തൃശൂർ: നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ (ഒക്ടോബർ 16) കേരളത്തിലെത്തും. തൃശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ അദ്ദേഹം അതിഥിയായി പങ്കെടുക്കും. മുൻവർഷങ്ങളിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കേരളത്തിലേക്ക് എത്തുന്നതിന് മുൻപ് കോയമ്പത്തൂരിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിലും വിജയ് പങ്കെടുക്കും. കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 16) അദ്ദേഹം നിർവഹിക്കും. കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം അവിടെ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് അദ്ദേഹം തൃശൂരിലേക്ക് എത്തുന്നത്.

