ജീവിതം കൊണ്ട് മാതൃക കാണിക്കുക എന്നതാണ് ഒരു മനുഷ്യന്‍ ഭൂമിയില്‍ പുലര്‍ത്തേണ്ട ഏറ്റവും നല്ല ശീലം. പറഞ്ഞ വാക്കിനും ചെയ്യുന്ന പ്രവര്‍ത്തിയും തമ്മില്‍ അകലങ്ങള്‍ ഉണ്ടാകരുത്. അത്തരത്തില്‍ ഇന്ത്യന്‍ ഹിന്ദു സനാതന ധര്‍മം പിന്തുടരുന്ന, അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഗോപിനാഥകുറുപ്പ്.
അച്ഛനും അമ്മയും ആശാട്ടിയമ്മയും
കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് ഗ്രാമത്തിലാണ് ഗോപിനാഥകുറുപ്പ് ജനിച്ചത്. ആ ഗ്രാമത്തിലെ എല്ലാ നന്മകളും ഭംഗിയും ആസ്വദിച്ചാണ് അദ്ദേഹം വളര്‍ന്നുവന്നത്. അച്ഛന്‍ ശിവരാമപ്പണിക്കരുടെയും അമ്മ സാവിത്രിയമ്മയുടെയും കുടുംബം അദ്ധ്യാപക പാരമ്പര്യമുള്ളതായത് കൊണ്ട് ഗോപിനാഥകുറുപ്പും ചെറുപ്പം മുതല്‍ക്കേ പഠനത്തില്‍ ശ്രദ്ധിച്ചിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും അക്ഷരം ചൊല്ലിക്കൊടുത്തിരുന്നത് പാര്‍വ്വതിയമ്മ എന്നുപേരുള്ള ഗോപിനാഥകുറുപ്പിന്‍റെ അച്ഛന്‍റെ മൂത്തസഹോദരിയാണ്.
ആശാട്ടിയമ്മ എന്നാണ് ഗോപിനാഥ കുറുപ്പ് വിളിച്ചിരുന്നത്. പാര്‍വ്വതിയമ്മ തോട്ടയ്ക്കാട് എന്നുപറഞ്ഞാല്‍ ആ നാട്ടില്‍ അന്ന് അറിയാത്തവരില്ല. അടുത്തിടെ നൂറു വയസുകഴിഞ്ഞ 'ആശാട്ടിയമ്മയെക്കുറിച്ച്' പത്രങ്ങളില്‍ വാര്‍ത്തവന്നിരുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നത് കുട്ടിക്കാലം മുതല്‍ ഗോപിനാഥകുറുപ്പിന്‍റെ മനസ്സില്‍ പതിയാന്‍ കാരണം അച്ഛനും അമ്മയും ആശാട്ടിയമ്മയുമാണ്.
കലാലയ സംഘാടകന്‍
സെന്‍റ് തോമസ് ഹൈസ്കൂളിലെ പഠനത്തിന് ശേഷം പാലാ സെന്‍റ് തോമസ് കോളജില്‍ ബി.കോമിന് ചേര്‍ന്ന ഗോപിനാഥകുറുപ്പ് കലാലയ കാലയളവില്‍ കെ.എസ്.യുവിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തവരുടെ രാഷ്ട്രീയം അദ്ദേഹത്തെ എക്കാലവും വല്ലാതെ സ്വാധീനിച്ചിരുന്നു. പഠനത്തിന് ശേഷമാണ് പാലക്കാട് ഇന്‍സ്ട്രമെന്‍റേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ടന്‍റായി അദ്ദേഹം ജോലി ആരംഭിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കീഴിലായിരുന്നു ആ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ആ സമയത്താണ് ഐ.എന്‍.ടി.യുസിയില്‍ സജീവമായത്. കെ. ശങ്കരനാരായണന്‍ എന്ന പ്രശസ്തനായ കോണ്‍ഗ്രസ് നേതാവ് ഐ.എന്‍.ടി.യു.സി. പ്രസിഡന്‍റ് ആയിരിക്കെ വൈസ്-പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ ഗോപിനാഥക്കുറുപ്പിന് അവസരം ലഭിച്ചു. പിന്നീടുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഈ പദവിയും അത് തന്ന അനുഭവങ്ങളും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അമേരിക്കയും അനുഭവങ്ങളും
1984-ലാണ് ഗോപിനാഥ കുറുപ്പ് അമേരിക്കയില്‍ എത്തുന്നത്. ആദ്യനാളുകളില്‍ എല്ലാം തന്നെ വലിയ കഷ്ടപ്പാടുകളായിരുന്നു അദ്ദേഹത്തെ തേടി എത്തിയത്. തുടര്‍ന്ന് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയുടെ പൊതുപരീക്ഷ എഴുതിയാണ് ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായി അദ്ദേഹത്തിന് ജോലി ലഭിച്ചത്. നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധത ഹോസ്പിറ്റലിലെ യൂണിയന്‍ കാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പിന്നീട് പള്‍മണറിയില്‍ അസോസിയേറ്റ് ഡിഗ്രി എടുത്തതിന് ശേഷം അതേ ഹോസ്പിറ്റലില്‍ പള്‍മണറി ഡിപ്പാര്‍ട്മെന്‍റില്‍ അദ്ദേഹം ജോലി ആരംഭിച്ചു.
'നവയോഗ ആയുര്‍വേദ'
വര്‍ഷങ്ങള്‍ നീണ്ട ജോലി, തുടര്‍ന്ന് വിരമിക്കാന്‍ മൂന്നുവര്‍ഷം ബാക്കിനില്‍ക്കെ മാതാപിതാക്കള്‍ക്ക് സുഖമില്ലാതെ വന്നതോടെ അവരെ ശുശ്രൂഷിക്കാന്‍ വോളണ്ടറി റിട്ടയര്‍മെന്‍റ് എടുത്ത് ഗോപിനാഥകുറുപ്പ് നാട്ടില്‍ വന്നു. അപ്പോഴാണ് 'നവയോഗ ആയുര്‍വേദ' എന്ന പേരില്‍ ഒരു ചികിത്സാകേന്ദ്രം അദ്ദേഹം ആരംഭിച്ചത്. ആയുര്‍വേദത്തോട് കുഞ്ഞുനാള്‍ മുതല്‍ക്കേ ഇഷ്ടവും വിശ്വാസവും ഉണ്ടെങ്കിലും തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമേരിക്കയില്‍ വെച്ച് തനിക്കുണ്ടായ ഒരു വാഹനാപകടത്തിലൂടെയാണ് അദ്ദേഹത്തിനത് വര്‍ദ്ധിച്ചത്. എല്ലുപൊട്ടി എട്ടൊമ്പത് ദിവസം ഐ.സി.യുവിലായിരുന്ന ഗോപിനാഥകുറുപ്പിന് ഫിസിയോതെറാപ്പി അടക്കം പലതും ചെയ്തിട്ടും ആ വേദന ഒഴിയാബാധയായി തുടര്‍ന്നു. തുടര്‍ന്നാണ് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് കൊല്ലത്തുള്ള പാരമ്പര്യവൈദ്യരെ ചെന്ന് കാണുന്നത്. കണ്ണന്‍ വൈദ്യര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വൈദ്യരുടെ തൈലം പുരട്ടിയുള്ള തിരുമ്മല്‍കൊണ്ട് വര്‍ഷങ്ങളോളം ഗോപിനാഥകുറുപ്പ് കൊണ്ടുനടന്ന വേദന ശമിച്ചു. ആ തൈലം വിപണിയില്‍ എത്തിക്കാനായിരുന്നു സംരംഭകനായതോടെ അദ്ദേഹത്തിന്‍റെ ആദ്യ പദ്ധതി.
തന്‍റെ നാലേക്കര്‍ സ്ഥലവും വീടും നാട്ടുകാര്‍ക്കുകൂടി പ്രയോജനപ്പെടുത്താം എന്ന് കരുതി നവയോഗ എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് അദ്ദേഹം ഒരു ചികിത്സാകേന്ദ്രത്തിന് തുടക്കം കുറിച്ചു. ആയുര്‍വേദസസ്യങ്ങളും മറ്റും നട്ടുപിടിപ്പിച്ച്,അതില്‍നിന്നാണ് ഇവിടേക്ക് വേണ്ട മരുന്നുണ്ടാക്കുന്നത്. സുഖചികിത്സയ്ക്കായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം ആളുകള്‍ വന്നെത്തുന്നുണ്ട്. ഡോ. അരുണ്‍ കൃഷ്ണയാണ് ഈ സ്ഥാപനത്തിന്‍റെ അഡ്മിനിസ്ട്രേറ്റര്‍. നവയോഗയെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അദ്ദേഹത്തിന്‍റെ സേവനപരത എടുത്തുപറയേണ്ടതാണ്. യോഗയും മെഡിറ്റേഷനും സൗജന്യമായി അഭ്യസിക്കാനുള്ള സംവിധാനവും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവരും കുട്ടികളും മുടങ്ങാതെ യോഗ പ്രാക്ടീസ് ചെയ്യാന്‍ എത്തുന്നുണ്ട്. യോഗ ക്ലാസ് തികച്ചും സൗജന്യമായിട്ടാണ് ഇവിടെ പരിശീലിക്കുന്നത്. 'കാശ്മീരശൈവശം' എന്ന അപൂര്‍വമായ ധ്യാനമാര്‍ഗ്ഗത്തില്‍ പരിശീലനം നല്‍കുന്നത് കാണക്കാരിയിലുള്ള ലെനിന്‍ എന്ന ഗുരുനാഥനാണ്.
സംഘടനാ പ്രവര്‍ത്തനങ്ങള്‍
ചെറുപ്പം മുതല്‍ മനസ്സില്‍ കടന്നുകൂടിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അദ്ദേഹം തുടരുന്നുണ്ട്. അമേരിക്കയില്‍ എത്തിയശേഷം മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ പ്രസിഡന്‍റായിരിക്കെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലും അദ്ദേഹം നടത്തിയിട്ടുണ്ട്. പാലായിലെ പൈക കണ്ണാശുപത്രിയില്‍ തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട് ശസ്ത്രക്രിയ നടത്താന്‍ സാമ്പത്തികം ഇല്ലാതിരുന്ന അനേകര്‍ക്ക് സര്‍ജറിക്ക് ആവശ്യമായ പണം സ്വരൂപിച്ച് നല്‍കിയ അദ്ദേഹം, കിഡ്നി ഫൗണ്ടേഷനില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനും ധനസഹായം നല്‍കാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നടത്തി. ഫോമാ എമ്പയര്‍ റീജിയണല്‍ വൈസ് പ്രസിഡന്‍റ് ആയിരിക്കുമ്പോള്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് മാന്നാറിലെ കടപ്രയില്‍ വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനുള്ള വീടുകള്‍ പണിതു നല്‍കുന്നതിന് കേരളാ ഗവണ്‍മെന്‍റുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ നിയോഗമായിട്ടാണ് അദ്ദേഹം കണ്ടത്.
ജസ്റ്റിസ് ഫോര്‍ ഓള്‍
തോമസ് കൂവള്ളൂരിനൊപ്പം 'ജസ്റ്റിസ് ഫോര്‍ ഓള്‍' എന്ന സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്ത്, അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് സുരേഷ് ഗോപി എം.പിയുടെ സഹായത്തോടെ ഗോപിനാഥകുറുപ്പ് പ്രവാസികളുടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചുകൊണ്ട് ഒ.സി.ഐ. കാര്‍ഡ് ഐഡന്‍റിഫിക്കേഷന്‍ രേഖയായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം വയ്ക്കുകയും അത് നടപ്പിലാകുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ ഉണ്ടായിരിക്കെ അയ്യപ്പ സേവാസംഘത്തിന്‍റെയും എന്‍.ബി.എയുടെയും പ്രസിഡന്‍റായി വന്ന ശേഷമാണ് മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ ആദ്യമായി ഭാഗവത സപ്താഹം, വിവിധ ഹൈന്ദവ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമായി അദ്ദേഹം നടത്തിയത്. ഹൈന്ദവ ഐക്യം സാധ്യമാക്കാന്‍ ഇതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.
സനാതന ധര്‍മ്മ സേവന' പുരസ്കാരം
ചെയ്ത പ്രവര്‍ത്തികളുടെ ഭാഗമായി നീലകണ്ഠ തീര്‍ത്ഥപാദാശ്രമത്തിന്‍റെ 'സനാതന ധര്‍മ്മസേവന' പുരസ്കാരം ലഭിച്ചത് വലിയൊരു അംഗീകാരമായി അദ്ദേഹം കണക്കാക്കുന്നു. 2000-ത്തില്‍ ആരംഭിച്ച കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സജീവം. 2007-ല്‍ വെങ്കിട്ട ശര്‍മ്മ പ്രസിഡന്‍റ് ആയിരിക്കെ ന്യൂയോര്‍ക്കില്‍ വെച്ചുനടന്ന കണ്‍വന്‍ഷനില്‍ ഗോപിനാഥ കുറുപ്പ് ആയിരുന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍. നിലവില്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായ ഇദ്ദേഹത്തിന് 18 വര്‍ഷത്തിനുശേഷം വീണ്ടും ന്യൂയോര്‍ക്കിലേക്ക് ഒരു കണ്‍വന്‍ഷന്‍ സംജാതമാകണമെന്ന ആഗ്രഹമുണ്ട്. സില്‍വര്‍ ജൂബിലി ആഘോഷം എന്നതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് അതിലേക്ക് ഉറ്റുനോക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചതുകൊണ്ട് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനം സാധ്യമാണെന്ന ആത്മവിശ്വാസമാണ് കെഎച്ച്എന്‍എ എന്ന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹത്തിന് ധൈര്യം പകര്‍ന്നത്. ഫുള്‍ടൈം സംഘടനയ്ക്കൊപ്പം അതിന്‍റെ വിജയത്തിനായി എപ്പോഴും ഉണ്ടാവുക എന്നതാണ് ലക്ഷ്യം. ഇരുപത്തിനാലുമണിക്കൂറും അദ്ദേഹത്തിന്‍റെ സേവനം ഇന്നത്തെ സാഹചര്യത്തില്‍ ലഭ്യമാണ്.
പുതുതലമുറയില്‍ സനാതന ധര്‍മ്മത്തെക്കുറിച്ചും സാമൂഹിക മൂല്യങ്ങളെപ്പറ്റിയും കൃത്യമായ ദിശാബോധം സമൂഹത്തിന് നല്‍കാനാണ് ഗോപിനാഥകുറുപ്പ് ഉദ്ദേശിക്കുന്നത്. രാഷ്ട്രത്തിനും സമൂഹത്തിനും ഉതകുന്ന പൗരന്മാരായി അവര്‍ മാറണമെന്നും നമ്മുടെ സംസ്കാരവും പൈതൃകവും നിലനിര്‍ത്തണം എന്നുള്ളതും തന്‍റെ ജീവിത ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് യുവജനങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹം. കുടുംബ ബന്ധങ്ങള്‍ക്ക് നമ്മള്‍ കല്പിക്കുന്ന വില, അടുത്ത തലമുറയും കണ്ടുപഠിക്കാന്‍ അവസരം ഒരുക്കണമെന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ആര്‍ക്കുമേലും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്നതാണ് മറ്റൊരു ധര്‍മ്മമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനസ്സിനോട് വിശദീകരണം തേടിയ ശേഷം ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ആരുടേയും വിശ്വാസങ്ങളെ കുറച്ചുകാണരുത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും ഗോപിനാഥകുറുപ്പ് പറയുന്നു.
സസ്യാഹാരി
തികഞ്ഞ സസ്യാഹാരി ആയ ഗോപിനാഥകുറുപ്പ് വെജിറ്റേറിയനിസം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങള്‍ ജേര്‍ണലുകള്‍ എഴുതാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ മാംസാഹാരം അധികവും 'ഫ്രോസണ്‍' രൂപത്തിലാണ് ലഭിക്കുന്നത്. പഴകിയ ഇറച്ചി കഴിക്കുന്നതിലൂടെ പലവിധ രോഗങ്ങള്‍ ഉണ്ടാകുമെന്നു മനസ്സിലാക്കിയതാണ് പൂര്‍ണ്ണമായും സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിച്ചത്. അമേരിക്ക പോലെ ഒരു രാജ്യത്ത് ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുവാന്‍ സാധിക്കുന്നത് ഭാരതം പഠിപ്പിച്ച ധര്‍മ്മശാസ്ത്രമാണെന്നു അദ്ദേഹം പറയുന്നു.
യോഗ - ഒരു വര്‍ക്ക് ഇന്‍
യോഗ ജീവിതത്തിന്‍റെ ഭാഗമാക്കിയ വ്യക്തി കൂടിയാണ് ഗോപിനാഥ കുറുപ്പ്. യോഗ ഒരു വര്‍ക്ക് - ഔട്ടല്ല, അത് ഒരു വര്‍ക്ക് - ഇന്‍ ആണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അത് നമ്മുടെ ഹൃദയം തുറക്കുവാന്‍ നമ്മെ സഹായിക്കുന്നു. മനസ്സിലേക്ക് ആത്മീയതയെ ആവാഹിക്കുവാനുള്ള ശക്തി യോഗയ്ക്ക് ഉണ്ട്. നമ്മള്‍ ആരാണെന്ന് അറിയുവാന്‍ യോഗ പരിശീലനത്തിലൂടെ സാധിക്കും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നാം സെന്‍സിറ്റീവ് ആയിരിക്കുവാന്‍ ശ്രമിക്കുക. അതാണ് യോഗ. ആരോഗ്യമുണ്ടാവുക എന്നതാണ് ജീവിത വിജയത്തിന്‍റെ ഒരു ഘടകം. ആരോഗ്യത്തോടെയിരിക്കാന്‍ യോഗ സഹായിക്കുന്നു എന്നുകൂടി അദ്ദേഹം പറഞ്ഞു വെയ്ക്കുമ്പോള്‍ അദ്ദേഹം തന്‍റെ ജീവിതചര്യയില്‍ എത്ര ശ്രദ്ധിക്കുന്നു എന്ന് വ്യക്തം.
കുടുംബം
ഭാര്യയും രണ്ട് ആണ്‍മക്കളൂം, രണ്ട് പെണ്‍മക്കളും അടങ്ങുന്ന സന്തുഷ്ടമായ കുടുംബമാണ് ഗോപിനാഥകുറുപ്പിന്‍റെത്. മക്കള്‍ അമേരിക്കയില്‍ തന്നെ ജനിച്ചുവളര്‍ന്നവരാണ്. ഭാര്യ ഓമന റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്നു. മൂത്ത മകന്‍ ഹരിദാസ് ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ ശ്രീപ്രിയയ്ക്ക് കണക്ടിക്കട്ടില്‍ ഫാര്‍മസി രംഗത്താണ് ജോലി. ഇളയമകള്‍ ദേവിപ്രിയ ബി.എസ്.സി ബയോളജി പൂര്‍ത്തിയാക്കി. ഇളയ മകന്‍ ജയനാഥ് അടുത്ത വര്‍ഷം പൈലറ്റായി ഗ്രാജുവേറ്റ് ചെയ്യും.
വര്‍ത്തമാനവും ഭാവിയും
മക്കള്‍ വിദേശത്തേക്ക് പറക്കുന്നതോടെ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നത് ഗോപിനാഥ കുറുപ്പ് നേരിട്ട് കണ്ടറിഞ്ഞതാണ് അതുകൊണ്ടുതന്നെ, അമേരിക്കയിലെ നഴ്സിംഗ് ഹോമുകള്‍ക്ക് തത്തുല്യമായ വയോജന പരിപാലന കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അങ്ങനൊരു സ്ഥാപനം കേരളത്തിലും അമേരിക്കയിലും തുടങ്ങണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. പ്രായാധിക്യത്തിന്‍റെ പേരില്‍ ആരും ഒറ്റപ്പെടരുതെന്നും കൈയ്യൊഴിയപ്പെടരുതെന്നുമാണ് അദ്ദേഹം കരുതുന്നത്. ഇതിനുവേണ്ടി തന്‍റെ ജീവിതത്തിലെ സായാഹ്നങ്ങളെ വിനിയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കൂടെ സനാതന ധര്‍മ്മത്തിന്‍റെ മഹത്വം പുതുതലമുറയെ പഠിപ്പിക്കാനും അവരിലേക്ക് പകരാനും അദ്ദേഹം ആഗ്രഹിക്കുന്നു. സനാതന ധര്‍മ്മം എല്ലാ മനുഷ്യ ജാതികള്‍ക്കും സകല ജീവജാലങ്ങള്‍ക്കും വൃക്ഷലതാദികള്‍ക്കും പ്രകൃതിയ്ക്കും തുല്യമായുള്ളതാണ്. പഞ്ച ഭൂതങ്ങളടങ്ങിയ ഈ മണ്ണിനും ഭൂമിക്കും സനാതന ധര്‍മ്മത്തില്‍ വലിയ പങ്കുണ്ട്. ധര്‍മ്മം മാര്‍ഗ്ഗദീപമായിക്കൊണ്ട് സന്മാര്‍ഗ നിയമങ്ങളെയും അത് കാത്തു സൂക്ഷിക്കുന്നു. ഈ കാത്തു സൂക്ഷിപ്പ് വരുന്ന തലമുറയിലേക്ക് തുടരേണ്ടതുണ്ട്. അതിന് തയ്യാറെടുക്കുകയാണ് ഗോപിനാഥകുറുപ്പ്.