ വലം കൈ പിടിച്ചു ആസ്വാദക സമൂഹത്തിന്റെ മുന്നിൽ പരിചയപ്പെടുത്തിയ' അനുഭവം ശ്രീ. കെ ജയകുമാർ പങ്ക് വച്ചത് തികച്ചും മനോഹരമായ അനുഭവം തന്നെയായിരുന്നു. വയലാറിന്റെ കവിതകളെ കുറിച്ചും, കാലാകാലങ്ങളിൽ വന്ന അദ്ദേഹത്തിന്റെ ചിന്ത ധാരകളെ കുറിച്ചും, അത് ഗാനരചനയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം വളരെ വിശദമായി ശ്രീ. കെ ജയകുമാർ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ അവതരിപ്പിച്ചു. 

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് ശ്രീ.ഷിബു പിള്ള  അധ്യക്ഷത വഹിച്ച പരിപാടിയിൽ  ലാന പ്രസിഡന്റ് ശ്രീ.ശങ്കർ മന ആശംസ അർപ്പിച്ചു. നാഷ്‌വിൽ സാഹിതി കൺവീനർ  ശ്രീ.അശോകൻ വട്ടക്കാട്ടിൽ  സ്വാഗതവും, കേരള അസോസിയേഷൻ സെക്രട്ടറി ശ്രീമതി. സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി. കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഭരണസമിതി അംഗങ്ങൾ എല്ലാപേരും ചേർന്ന് ശ്രീ. കെ ജയകുമാറിന്  ഫലകം നൽകി ആദരിക്കുകയും ചെയ്തു. 

തുടർന്ന് നാഷ്‌വില്ലിലെ കലാകാരൻമാരായ ശ്രീ.സന്ദീപ് ബാലൻ, ശ്രീ.അനിൽകുമാർ  ഗോപാലകൃഷ്ണൻ, ശ്രീ.ലിനു രാജ്, ശ്രീമതി. ലയ ജിജേഷ്, കല്യാണി പതിയാരി, അഭിരാമി അനിൽകുമാർ എന്നിവർ ചേർന്ന് വയലാർ, കെ ജയകുമാർ എന്നിവരുടെ കവിതകളെയും ഗാനങ്ങളെയും കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ സ്വരമാധുര്യത്തിന്റെ നല്ലൊരു അനുഭൂതി സമ്മാനിച്ചു.അതിൽ അവതരിപ്പിച്ച ഓരോ ഗാനങ്ങളെ കുറിച്ചും അതിന്റെ പശ്ചാത്തലത്തെ കുറിച്ചും ശ്രീ. കെ ജയകുമാർ അനുഭവങ്ങൾ അവതരിപ്പിച്ചത് പങ്കെടുത്തവർക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുകയും ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.