PRAVASI

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

Blog Image

തിരുവനന്തപുരം:തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) അധ്യക്ഷനായും, മൂന്നുതവണ രാജ്യസഭാംഗമായും, രണ്ടുതവണ അടൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ച തെന്നല, കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
ഗ്രൂപ്പുപോരുകളില്‍ പാര്‍ട്ടിക്ക് ശ്വാസം മുട്ടുമ്പോള്‍ ജീവശ്വാസം പകര്‍ന്ന നേതാവായിരുന്നു കോണ്‍ഗ്രസില്‍ തെന്നല ബാലകൃഷ്ണപിള്ള. സൗമ്യവും ആദര്‍ശധീരവുമായ രാഷ്ട്രീയ ജീവിതം. ബൂത്ത് പ്രസിഡന്‍റില്‍ നിന്ന് കെപിസിസി പ്രസിഡന്‍റുവരെ പടിപടിയായെത്തിയ സംഘടനാ പ്രവര്‍ത്തനം അദ്ദേഹത്തെ എംഎല്‍എയും രാജ്യസഭാ അംഗവുമാക്കി.വെട്ടുംകുത്തും നിറഞ്ഞാടിയ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിവുണക്കാന്‍ കുറിക്കപ്പെട്ട മരുന്നായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടുന്ന യുദ്ധസമാനമായ പൊട്ടിത്തെറികളെ ശമിപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയമുഖം. തെന്നല ബാലകൃഷ്ണപ്പിള്ളയെന്തിനേക്കാള്‍ ഈ മനുഷ്യന്‍ ഉച്ഛരിക്കപ്പെട്ടത് തെന്നല കമ്മിറ്റി എന്നായിരിക്കും. പ്രശ്നപരിഹാരങ്ങള്‍ക്കായി പാര്‍ട്ടി കൊണ്ടുനടന്ന ഒറ്റമൂലിയായിരുന്നു തെന്നല. പതിനേഴ് ഏക്കര്‍ സ്വത്തുമായാണ് രാഷ്ട്രീയം തുടങ്ങുന്നത്. അത് പതിനാല് സെന്‍റിലേക്ക് വിറ്റുതീര്‍ന്നതാണ് ഈ ഗാന്ധിയന്‍റെ രാഷ്ട്രീയ ആദര്‍ശത്തിനുള്ള തെളിവ്. കൊല്ലം ശൂരനാട്ടെ സമ്പന്ന കുടുംബത്തിലായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം. കോണ്‍ഗ്രസില്‍ പുളിക്കുളം ബൂത്ത് പ്രസിഡ‍ന്‍റായി രാഷ്ട്രീയത്തിന് തുടക്കം. പിന്നീട് പടിപടിയായി മണ്ഡലം, ബ്ലോക്ക്, ഡിസിസി അധ്യക്ഷ പദവികളിലേക്ക്. അഞ്ചു തവണ അടൂരില്‍ മത്സരിച്ചു. രണ്ടു തവണ എംഎല്‍എയായി. മൂന്ന് തവണ രാജ്യസഭാ സീറ്റുകിട്ടി. രണ്ട് പ്രാവശ്യം കെപിസിസി അധ്യക്ഷനായി.

2001 ല്‍ നൂറുസീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷക്കസേരയില്‍ തെന്നലയായിരുന്നു. ആന്‍റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കരുണാകരന്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ കെ മുരളീധരന്‍ കെപിസിസി അധ്യക്ഷനായി. ഒരു നന്ദിപോലും പറയാതെ അധ്യക്ഷക്കസേരയില്‍നിന്ന് ഇറക്കിവിട്ടതാണ് ചരിത്രത്തില്‍ തെന്നലയോട് കോണ്‍ഗ്രസ് ചെയ്ത നന്ദികേട്. പക്ഷേ 2004 ല്‍ വീണ്ടും പ്രസിഡന്‍റാക്കി അതിന് പ്രായശ്ചിത്തം ചെയ്തു കോണ്‍ഗ്രസ് ദേശീയനേതൃത്വം. ഒരിക്കലും ഒന്നിലും പരാതിയുണ്ടായിരുന്നില്ല തെന്നലയ്ക്ക്. 82 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് എംപി ഗംഗാധരന്‍ രാജിവച്ചപ്പോള്‍ തെന്നല മന്ത്രിയാകേണ്ടതായിരുന്നു. അന്ന് രമേശ് ചെന്നിത്തലയ്ക്കായി കരുണാകരന്‍ വഴിവെട്ടി. പിന്നീട് 91 ല്‍ രാജ്യസഭാ സീറ്റുനല്‍കിയാണ് ആ കടവും കോണ്‍ഗ്രസ് വീട്ടിയത്. ത്യാഗപൂര്‍ണവും ആദര്‍ശധീരവുമായൊര രാഷ്ട്രീയ യാത്രയ്ക്ക് സമാപനം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.