മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡൻ്റായ ഈ യുവാവിനെക്കുറിച്ച് അന്വേഷിച്ചാൽ അറിയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നല്ല കാര്യങ്ങൾ മാത്രം.
നാൽപത് വയസിനിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങളിൽ പ്രവർത്തിച്ചുകഴിഞ്ഞ് നാല് കൊല്ലമായി മലപ്പുറം ഡി.സി.സി പ്രസിഡൻ്റായി പ്രവർത്തിക്കുന്നു, ജോയ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരാൻ സാദ്ധ്യതയുള്ളയാളായി ജോയ്‌യുടെ പേരും ചർച്ചചെയ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥിയാകാൻ പരമയോഗ്യനായ നേതാവ് തന്നെയാണ് ജോയ്. എന്നാൽ ഒരു നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ യോഗ്യതകളും മഹത്വവും ഇന്നലെ മുതൽ കേരളം കൂടുതൽ അറിയുകയാണ്. ശ്രദ്ധിക്കുകയാണ്.
ഇന്നലെ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ വി.എസ്. ജോയ് നിരാശനാകുമെന്ന് പലരും കരുതി. ജോയ് പരിഭവിക്കുമെന്ന് പലരും ആഗ്രഹിച്ചു. കോൺഗ്രസിൽ അപസ്വരങ്ങൾ ഉണ്ടാകുമെന്ന് പലരും കൊതിച്ചു. സ്വപ്നം കണ്ടു. പക്ഷേ, അവർക്കെല്ലാം കടുത്ത നിരാശ നൽകുന്നതായിരുന്നു വി.എസ്. ജോയ്‌യുടെ ജോയ്ഫുൾ മുഖം.
കോൺഗ്രസിൽ നിന്ന് മതില് ചാടിപ്പോയിട്ട് അടുത്ത നിമിഷം പത്രസമ്മേളനം നടത്തി 'പാർട്ടി എന്നെ ചതിച്ചേ, ദയവായി എനിക്കാരെങ്കിലും സീറ്റ് തരൂ, രക്ഷിക്കൂ' എന്ന് നിലവിളിച്ച് നെഞ്ചിലടിച്ച് കരഞ്ഞ ചില 'നവഗാന്ധിയന്മാരെയും' കോൺഗ്രസ് പാർട്ടിയും പൊതുജനങ്ങളും കണ്ടിട്ടുണ്ട്. പോയത് കോൺഗ്രസ് പാർട്ടിയിൽ നിന്നായതിനാൽ ശരീരത്തിൽ 51 വെട്ട് കിട്ടാത്ത രക്ഷപ്പെട്ട ത്യാഗികൾ.
അഭിപ്രായ വ്യത്യാസങ്ങളാൽ പാർട്ടി മാറിപ്പോകുന്നവർ ഉണ്ട്. അത് സഹിക്കാം. പക്ഷേ ആർത്തി മൂലവും വയിറ്റിപ്പിഴപ്പിനായും പാർട്ടി മാറുന്നവർ രാഷ്ടീയത്തിലെ മാലിന്യങ്ങളാണ്. എത്ര സംസ്കരിച്ചാലും ദുർഗന്ധം മാറാത്ത മാലിന്യങ്ങൾ. അത്തരം പ്രവർത്തനങ്ങൾ നാടിനും ജനാധിപത്യത്തിനും ദോഷമാണ്.
കോൺഗ്രസിൽ നിന്ന് കാലുമാറിയവർ മാത്രമല്ല ജോയ്‌യെ കണ്ട് നന്നാകേണ്ടത്. എല്ലാ പാർട്ടികളിലെയും ഭാഗ്യാന്വേഷികൾ ജോയ്‌യെ ശ്രദ്ധിക്കണം. ഒരു നല്ല രാഷ്ട്രീയ നേതാവിൻ്റെ ഇൻ്റഗ്രിറ്റി ജോയ് യുടെ വാക്കുകളിലും ശരീരഭാഷയിലും വ്യക്തമായി കാണാം. കേരളത്തിലെ ചെറുപ്പക്കാർക്ക് ജോയ് ഒരു മാതൃകയാണ്.
രാഷ്ട്രീയം പൊതുപ്രവർത്തനമാണെന്നും വയറ്റിപ്പിഴപ്പല്ലെന്നും നാട്ടിലെ യുവാക്കൾ തിരിച്ചറിയണം. നേതൃത്വത്തിലെത്തുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമൊക്കെ ജനാധിപത്യത്തിൻ്റെ ഭാഗമാണ്. അത് നാട്ടിൽ ആവശ്യമാണ്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ള സംവിധാനങ്ങളുടെ ഭാഗമാണതെല്ലാം. രാജ്യനന്മയ്ക്കായാണ് അതെല്ലാം. അല്ലാതെ, മത്സരപ്പരീക്ഷ നടത്തി ജോലി നേടുന്നതുപോലെയല്ല രാഷ്ട്രീയം. നാടിന് വേണ്ടി നഷ്ടങ്ങൾ സഹിച്ച് നിൽക്കാൻ താല്പര്യവും തയ്യാറെടുപ്പുമുള്ളവരാണ് രാഷ്ട്രീയത്തിൽ വേണ്ടത്. മറിച്ച്, അദ്ധ്വാനം വിതയ്ക്കാനും ഭാഗ്യം കൊയ്യാനും ശ്രമിക്കുന്നവരല്ല വേണ്ടത്.
ഇന്ന് കാലത്തും ടെലിവിഷൻ വാർത്ത കണ്ടു. ജോയ്‌യെക്കൊണ്ട് എന്തെങ്കിലും പരിഭവം പറയിക്കാൻ ടെലിവിഷൻ അവതാരകർ ശ്രമിക്കുന്നു. ആ കെണിയിലൊന്നും വീഴാതെ ജോയ് സംസാരിക്കുന്നു. അദ്ദേഹം പറഞ്ഞ ചില വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു. രണ്ട് സ്ഥാനാർത്ഥികളെ കോൺഗ്രസ് പരിഗണിച്ച കാര്യം അദ്ദേഹത്തോട് ചോദിച്ചു. ഒരു ഡസൻ സ്ഥാനാർത്ഥികളെ പരിഗണിച്ച സി.പി.എമ്മിനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും പറയാന്നില്ലേ എന്ന് ജോയ് തിരികെ ചോദിച്ചു. ഞങ്ങൾക്ക് സ്ഥാനാർത്ഥിയുണ്ട്, സി.പിഎമ്മിന് ഇല്ല. അതല്ലേ ചർച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
ആർക്കെങ്കിലും എം.എൽ.എയും മന്ത്രിയുമാകാൻ വേണ്ടിയല്ല രാജ്യത്ത് നമ്മൾ ജനാധിപത്യം കാത്തുസൂക്ഷിക്കുന്നത്. ജനാധിപത്യം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അവസരങ്ങൾ മാത്രമാണ് സ്ഥാനങ്ങൾ. സേവനത്തിനുള്ള അവസരങ്ങളാണവ. അവയെ അധികാരപ്രയോഗത്തിനുള്ള ആയുധങ്ങളായി തെറ്റിദ്ധരിച്ച രാഷ്ട്രീയ നേതാക്കളാണ് ജനങ്ങളുടെ മുകളിൽ അധികാരം ആഗ്രഹിക്കുന്നത്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നത്.
ജോയ്, താങ്കൾ ഒരു പ്രതീക്ഷയാണ്. രാഷ്ട്രീയത്തിലെ മാന്യതയുടെയും ജനാധിപത്യത്തിലെ അന്തസിൻ്റെയും. മലപ്പുറത്തിൻ്റെയും കോൺഗ്രസിൻ്റെയും മാത്രം പ്രതീക്ഷയല്ല, കേരളത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും പ്രതീക്ഷയാണ്.

