യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍. ലോകം മുഴുവന്‍ അദ്ഭുതത്തോടെയാണ് വിശ്വാസിനെ നോക്കുന്നത്. എമര്‍ജന്‍സി ഡോറിന് സമീപമുള്ള സീറ്റില്‍ ഇരുന്നതാണ് ഈ രക്ഷപ്പെടലിന് കാരണം. 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യല്‍ സീറ്റാണ്.
11 A സീറ്റിന്റെ പ്രത്യേകതകള്‍
വിമാനത്തില്‍ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമര്‍ജന്‍സി വാതിലുണ്ട് എന്നാതാണ് ഇതിന്റെ പ്രത്യേകത. രണ്ടു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാം. വിമാനത്തില്‍ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപ്പെടാനാണ് ഈ സംവിധാനം. ഫ്‌ലൈറ്റ് റൂള്‍ അനുസരിച്ച് ഈ സീറ്റില്‍ യാത്രക്കാരില്ലാതെ പറക്കാന്‍ കഴിയില്ല. എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ ഡോര്‍ തുറക്കാനാണ് ആ സീറ്റില്‍ യാത്രക്കാരനെ ഉറപ്പാക്കുന്നത്.
ശാരീരിക ക്ഷമതയുള്ള വിവധ ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരാളെയാകും ജീവനക്കാര്‍ ഇതിനായി തിരഞ്ഞടുക്കുക. കുട്ടികളുള്ളവര്‍, ഗര്‍ഭിണികള്‍, വളര്‍ത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവര്‍ ഇവര്‍ക്കൊന്നും ഈ സീറ്റില്‍ ഇരിക്കാന്‍ അനുമതിയില്ല. എമര്‍ജന്‍സി സംഭവിച്ചാല്‍ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാല്‍ ഇത് പ്രീമിയം സീറ്റായി നല്‍കാറുണ്ട്.
ഈ സീറ്റിലിരുന്ന വിശ്വാസ് വിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് പറയുന്നത് ഇങ്ങനെയാണ്.
“ഞാന്‍ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാന്‍ പുറത്തേക്ക് ചാടി. ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാന്‍ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ അതിലൂടെ പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു. ആര്‍ക്കും അതുവഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കൈയില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുമ്പില്‍വെച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്”. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിശ്വാസ് കുമാര്‍.

