2025-ലെ ഐ.പി.എൽ ഫൈനൽ അതിൻ്റെ അവസാന നിമിഷങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. വിരാട് കോഹ്ലി ബൗണ്ടറിയുടെ സമീപത്ത് ഫീൽഡ് ചെയ്യുകയായിരുന്നു. ആർ.സി.ബി-യുടെ വിജയം ഉറപ്പായിക്കഴിഞ്ഞിരുന്നു. വേലിയുടെ പുറത്ത് നിന്നിരുന്ന എ.ബി ഡിവില്ലിയേഴ്സിനുനേർക്ക് വിരാട് വിരൽ ചൂണ്ടി. വിരാട് പറയാതെ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുമായിരുന്നു-
''ഡിയർ എ.ബി ; ഈ കിരീടം നിങ്ങളുടേത് കൂടിയാണ്...!''
ആർ.സി.ബിയുടെ ജയം പൂർത്തിയായപ്പോൾ വിരാട് പൊട്ടിക്കരഞ്ഞു. പിന്നീട് അയാൾ ഡിവില്ലിയേഴ്സിനെ വാരിപ്പുണർന്നു. ഡിവില്ലിയേഴ്സ് ആർ.സി.ബി ജഴ്സി ധരിച്ചു! അതിവൈകാരികമായ നിമിഷങ്ങൾ...!!
അതെല്ലാം കണ്ടപ്പോൾ എൻ്റെ ഓർമ്മകൾ ഒമ്പത് വർഷങ്ങൾ പുറകിലേയ്ക്ക് സഞ്ചരിച്ചു. 2016-ലെ ഐ.പി.എല്ലിലെ കൊൽക്കത്ത-ബാംഗ്ലൂർ മത്സരമാണ് മനസ്സിൽ തെളിഞ്ഞത്. ഒരു ക്യാച്ച് ഡൈവ് ചെയ്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വിരാടിൻ്റെ ഇടതുകൈയ്യിന് പരിക്കേറ്റു. മത്സരശേഷം വിരാട് പറഞ്ഞു-
''എൻ്റെ കൈയ്യിൽ തുന്നലുകൾ ഇടേണ്ടിവന്നാലും കുഴപ്പമില്ല. ആർ.സി.ബി പ്ലേ ഓഫിൽ പ്രവേശിക്കുക എന്നതാണ് പ്രധാനം...!''
ആർ.സി.ബി-യുടെ അടുത്ത മത്സരം പഞ്ചാബിനെതിരെയായിരുന്നു. ഇടതുകരത്തിൽ ഒമ്പത് സ്റ്റിച്ചുകളുമായി പോരിനിറങ്ങിയ വിരാട് 50 പന്തുകളിൽ നിന്ന് 113 റൺസ് അടിച്ചുകൂട്ടി!! ബാംഗ്ലൂർ 82 റൺസിൻ്റെ കൂറ്റൻ ജയം നേടി!! അക്കാര്യം ആലോചിക്കുമ്പോൾ ഇന്നും രോമാഞ്ചമുണ്ടാവാറുണ്ട്!!
2016-ലെ വിരാട് കോഹ്ലിയുടെ ബാറ്റിങ്ങ് ഫോം സമാനതകളില്ലാത്തതായിരുന്നു. അയാളുടെ ഇടതും വലതുമായി എ.ബി ഡിവില്ലിയേഴ്സും ക്രിസ് ഗെയിലും ഉണ്ടായിരുന്നു. പക്ഷേ ആ സ്വപ്നസംഘത്തിന് ഫൈനലിൽ കാലിടറി. വിരാട്-ഗെയ്ൽ-എ.ബി ത്രയം ട്രോഫി അർഹിച്ചിരുന്നു.
ക്രിക്കറ്റ് ഒരു ക്രൂരമായ ഗെയിമാണെന്ന് ചിലപ്പോൾ തോന്നും. കരൺ ശർമ്മ പല ടീമുകളിലായി പലതവണ ഐ.പി.എൽ ട്രോഫി ജയിച്ചു. പക്ഷേ ഇതിഹാസതാരമായ വിരാടിന് ഒരിക്കൽപ്പോലും പിടിനൽകാതെ ആ കനകക്കിരീടം മാറിനില്‍ക്കുകയായിരുന്നു. അതിനെ അനീതി എന്നല്ലാതെ വേറെന്ത് വിശേഷിപ്പിക്കാനാണ്..!?
ഫൈനലിൽ ശ്രേയസ് അയ്യരുടെ പടയെ കീഴടക്കിയതിനുശേഷം കണ്ണുനീരിൻ്റെ നനവോടെ വിരാട് ഉരുവിട്ടു-
''ഈ ഫ്രാഞ്ചെസിയ്ക്ക് ഞാൻ എല്ലാം നൽകി. എൻ്റെ ചെറുപ്പം...എൻ്റെ പ്രതാപം...എൻ്റെ പരിചയസമ്പത്ത്... അങ്ങനെ എല്ലാം...!!''
2008-ലെ അണ്ടർ 19 ലോകകപ്പ് വിജയിച്ച നായകനായിരുന്നു വിരാട്. അതിനുപിന്നാലെയാണ് ആദ്യ ഐ.പി.എൽ താരലേലം വന്നത്. തലസ്ഥാന നഗരത്തിൻ്റെ സന്തതിയായിരുന്ന വിരാടിനെ ഡെൽഹി ഡെയർഡെവിൾസ് സ്വന്തമാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ ഡെൽഹി പ്രദീപ് സാംഗ്വാനുവേണ്ടിയാണ് പണമെറിഞ്ഞത്!
അങ്ങനെയാണ് വിരാട് ബാംഗ്ലൂർ ക്യാമ്പിലെത്തിയത്. പിന്നീട് വിരാട് വെളിപ്പെടുത്തി-
''ബംഗളൂരൂ എൻ്റെ രണ്ടാമത്തെ വീടല്ല. അത് എൻ്റെ വീട് തന്നെയാണ്...!!''
18 നീണ്ട വർഷങ്ങൾ...വിരാട് ഒഴുക്കിയ അസംഖ്യം വിയർപ്പുതുള്ളികൾ...നേരിട്ട അപമാനങ്ങളും ട്രോളുകളും..എല്ലാറ്റിനും അവസാനമായിരിക്കുന്നു...!!
ഹർഷ ഭോഗ്ലെയുടെ പ്രശസ്തമായ ഒരു വാചകമുണ്ട്-
''സച്ചിൻ തെൻഡുൽക്കർ ലോർഡ്സിൽ സെഞ്ച്വറി അടിച്ചിട്ടില്ല. അത് ആരുടെ നഷ്ടമാണ്? സച്ചിൻ്റെയോ അതോ ലോർഡ്സിൻ്റെയോ...!!?"
സമാനമായ ചോദ്യം ഇവിടെയും ഉന്നയിക്കാം. ഇത്രയും കാലത്തെ ട്രോഫി വരൾച്ച സത്യത്തിൽ ആരുടെ നഷ്ടമായിരുന്നു? വിരാടിൻ്റെയോ അതോ ഐ.പി.എല്ലിൻ്റെയോ..!!?"
ഐ.പി.എൽ ട്രോഫി വിരാടിനെ നേടിയിരിക്കുന്നു. അതാണ് ശരി! അത് മാത്രമാണ് ശരി!!

സന്ദീപ് ദാസ്

