PRAVASI

വിപിനചന്ദ്രികാന്യായം

Blog Image

ആണ്ടിന്റെ ആരംഭത്തിൽത്തന്നെ ശേഷിക്കുന്ന ആയുസ്സു സത്യത്തിനും ശ്രേഷ്ഠമായതിനും നീതിക്കും ന്യായത്തിനും നിർമ്മലമായകാര്യങ്ങൾക്കും അഭിരാമമായതിനും ദുഷ്കീർത്തിയായതു വരാതെ സൽഗുണപ്രീയരായി യോഗ്യമായതൊക്കെയും ചെയ്തു എവിടേയും യോഗ്യന്മാരായി ജീവിക്കു വാൻ ആഗ്രഹിക്കുന്നതും മാത്രമല്ല അതിനായി തീരുമാനിച്ച്‌ അതിൽതന്നെ ഉറച്ചുനിന്നു പ്രവർത്തിക്കുന്നതിനുമുള്ള സമർപ്പണം നമുക്കേവർക്കും അത്യാവശ്യമായിരിക്കുന്നു. സംഭവബഹുലമായ ഈക്കഴിഞ്ഞ വർഷവും നമ്മേ ജോയോത്സവമായി  പരിപാലിച്ച ദൈവത്തോട് നാം എത്രയധികം കട പ്പെട്ടിരിക്കുന്നു! കൂടാതെ നമുക്ക് സഹായമായിരുന്ന ആരൊക്കെയുണ്ടോ അവരോടെല്ലാം നാം നന്ദിയുള്ളവരല്ലേ? ആത്മാർത്ഥത ഒട്ടുമേയില്ലാതെ കാര്യങ്ങൾ നേടിയെടുക്കുവാൻ നമ്മോട് ചങ്ങാത്തം അഭിനയിച്ച പലരേയും നാം കഴിഞ്ഞ ആണ്ടിലും കണ്ടിട്ടുണ്ടായിരിക്കും? എന്നാൽ ഒട്ടും പ്രതിഫലം നോക്കാതെ ചുരുക്കം ചില അഭ്യുതകാംഷികൾ ഇന്നും നമ്മുടെ നന്മക്ക് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നുണ്ടന്നുള്ള സത്യം മറക്കാതിരിക്കുക. 

അന്യായങ്ങളെ ന്യായീകരച്ചും വാദിച്ചും ന്യായങ്ങളാക്കാൻ ബദ്ധപ്പെടുന്നവരെ നിങ്ങൾ അടുത്തകാലത്തെന്നെങ്കിലും കണ്ടിട്ടോ? സാധ്യതകൾ  കുറവാണു.  കാരണം അധികം പേരും സ്വയം കാണുന്നില്ലല്ലോ! നാം ചിന്തിച്ചിട്ടുണ്ടോ, ഞാൻ എന്തിനാണ് ഇത്രേയും വിദ്യാസമ്പന്നൻ ആയതു? അനേകം ലക്ഷങ്ങളുടെ അധിപതിയായതു? എന്നെപോലെ വാക്‌സാമർഥ്യം മറ്റുപലർക്കും ഇല്ലെന്ന് സ്വയം അഭിമാനിക്കുമ്പോഴും ഏതെങ്കിലും എന്റെ വാക്കുകൾ ആർക്കെങ്കിലും ആശ്വാസമായി ഭവിച്ചിട്ടുണ്ടോ? പകരം എത്രയോ അവസ്സരങ്ങൾ നമ്മുടെ വാക്കുകൾ കോടാലികളായി മറ്റുള്ളവരുടെ മേൽ പതിച്ചിരിക്കുന്നു? എത്രയോ നിരപരാധികൾ അതിനാൽ സംഭവിച്ച മാനഹാനി നിമിത്തം അർഹമായ പലതും വേണ്ടാന്ന് വച്ചും  ഒറ്റപ്പെട്ടും കഴിഞ്ഞി ട്ടും  അതിൽ അഭിമാനം കൊള്ളുന്ന ഈ " കോടാലിവാഹികൾ"  നക്ഷത്രങ്ങളും മറ്റും കെട്ടിത്തൂക്കിയനന്തരം "ഭൂമിയിൽ ദൈവപ്രസാദ മുള്ളവർക്ക് സമാധാനമെന്നു" വിളിച്ചു കൂവുന്നത് കേൾക്കുമ്പോൾ പലരുടേയും ഉള്ള സന്തോഷം കൂടെ നഷ്ടപ്പെടുകയാണോ? 

ഇന്നത്തെ മഞ്ജുളചിന്തയുടെ ശീർഷകം അതാണ് ഉദ്ദേശിക്കുന്നത്. കാട്ടിൽ നിലാവ് ഉദിച്ചാൽ ആർക്കെന്തു പ്രയോജനം എന്നാണ് "വിപിന ചന്ദ്രികാ ന്യായം" എന്നത് കൊണ്ടർത്ഥമാക്കുന്നതു. കാനനജീവികൾക്കു നിലാവ് എത്രമാത്രം ആഹ്ളാദകരമായിരിക്കും എന്നത് വിശദീകരിക്കുവാൻ ഞാൻ പ്രാപ്തനല്ല. എന്നാൽ നാട്ടിൽ നിലാവ് ഉദിച്ചാൽ അത് മാനം മര്യാദക്ക് ജീവിക്കുന്ന ഏവർക്കും ആഹ്ലാദമാണ് അപ്പോൾ തന്നെ ആസ്വാദ്യവുമാണ്. സുന്ദരവസ്തുക്കൾ പ്രയോജനമില്ലാതെ പോകുന്നുയെന്നും  ഈ ചിന്തക്ക് അർത്ഥമുണ്ട്. കേട്ടിട്ടില്ലേ "കുരങ്ങിന്റെ കൈയ്യിൽ കിട്ടിയ പൂമാല പോലെ"
പലരും സമർദ്ധരോ സമ്പന്നരോ ആയിട്ടും സഹൃദയരല്ലാത്തതിനാൽ വനത്തിൽ ഉദിച്ച നിലാവിന് സമാനം തന്നെ. ആർക്കും ഒരു പ്രയോജനവുമില്ല. ഇനിയെങ്കിലും ഒരു ചെറിയ ഫ്ലാഷ് (ടോർച്ച്) ലൈറ്റായിട്ടെങ്കിലും മാറിയിരുന്നെങ്കിൽ? ഫ്യുസ്സാകുന്നതിനെമുന്നമേ നമുക്ക് ഒന്ന് പ്രകാശിക്കാം. മറ്റുള്ളവർക്കും കൂടി പ്രയോജനമുള്ളവരായിത്തീരാം. നവവൽസരത്തിൽ ആരുടെമേലും നുകം വയ്ക്കാതെ നമ്മുടെ വാക്കും നാക്കും ആശ്വാസമായി തീരട്ടെ. ഏവർക്കും നിലാവ്‌നിറഞ്ഞ നവവൽസ്സരം! 

പാസ്റ്റർ ജോൺസൺ സഖറിയ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.